ചാലക്കുടി താലൂക്കിലെ എച്ചിപ്പാറയിലാണ് ചിമ്മിനി ഡാം സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് സമീപത്തായാണ് ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.

തൃശൂർ ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ ചിമ്മിനിയിലേക്ക് ഒരു വൺ ഡേ ട്രിപ്പ് പോയാലോ? തിരക്കുകളിൽ നിന്നൊക്കെ മാറി ചെറിയൊരു ഇടവേള എടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് ഇവിടേയ്ക്ക് വരാം. ചാലക്കുടി താലൂക്കിലെ എച്ചിപ്പാറയിലാണ് ചിമ്മിനി ഡാം സ്ഥിതി ചെയ്യുന്നത്. കരുവന്നൂർ നദിയുടെ പോഷകനദിയായ കുറുമാലി നദിക്ക് കുറുകെയാണ് ഡാം നിർമ്മിച്ചിരിക്കുന്നത്.

അണക്കെട്ടിന് സമീപത്തായാണ് ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ചിമ്മിനി വന്യജീവി സങ്കേതത്തോടൊപ്പം റിസർവോയറും തെക്കൻ പശ്ചിമഘട്ടത്തിലെ കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു, ഈ കാഴ്ചകൾ ഇവിടുത്തെ സൌന്ദര്യം ഇരട്ടിപ്പിക്കുന്നു. അണക്കെട്ട് 1984 ൽ നിർമ്മാണം ആരംഭിച്ചെങ്കിലും 1996 ലാണ് പൂർണ്ണമായും പ്രവർത്തനക്ഷമമായത്.

വിവിധതരം പക്ഷികളും ചിത്രശലഭങ്ങളും ട്രെക്കിംഗ് പാതകളും ഉള്ള ചിമ്മിനി വന്യജീവി സങ്കേതം പ്രകൃതി സ്‌നേഹികൾക്ക് ഉറപ്പായും ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല. പീച്ചി-വഴനി വന്യജീവി സങ്കേതത്തോട് ചേർന്നാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ആന, കാട്ടുപോത്ത്, കരടി എന്നിവയെ സന്ദർശകർക്ക് വന്യജീവി സങ്കേതത്തിൽ കാണാൻ കഴിയും.

തൃശ്ശൂരിൽ നിന്നും ഏകദെശം 38 കിലോമീറ്ററും എച്ചിപ്പാറയിൽ നിന്ന് ഏകദേശം 2 കിലോമീറ്ററും അകലെയായാണ് ചിമ്മിനി ഡാം സ്ഥിതിചെയ്യുന്നത്. വനംവകുപ്പ് പതിവായി ഈ പ്രദേശത്ത് ട്രക്കിംഗ് പര്യവേഷണങ്ങൾ നടത്താറുണ്ട്. റിസർവോയറിൽ കുട്ടവഞ്ചി സവാരിയും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. കൂട്ടുകാരും കുടുംബവുമൊക്കെയായി ഒരു വൺ ഡേ ട്രിപ്പ് പ്ലാനിടുന്നെങ്കിൽ ചിമ്മിനി ഡാമിലേക്ക് വരാം.