വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ കാണാനും കുളിക്കാനും തിരക്കുകളിൽ നിന്ന് മാറി വിശ്രമിക്കാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്.

കോഴിക്കോട് ജില്ല എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബാണ്. യാത്രകളുടെ കാര്യത്തിലായാലും ഭക്ഷണത്തിന്റെ കാര്യത്തിലായാലും ആതിഥ്യമര്യാദയുടെ കാര്യത്തിലായാലും കോഴിക്കോട് വേറെ ലെവലാണ്. കോഴിക്കോട് ജില്ലയിലേയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട്. അത്തരത്തിലൊന്നാണ് തിരുവമ്പാടിയ്ക്ക് സമീപമുള്ള, അത്ര പ്രശസ്തിയാർജിക്കാതെ മറഞ്ഞിരിക്കുന്ന അരിപ്പാറ വെള്ളച്ചാട്ടം. ഇരുവഞ്ഞിപ്പുഴ പാറക്കെട്ടുകളിൽ നിന്ന് താഴേക്ക് പതിച്ച് രൂപപ്പെടുന്ന അരിപ്പാറ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ഒന്ന് കാണേണ്ടത് തന്നെയാണ്.

ശാന്തതയും പ്രകൃതി സൗന്ദര്യവും ഒരുപോലെ വാഗ്ദാനം ചെയ്യുന്ന ഒരിടമാണ് അരിപ്പാറ വെള്ളച്ചാട്ടവും പരിസരവും. ഇവിടെ എത്തിയാൽ തിരക്കുകളിൽ നിന്ന് മാറി അൽപ്പ നേരം വിശ്രമിക്കാനും കുളിക്കാനുമെല്ലാം സാധിക്കും. തിരുവമ്പാടിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പേര് പോലെ തന്നെ നിരവധി പാറകളുള്ള സ്ഥലമാണിത്. കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളുടെയും അതിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തിന്റെയും മനോഹാരിത അനുഭവിക്കാനുള്ള അവസരവും അരിപ്പാറ നൽകുന്നുണ്ട്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം ഏറ്റവും ആകർഷകമാകുന്നത്. ഈ സമയം വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ പ്രൗഢിയിലേക്ക് എത്തും. ഉയരങ്ങളിൽ നിന്ന് വെളുത്ത മുത്തുകൾ പോലെ വെള്ളം പതഞ്ഞുപൊങ്ങുന്നത് മനോഹരമായ കാഴ്ചയാണ്.

പ്രകൃതിയെ സ്നേഹിക്കുന്നവർ ഒരിക്കലും അരിപ്പാറയെ നിങ്ങളുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കരുത്. ശാന്തമായ ചുറ്റുപാടുകളും പച്ചപ്പം കൂറ്റൻ പാറകളുമെല്ലാം നിറഞ്ഞ ഇവിടം പ്രകൃതി സൗന്ദര്യത്തിൽ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു വിസ്മയകരമായ കാഴ്ച തന്നെയാണ് കാത്തുവെച്ചിരിക്കുന്നത്. അരിപ്പാറ വെള്ളച്ചാട്ടത്തിലെത്തുന്നവർക്ക് സമീപത്തുള്ള മറ്റ് ചിലയിടങ്ങൾ കൂടി സന്ദർശിക്കാൻ സാധിക്കും. 12 കിലോമീറ്റർ അകലെയുള്ള തുഷാരഗിരി വെള്ളച്ചാട്ടമാണ് അരിപ്പാറയുടെ അടുത്തുള്ള പ്രധാന ആകർഷണം.