60.73 കോടി രൂപ ചെലവിലാണ് തോട്ടപ്പള്ളി - നാലുചിറ പാലത്തിന്റെ നിർമ്മാണം. സംസ്ഥാനത്തെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾസ്റ്റേ പാലമാണിത്. നാലുചിറ നിവാസികൾക്ക് ഈ പാലം സ്വപ്ന സാഫല്യമാണ്.

അമ്പലപ്പുഴ: കേരളത്തിലെ പശ്ചാത്തല സൗകര്യ മുന്നേറ്റത്തിന് തിളക്കമേകുന്ന തോട്ടപ്പള്ളി - നാലുചിറ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബിയുടെ സഹായത്തോടെ 60.73 കോടി രൂപ ചെലവിലാണ് തോട്ടപ്പള്ളി - നാലുചിറ പാലം നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾസ്റ്റേ പാലമാണിത്. നാലുചിറ നിവാസികൾക്ക് ഈ പാലം സ്വപ്ന സാഫല്യമാണ്.

ലോകോത്തര പശ്ചാത്തല സൗകര്യങ്ങളുള്ള നാടായി കേരളത്തെ മാറ്റിത്തീർക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ നേർക്കാഴ്ചയാണ് അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ ഉയർന്നിരിക്കുന്ന തോട്ടപ്പള്ളി - നാലുചിറ പാലം എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66-നെയും തോട്ടപ്പള്ളി - നാലുചിറ പാലം ബന്ധിപ്പിക്കുന്നു.

ഈ പാലത്തിന് താഴെയൊഴുകുന്ന പമ്പാ നദിയിൽ തൂണുകളില്ലാതെയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. നാടിന്റെ വികസന മുന്നേറ്റത്തിനും വിനോദ സഞ്ചാര രംഗത്തെ കുതിപ്പിനും ഈ പാലം പുതിയ ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷ. 458 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട് പാലത്തിന്. 70 മീറ്റർ നീളമുള്ള സെന്റർ സ്പാൻ. 42 മീറ്റർ നീളമുള്ള 2 സ്പാനുകൾ, 24.5 മീറ്റർ നീളമുള്ള 2 സ്പാനുകൾ, 12 മീറ്റർ നീളമുള്ള 17 സ്പാനുകൾ,19.8 മീറ്റർ നീളമുള്ള 2 സ്പാനുകൾ പാലത്തിൽ കാണാം.