പ്രകൃതിപരമായ പ്രശ്നങ്ങൾ കാരണം ഈ സമയം വലിയ പ്രതിസന്ധി നേരിടുന്ന ചില സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്.
ദില്ലി: പ്രകൃതിപരമായ പ്രശ്നങ്ങൾ കാരണം ഈ സമയത്ത് സഞ്ചാരികൾ ജാഗ്രത പാലിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ട നിരവധി സ്ഥലങ്ങളുണ്ട്. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീരിലെ അമർനാഥ് യാത്രാ, വാരണാസി തുടങ്ങിയവ ഇപ്പോൾ പര്യവേക്ഷണം ചെയ്യാൻ അനുയോജ്യമായ സമയമല്ല. ഈ സ്ഥലങ്ങളിൽ ശക്തമായ മഴ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിൽ അതിശക്തമായ കാലവർഷമാണ് രേഖപ്പെടുത്തുന്നത്. ഇത് വ്യാപകമായ വെള്ളപ്പൊക്കത്തിനും, മണ്ണിടിച്ചിലിനും, ഗണ്യമായ ജീവഹാനിക്കും കാരണമായിട്ടുണ്ട്. നിരവധി ആളുകളാണ് വിവിധയിടങ്ങളിൽ മരിച്ചത്. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. തുടർച്ചയായ മഴയിൽ ഹൈവേകളും കെട്ടിടങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ പല പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതി തുടരുകയാണ്. സ്ഥിതിഗതികൾ ശാന്തമാകുന്നതു വരെ ഈ മേഖലയിലേക്കുള്ള യാത്രാ പദ്ധതികൾ മാറ്റിവയ്ക്കാൻ വിനോദസഞ്ചാരികൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അമർനാഥ് യാത്ര, ജമ്മു കശ്മീർ

ഹിന്ദുമത വിശ്വാസികളുടെ പ്രധാന തീർത്ഥാടനമായ അമർനാഥ് യാത്ര കനത്ത മഴയും തീർത്ഥാടന പാതകളിലെ മണ്ണിടിച്ചിലിനുള്ള സാധ്യതയും കാരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്രതികൂലമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ അമർനാഥ് യാത്ര അങ്ങേയറ്റം അപകടകരവും ദുഷ്കരവുമാക്കി മാറ്റുന്നു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ യാത്ര നിർത്തിവെച്ചിരിക്കുന്നത്. സുരക്ഷിതമെന്ന് പ്രഖ്യാപിക്കുന്നതു വരെ അമർനാഥ് യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചിരുന്നു.
വാരണാസി, ഉത്തർപ്രദേശ്
വാരണാസിയിൽ ഗംഗാ നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയരുകയാണ്. നദീതീരത്തുള്ള പ്രശസ്തമായ ഘട്ടുകളിൽ വെള്ളം കയറി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക സമാനമായ സാഹചര്യത്തെയാണ് നേരിടുന്നത്. ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ബോട്ടിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. നദീതീരങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശമുണ്ട്.


