ജനകീയ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവയിലൂന്നിയുള്ള സർക്കാർ ഇടപെടലുകളും വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

‌പച്ചപ്പും കോടമഞ്ഞും മലനിരകളും ബീച്ചുകളും കായലുകളുമെല്ലാം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സവിശേഷതകളാണ്. ഈ കാഴ്ചകൾ കാണാനായി ഇപ്പോൾ നിരവധി സഞ്ചാരികളാണ് കേരളത്തിലേയ്ക്ക് എത്തുന്നത്. വിദേശ വിനോദ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ കേരളം പതിവായി ഇടംനേടുന്നു എന്നതാണ് സവിശേഷത. ലോക ടൂറിസം ദിനത്തിൽ കേരളത്തിന്റെ ടൂറിസം മേഖലയെ കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് ലോക ടൂറിസം ദിനം. വിനോദ സഞ്ചാരമേഖലയും സുസ്ഥിര വികസനവും എന്നതാണ് ഈ വർഷത്തെ ടൂറിസം ദിന സന്ദേശം. ലോകത്ത് അതിവേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന വ്യവസായങ്ങളിലൊന്നായ വിനോദ സഞ്ചാര മേഖലയുടെ വികാസത്തിലൂടെ സുസ്ഥിര വികസനത്തെ എങ്ങനെ ശക്തിപ്പെടുത്താമെന്ന ചർച്ചകൾക്ക് വഴിയൊരുക്കാൻ ഈ ടൂറിസം ദിന ആഘോഷങ്ങൾ വഴിയൊരുക്കും.

പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ നമ്മുടെ കേരളത്തിന്റെ വളർച്ചയിലും ഈ രംഗത്തിന് വലിയ പങ്കുണ്ട്. ജനകീയ ടൂറിസം എന്ന ആശയത്തിലൂന്നി കൊണ്ടാണ് എൽഡിഎഫ് സർക്കാർ വിനോദസഞ്ചാര മേഖലയിലെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്. ഓരോ നാടിന്റെയും ചരിത്രപരവും ഭൂപ്രകൃതിക്കനുയോജ്യവും ജീവിത രീതികൾക്കനുസരിച്ചുമാണ് സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നത്. അതാത് നാട്ടിലെ ജനങ്ങളെ ഉൾച്ചേർത്തുക്കൊണ്ടുള്ള ഉത്തരവാദിത്ത ടൂറിസം എന്ന ജനകീയ വികസനാശയം രൂപം കൊള്ളുന്നത് ഈ കാഴ്ചപ്പാടിൽ നിന്നാണ്. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെയുള്ള ഇടപെടലുകൾ അന്താരാഷ്ട്ര തലത്തിൽ പ്രശംസിക്കപ്പെട്ടു.

വിദേശ സഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ധനയാണ് കേരളത്തിലുണ്ടായത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 2,74,028 വിദേശ വിനോദസഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചു. ആഭ്യന്തര ടൂറിസം രംഗവും വലിയ വളർച്ച നേടിയിരിക്കുന്നു. വിനോദ സഞ്ചാര മേഖല കൈവരിച്ച വളർച്ചയെ ശക്തിപ്പെടുത്തി കേരളത്തിന്റെ വികസന മുന്നേറ്റത്തെ കൂടുതൽ തിളക്കമുള്ളതാക്കാൻ ഈ ടൂറിസം ദിനം വഴിയൊരുക്കട്ടെ.