ഈ പ്രദേശത്തുകൂടി കടന്നുപോകുന്നവര്‍ ഇവിടെയുള്ള ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ വാഹനം നിർത്താറുണ്ട്. ഇവിടെ പ്രാര്‍ത്ഥിച്ചാൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാമെന്നാണ് വിശ്വാസം.
പ്രകൃതിഭംഗിക്ക് പേരുകേട്ട നാടാണ് വയനാട്. ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ചുരം കയറി വയനാട്ടിലേയ്ക്ക് എത്തുന്നത്. സഞ്ചാരികൾക്ക് ആസ്വദിക്കാനാവശ്യമായതെല്ലാം വയനാട് ഒരുക്കിവെച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ നിരവധിയുണ്ടെങ്കിലും അവയിൽ നിന്ന് വ്യത്യസ്തമായ ആകർഷണങ്ങളിലൊന്നാണ് ചെയിൻ ട്രീ അഥവാ ചങ്ങല മരം. ഈ മരവുമായി ബന്ധപ്പെട്ട് നിരവധി പേടിപ്പെടുത്തുന്ന കഥകളും വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്.
വയനാടിന്റെ കവാടമായ ലക്കിടിയിലെത്തിയാൽ റോഡിനരികത്തായി ഒരു മരവും ചെറിയ ക്ഷേത്രവും കാണാം. ഇവിടെയാണ് ചെയിൻ ട്രീ നിലകൊള്ളുന്നത്. ചെയിൻ ട്രീ ഒരു പഴയ അത്തിമരമാണ്. അതിനു ചുറ്റും ഒരു ഭാരമുള്ള ചങ്ങല ബന്ധിച്ചിട്ടുണ്ട്. ഈ മരം ഇന്ന് ഒരു ആരാധനാലയമാണ്. കരിന്തണ്ടൻ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. പുരാതന കാലത്തെ കഥകളിലെ ഒരു രക്തസാക്ഷിയോടുള്ള ബഹുമാനാർത്ഥമാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നത്. ഈ പ്രദേശത്തുകൂടി കടന്നുപോകുന്നവര്‍ സുരക്ഷിതമായ യാത്രയ്ക്കായി ഇവിടെ പ്രാർത്ഥിക്കാൻ വാഹനം നിർത്താറുണ്ട്. സഞ്ചാരികൾക്ക് പെട്ടെന്ന് സന്ദർശിക്കാൻ പറ്റിയ സ്ഥലമാണിത്.
ചങ്ങല മരത്തിന്റെ കഥ
കൊളോണിയൽ കാലഘട്ടത്തിലേക്ക് നീളുന്ന കഥയാണ് ചെയിൻ ട്രീയുടേത്. അക്കാലത്ത് വയനാട്ടിൽ ഇന്നത്തെ രീതിയിലുള്ള റോഡുകൾ ഉണ്ടായിരുന്നില്ല. അതിനാൽ, റോഡ് നിർമ്മിക്കാൻ ബ്രിട്ടീഷുകാർ ഗോത്രങ്ങളുടെ സഹായം തേടി. ലക്കിടിയിൽ നിന്ന് ഇടതൂർന്ന വനങ്ങളിലൂടെ വയനാട്ടിലേക്കുള്ള വഴി തദ്ദേശീയ ഗോത്രവർഗക്കാർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. അങ്ങനെയിരിക്കെയാണ് ഒരു ബ്രിട്ടീഷ് എഞ്ചിനീയർ വഴി അന്വേഷിച്ച് ഇവിടെയെത്തുന്നത്.
കരിന്തണ്ടൻ എന്ന ആദിവാസി യുവാവായിരുന്നു ബ്രിട്ടീഷ് എഞ്ചിനീയർക്ക് ദൂർഘടമായ കാട്ടുപാതയിലൂടെയുള്ള വഴി കാണിച്ചു കൊടുത്തത്. എന്നാൽ ആവശ്യം കഴിഞ്ഞപ്പോൾ വഴി കണ്ടെത്തിയതിന്റെ ക്രെഡിറ്റ് സ്വന്തമാക്കുന്നതിനായി കരിന്തണ്ടനെ ഇയാൾ വകവരുത്തി. ഇതിന് ശേഷം പുതിയ വഴി ഉപയോഗിച്ച യാത്രക്കാരെ കൊല്ലപ്പെട്ട കരിന്തണ്ടന്റെ ആത്മാവ് വേട്ടായാടിക്കൊണ്ടേയിരുന്നുവെന്നും ഇവിടം വിട്ടുപോവാൻ കരിന്തണ്ടന്റെ ആത്മാവ് തയ്യാറായില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.
കരിന്തണ്ടന്റെ ആത്മാവിനെ മോചിപ്പിക്കാൻ ഒരു പുരോഹിതന്റെ സഹായം തേടി. പുരോഹിതൻ കരിന്തണ്ടന്റെ ആത്മാവിനെ ഒരു ചങ്ങലയിൽ ബന്ധിച്ച് ഇവിടെയുള്ള ഒരു മരത്തിൽ ബന്ധിച്ചു. എന്നാൽ, മരത്തോടൊപ്പം ഈ ചങ്ങലയും വളരുന്ന കാഴ്ചയാണ് പിന്നീട് കാണാനായതെന്ന് കഥകൾ പറയുന്നു. ഈ ചങ്ങലയാണ് ഇപ്പോഴും ഇവിടെയുള്ള മരത്തിൽ കാണപ്പെടുന്നത്. കരിന്തണ്ടന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് മരത്തിന് സമീപത്തുള്ളത്. ചെയിൻ ട്രീയും തൊട്ടടുത്തുള്ള കരിന്തണ്ടൻ ക്ഷേത്രവും കാണാൻ പ്രവേശന ഫീസും മറ്റും നൽകേണ്ടതില്ല.
ചെയിൻ ട്രീയിൽ എങ്ങനെ എത്തിച്ചേരാം?
വയനാടിന്റെ പ്രാന്തപ്രദേശമായ ലക്കിടി വ്യൂപോയിന്റിന് സമീപമാണ് ചെയിൻ ട്രീ സ്ഥിതി ചെയ്യുന്നത്. വയനാടിൽ നിന്ന് ഏകദേശം 30 കി.മീ സഞ്ചരിച്ചാൽ ചെയിൻ ട്രീയിൽ എത്തിച്ചേരാം. ചുരം കയറി എത്തുന്നവർക്ക് ലക്കിടി ബസ് സ്റ്റോപ്പിലിറങ്ങാം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോഴിക്കോടും (58 കിലോമീറ്റർ അകലെ) ഏറ്റവും അടുത്തുള്ള വിമാനത്താവളം കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളവുമാണ് (70 കിലോമീറ്റർ അകലെ).


