വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചാംമ്പ്യന്‍സ് ബോട്ട് ലീഗിന് (സിബിഎല്‍) ഒക്ടോബര്‍ 12ന് കോഴിക്കോട് ചാലിയാര്‍ പുഴയില്‍ തുടക്കമാകും.
കോഴിക്കോട്: കേരളത്തിന്റെ തനത് മത്സരയിനമായ വള്ളംകളി അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ജനകീയമാക്കാനും അതുവഴി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമായി വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചാംമ്പ്യന്‍സ് ബോട്ട് ലീഗിന് (സിബിഎല്‍) ഒക്ടോബര്‍ 12ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ചാലിയാര്‍ പുഴയില്‍ തുടക്കമാകും. ചുരുളന്‍ വള്ളങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സിബിഎല്‍ മത്സരങ്ങള്‍ ചാലിയാര്‍ പുഴയില്‍ ഫറോക്ക് പുതിയ പാലത്തില്‍ നിന്ന് ആരംഭിച്ച് പഴയ പാലത്തിനു സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് നടത്തുക. കേരളത്തിലെ ആവേശമായ പ്രധാന വള്ളം കളി മത്സരങ്ങളെ കോര്‍ത്തിണക്കി ഐപിഎല്‍ മാതൃകയിലാണ് വള്ളംകളി ലീഗായ ചാംമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് ബേപ്പൂരിന് പുറമെ, ആലപ്പുഴയിലെ കൈനകരി, പുളിങ്കുന്നം, കരുവാറ്റ, ചെങ്ങന്നൂര്‍, കായംകുളം, കണ്ണൂരിലെ ധര്‍മടം, കോട്ടയത്തെ താഴത്തങ്ങാടി, കാസര്‍ക്കോട്ടെ ചെറുവത്തൂര്‍, എറണാകുളത്തെ പുറവം, മറൈന്‍ ഡ്രൈവ്, തൃശൂര്‍ കോട്ടപ്പുറം, കൊല്ലം കല്ലട, അഷ്ടമുടി കായല്‍ എന്നിവിടങ്ങളിലും അരങ്ങേറും. ചാംമ്പ്യന്‍സ് ബോട്ട് ലീഗിന്റെ സ്വാഗതസംഘ രൂപീകരണയോഗം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം പരിപാടിയായി ബോട്ട് ലീഗിനെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം -പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയര്‍മാനും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് കണ്‍വീനറുമായാണ് സംഘാടക സമിതിക്ക് രൂപം നല്‍കിയത്.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഷൈലജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ഫറോക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്‍ സി അബ്ദുള്‍ റസാഖ്, രാമനാട്ടുകര നഗരസഭ ചെയര്‍പേഴ്‌സണ്‍ വി എം പുഷ്പ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി സി രാജന്‍, കെ കൃഷ്ണ കുമാരി എന്നിവര്‍ വൈസ് ചെയര്‍പേഴ്‌സണ്‍മാരും ടൂറിസം വകുപ്പ് ജെഡി ഡി ഗിരീഷ് കുമാര്‍, ഡി ഡി പ്രദീപ് ചന്ദ്രന്‍, രാധ ഗോപി എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരും ഡിടിപിസി സെക്രട്ടറി ടി നിഖില്‍ ദാസ് കോഓര്‍ഡിനേറ്ററുമാണ്.
ഫറോക്ക് വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ഫറോക്ക് നഗര സഭ ചെയര്‍ പേഴ്‌സണ്‍ എന്‍ സി അബ്ദുള്‍ റസാഖ് അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി സുലൈഖ, ബേപ്പൂര്‍ ഡെവലപ്പ്‌മെന്റ് മിഷന്‍ ചെയര്‍മാന്‍ രാധ ഗോപി, കൗണ്‍സിലര്‍ എം സമീഷ്, ടൂറിസം ജെ ഡി ഡി ഗിരീഷ് കുമാര്‍, ഡി ടി പി സി സെക്രട്ടറി ടി നിഖില്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.


