ഇടതൂർന്ന പച്ചപ്പിനും റബ്ബർ തോട്ടങ്ങൾക്കും നടുവിലൂടെ പല തട്ടുകളായി പതിക്കുന്ന ഈ വെള്ളച്ചാട്ടം തിരക്ക് കുറഞ്ഞതും ശാന്തവുമായ അന്തരീക്ഷം ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ്.
ഹിഡൻ സ്പോട്ടുകൾ തേടിയുള്ള യാത്രകൾ ഇന്നൊരു ട്രെൻഡാണ്. അത്തരത്തിൽ വലിയ പ്രചാരം നേടിയിട്ടില്ലാത്ത, എന്നാൽ അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വെള്ളച്ചാട്ടത്തിലേക്കാണ് യാത്ര. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ടൗണിൽ നിന്ന് ഏകദേശം 10 കിലോ മീറ്റർ ദൂരെയുള്ള അരുവിക്കുഴി വെള്ളച്ചാട്ടം സന്ദർശകർക്കായി ഒരുക്കിവെച്ചിട്ടുളളത് മനം മയക്കുന്ന കാഴ്ച്ചകളാണ്.
ഇടതൂർന്ന പച്ചപ്പിനു നടുവിൽ ശാന്തമായൊഴുകി, പല തട്ടുകളിലൂടെ താഴേയ്ക്ക് പതിക്കുന്ന അരുവിക്കുഴി ഒന്ന് കാണേണ്ടത് തന്നെയാണ്. വൻമരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന, സമൃദ്ധമായ റബ്ബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഈ മനോഹരമായ വെള്ളച്ചാട്ടം ഒരു വൺഡേ ട്രിപ്പിന് അനുയോജ്യമായ സ്പോട്ടാണ്. നേരിയ കാറ്റ്, തുള്ളിച്ചാടിയൊഴുകുന്ന വെള്ളത്തിന്റെ ശബ്ദം, ശാന്തമായ അന്തരീക്ഷം എന്നിവയാണ് അരുവിക്കുഴിയുടെ സവിശേഷത.
ഇവിടെ എത്തിയാൽ 100 അടിയിൽ കൂടുതൽ ഉയരത്തിൽ നിന്ന് പതിക്കുന്ന തണുത്ത വെള്ളത്തിൽ ഒരു കുളി പാസാക്കാം. ആഴമില്ലാത്തതിനാൽ തന്നെ കുട്ടികൾക്കും ഇവിടെ സുരക്ഷിതമായി കുളിക്കാൻ സാധിക്കും. വെള്ളച്ചാട്ടത്തിന് മുകളിലുള്ള പ്രദേശത്തേക്ക് പോകുന്നവർക്ക് സെന്റ് മേരീസ് പള്ളി സന്ദർശിക്കാനും അവസരമുണ്ട്. ശാന്തമായി കുറച്ച് സമയം ചെലവഴിക്കാനും അൽപ്പം സാഹസികമായ ഒരു യാത്ര ആഗ്രഹിക്കുന്നവർക്കും അരുവിക്കുഴി വെള്ളച്ചാട്ടം മനോഹരമായ എക്സ്പീരിയൻസ് തന്നെയാണ് സമ്മാനിക്കുക. വലിയ പ്രചാരം നേടാത്തതിനാൽ തന്നെ ഇവിടെ തിരക്കും വളരെ കുറവാണ്.


