ശബരിമല വനങ്ങളുടെയും പച്ചപ്പു നിറഞ്ഞ കുന്നുകളുടെയും അതിമനോഹരമായ കാഴ്ചകൾ സഞ്ചാരികളെ ആകർഷിക്കുന്നു.

മനോഹരമായ പ്രകൃതിയാൽ സമ്പന്നമായ ജില്ലയാണ് ഇടുക്കി. പ്രകൃതി സ്‌നേഹികൾക്കും സാഹസികത തേടുന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നിരവധി സ്ഥലങ്ങൾ ഇടുക്കിയിലുണ്ട്. അത്തരത്തിൽ ഒന്നാണ് പീരുമേടിനടുത്ത് സ്ഥിതി ചെയ്യുന്ന പരുന്തുംപാറ. പറക്കുന്ന പക്ഷിയെപ്പോലെ തോന്നിക്കുന്നതിനാൽ ഇവിടം ഈഗിൾ റോക്ക് എന്നും അറിയപ്പെടുന്നു. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പച്ചപ്പു നിറഞ്ഞ വനങ്ങളുടെ സമാനതകളില്ലാത്ത കാഴ്ചയാണ് ഇവിടെ നിന്നാൽ കാണാനാകുക.

അനവധി പച്ചപ്പുകൾ നിറഞ്ഞ കുന്നുകളും താഴ്‌വരകളും പരുന്തുംപാറയ്ക്ക് ചുറ്റിനുമുണ്ട്. ഇവിടെ എത്തിയാൽ കാണുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. കാറ്റെന്ന് വെച്ചാൽ കൊടുങ്കാറ്റിന് സമാനമാണിവിടെ. നഗര ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ഒരു ഉന്മേഷദായകമായ ഇടവേള ആഗ്രഹിക്കുന്നവർക്ക് സന്ദർശിക്കാൻ അനുയോജ്യമായ സ്പോട്ടാണിത്.

ശബരിമല വനങ്ങളുടെ അതുല്യമായ കാഴ്ചയാണ് പരുന്തുംപാറയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഇതിന്റെ കാഴ്ചകൾ കൂടുതൽ ദൃശ്യമാകും. പ്രകൃതി സ്നേഹികൾക്കും ട്രക്കിംഗ് താത്പ്പര്യമുള്ളവർക്കും ഫോട്ടോഗ്രഫി പ്രിയർക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാൻ ആവശ്യമായതെല്ലാം പരുന്തുംപാറ കാത്തുവെച്ചിട്ടുണ്ട്. കോടമഞ്ഞ് കയറുന്ന സമയത്താണെങ്കിൽ തൊട്ടടുത്ത് നിൽക്കുന്ന ആളുകളെ പോലും നമുക്ക് ശരിയായി കാണാൻ സാധിക്കില്ല. വാഗമൺ, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ പദ്ധതിയിടുന്നവർ പരുന്തുംപാറ കാണാതെ പോകരുത്.