അഞ്ച് വർഷത്തെ നിയമപരമായ താമസത്തിന് ശേഷം ഐറിഷ് പൗരത്വത്തിനും അപേക്ഷിക്കാം. 

മനോഹരമായ പ്രകൃതി ദൃശ്യങ്ങളും ഊർജ്ജസ്വലമായ നഗരങ്ങളും അതിവേ​ഗം വളരുന്ന തൊഴിൽ വിപണയുമെല്ലാം അയ‍ർലൻഡ് എന്ന രാജ്യത്തെ യൂറോപ്പിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിലൊന്നായി മാറ്റുകയാണ്. യൂറോപ്പിൽ ജോലി ചെയ്യാനോ പഠിക്കാനോ ഒടുവിൽ സ്ഥിരതാമസമാക്കാനോ ആ​ഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇപ്പോൾ ഒരു സുവർണാവസരം ലഭിച്ചിരിക്കുകയാണ്. അയ‍ർലൻഡിന്റെ പെർമനന്റ് റെസിഡൻസി നേടാനുള്ള അവസരമാണ് മുന്നിലുള്ളത്. വെറും 52,000 രൂപയിൽ താഴെ മാത്രമേ ഇതിന് ചെലവ് വരികയുള്ളൂ എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം. അയർലൻഡിന്റെ പെ‍ർമനന്റ് റെസിഡൻസിക്കായി ആർക്കൊക്കെ അപേക്ഷിക്കാം, നടപടിക്രമങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.

വെറും 500 യൂറോ (ഏകദേശം 51,254 രൂപ) മുടക്കിയാൽ അയർലൻഡിൽ സ്ഥിര താമസത്തിനും ഐറിഷ് പൗരത്വത്തിനുമുള്ള ആദ്യ ഔദ്യോഗിക ചുവടുവെപ്പ് നിങ്ങൾക്ക് നടത്താം. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്ക് നിയന്ത്രണങ്ങളില്ലാതെ രാജ്യത്ത് ജോലി ചെയ്യാനും പഠിക്കാനും അയർലൻഡിന്റെ സ്ഥിരം താമസം അനുവദിക്കുന്നു എന്നതാണ് സവിശേഷത. ഇതിന് യോഗ്യത നേടുന്നതിനായി നിങ്ങൾ അയർലൻഡിൽ അഞ്ച് വർഷത്തെ നിയമപരമായ താമസം പൂർത്തിയാക്കണമെന്ന് മാത്രം.

വിവിധ ഘട്ടങ്ങൾ 

1: ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ് - ഈ പെർമിറ്റിന് കീഴിൽ 2 വർഷം അയർലൻഡിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുക.

2: സ്റ്റാമ്പ് 4 വിസ - 2 വർഷത്തിന് ശേഷം, 3 വർഷത്തെ സ്റ്റാമ്പ് 4 വിസയ്ക്ക് അപേക്ഷിക്കുക.

3: പെർമനന്റ് റെസിഡൻസി - 5 വർഷത്തിനു ശേഷം, നിങ്ങൾക്ക് ഐറിഷ് പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാം.

ഐറിഷ് പെർമനന്റ് റെസിഡൻസിക്ക് അർഹതയുള്ളത് ആർക്കൊക്കെ?‌

  • അയർലൻഡിൽ കുറഞ്ഞത് 60 മാസം (5 വർഷം) നിയമപരമായ താമസം പൂർത്തിയാക്കിയിരിക്കണം.
  • ഈ കാലയളവിൽ സാധുവായ ഒരു തൊഴിൽ പെർമിറ്റ് (ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ് / ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ് പോലുള്ളവ) കൈവശം വച്ചിരിക്കണം.
  • അപേക്ഷിക്കുന്ന സമയത്ത് നിയമപരമായി ജോലി ചെയ്തിരിക്കണം.
  • ക്രിമിനൽ പശ്ചാത്തലം ഉണ്ടാകാൻ പാടില്ല.
  • സാമ്പത്തിക സ്ഥിരതയുടെ തെളിവ് സമർപ്പിക്കണം.
  • ഇമിഗ്രേഷൻ അനുമതികളുടെ എല്ലാ നിബന്ധനകളും പാലിച്ചിരിക്കണം.

ഐറിഷ് പെർമനന്റ് റെസിഡൻസിക്ക് എങ്ങനെ അപേക്ഷിക്കാം?

1: യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുക

ഇതിൽ അഞ്ച് വർഷത്തെ നിയമപരമായ താമസം, സാധുവായ തൊഴിൽ അനുമതികൾ, സാമ്പത്തിക സ്ഥിരത, ക്ലീൻ റെക്കോർഡ് എന്നിവ ഉൾപ്പെടുന്നു.

2: ആവശ്യമായ രേഖകൾ സമ‍ർപ്പിക്കുക

  • പൂരിപ്പിച്ച പിആർ അപേക്ഷാ ഫോം
  • സാധുവായ പാസ്‌പോർട്ട്
  • നിങ്ങളുടെ നിലവിലെ ഐറിഷ് റെസിഡൻസ് പെർമിറ്റ് (ഐആർപി) കാർഡിന്റെ പകർപ്പ്
  • എല്ലാ മുൻകാല തൊഴിൽ പെർമിറ്റുകളും
  • രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

3: നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക

അപേക്ഷകൾ ഇമിഗ്രേഷൻ സർവീസ് ഡെലിവറിക്ക് (ഐഎസ്ഡി) സമർപ്പിക്കുന്നു.

4: അപേക്ഷാ ഫീസ് അടയ്ക്കുക

500 യൂറോ (ഏകദേശം ₹51,254) ആണ് ഫീസ്. അപ്രൂവൽ ലെറ്റർ ലഭിച്ച് 28 ദിവസത്തിനുള്ളിൽ ഫീസ് അടയ്ക്കണം.

5: പ്രോസസ്സിംഗിനായി കാത്തിരിക്കുക

പ്രോസസ്സിംഗിന് സാധാരണയായി 6–8 മാസം വരെ സമയം എടുക്കും.

6: നിങ്ങളുടെ സ്റ്റാമ്പ് 4 വിസ സ്വീകരിക്കുക

അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, സ്റ്റാമ്പ് 4 പ്രകാരം നിങ്ങൾക്ക് ദീർഘകാല റെസിഡൻസി സ്റ്റാറ്റസ് ലഭിക്കും.