തായ്ലൻഡ്, സിംഗപ്പൂർ, ഫുക്കറ്റ് എന്നിവ ഇന്ത്യക്കാരുടെ ഇഷ്ട ഡെസ്റ്റിനേഷനുകളാണ്.
അവധി ആഘോഷങ്ങൾക്കായി ഇന്ത്യക്കാർ കൂടുതലായി എത്തുന്ന അന്താരാഷ്ട്ര ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ് തായ്ലൻഡ്, സിംഗപ്പൂർ എന്നിവ. തെക്കുകിഴക്കൻ ഏഷ്യയിലെ മികച്ച ട്രാവൽ ഹോട്ട്‌സ്‌പോട്ടുകൾ പലപ്പോഴും ബജറ്റിന് അനുയോജ്യമായതായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ചില സമയങ്ങളിൽ വിമാന നിരക്ക്, ഹോട്ടൽ നിരക്കുകൾ എന്നിവ പെട്ടെന്ന് വർദ്ധിക്കുന്നതായി കാണാറുണ്ട്. സ്കൈസ്കാനേഴ്സ് സ്മാർട്ടർ സമ്മർ റിപ്പോർട്ട് പ്രകാരം ഈ സീസണിലെ ഏറ്റവും ജനപ്രിയമായ ഡെസ്റ്റിനേഷനുകളെ കുറിച്ചും ഒരു കുറഞ്ഞ ചെലവിൽ ഒരു യാത്ര ആസൂത്രണം ചെയ്യാൻ ഏറ്റവും മികച്ച സമയം എപ്പോഴാണെന്നും നോക്കാം.
ബാങ്കോക്ക്, തായ്‌ലൻഡ്
തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് എല്ലാക്കാലത്തും സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാണ്. ബാങ്കോക്കിൽ എത്തിയാൽ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ വാട്ട് അരുൺ, ബുദ്ധ ക്ഷേത്ര സമുച്ചയമായ വാട്ട് ഫോ, ഗ്രാൻഡ് പാലസ് എന്നിവ സന്ദർശിക്കാം. പട്ടായയിലേക്ക് ഒരു ചെറിയ യാത്ര നടത്താം. അല്ലെങ്കിൽ പ്രശസ്തമായ കോ ലാൻ ദ്വീപിലേക്ക് ഒരു ബോട്ട് യാത്ര ചെയ്യാം. കുറഞ്ഞ ചെലവിൽ ബാങ്കോക്കിലേയ്ക്ക് പറക്കാൻ ഏറ്റവും അനുയോജ്യമായ ദിവസം ചൊവ്വാഴ്ചയാണ്. ജൂലൈ 14-ന് ശേഷമുള്ള ആഴ്ചയിലാണെങ്കിൽ കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാകും.
സിംഗപ്പൂർ
ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലൊന്നാണ് സിംഗപ്പൂർ. മറീന ബേ സാൻഡ്‌സിലെ കാഴ്ചകളിൽ മുഴുകുന്നത് മുതൽ സെന്റോസ ദ്വീപിലെ ബീച്ചുകൾ സന്ദർശിക്കുന്നത് വരെ എല്ലാത്തരം സഞ്ചാരികൾക്കും ഒരുപോലെ യോജിച്ചതാണ്. ചൊവ്വാഴ്ചയാണ് കുറഞ്ഞ ചെലവിൽ സിംഗപ്പൂരിലേയ്ക്ക് പറക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ ദിവസം. ഓഗസ്റ്റ് 4-ന് ശേഷമുള്ള ആഴ്ചയാണെങ്കിൽ യാത്രാ ചെലവ് വളരെ കുറവായിരിക്കും.
ഫുക്കെറ്റ്, തായ്‌ലൻഡ്
ശാന്തമായ അന്തരീക്ഷവും തിരക്കില്ലാത്ത തീരപ്രദേശങ്ങളും ഇഷ്ടപ്പെടുന്നവർക്ക് ഫുക്കറ്റ് അനുയോജ്യമായ ഇടമാണ്. പട്ടോങ്, കറ്റ, കരോൺ ബീച്ചുകൾ സമാധാനത്തോടെ പര്യവേക്ഷണം ചെയ്യാനുള്ള സമയമാണിത്. സാംസ്കാരികമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് നിങ്ങളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താം. ഫുക്കറ്റിലെ അതിശയിപ്പിക്കുന്ന ഫാന്റസീ ഷോയും വിചിത്രമായ കഫേ സംസ്കാരവും മിസ്സാക്കാരുത്. ശനിയാഴ്ചയാണ് ഫുക്കറ്റിലേയ്ക്ക് പോകാൻ ഏറ്റവും ചെലവ് കുറഞ്ഞ ദിവസം. ജൂലൈ 21-ന് ശേഷമുള്ള ആഴ്ച ഫുക്കറ്റിലേക്ക് പറക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ ആഴ്ചയായാണ് കണക്കാക്കുന്നത്.


