ഗോവ എന്ന് കേൾക്കുമ്പോൾ തന്നെ ബഹളവും തിരക്കും മാത്രമല്ല മനസ്സിൽ വരേണ്ടത്. പ്രകൃതി സൗന്ദര്യം നിറഞ്ഞ, ശാന്തമായ ഒരുപാട് ബീച്ചുകൾ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. 

ഗോവയ്ക്ക് പോകാൻ പ്ലാനുണ്ടോ? പക്ഷേ ബഹളവും ആൾക്കൂട്ടവുമില്ലാത്ത ശാന്തമായ ഒരിടമാണ് നിങ്ങൾ നോക്കുന്നതെങ്കിൽ, ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്കുള്ളതാണ്. ഗോവ എന്ന് പറഞ്ഞാൽ ബാഗാ, കലൻഗുട്ട് ബീച്ചുകൾ മാത്രമല്ല, ബാലി, മാലിദ്വീപ് പോലുള്ള സ്ഥലങ്ങളെപ്പോലും വെല്ലുന്ന ഒരുപാട് അടിപൊളി ബീച്ചുകൾ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. നല്ല തെളിഞ്ഞ വെള്ളവും സ്വർണ്ണ നിറമുള്ള മണലും ശാന്തമായ അന്തരീക്ഷവുമാണ് ഈ സ്ഥലങ്ങളുടെയൊക്കെ പ്രത്യേകത. നിങ്ങളുടെ അടുത്ത ഗോവ ട്രിപ്പ് അടിച്ചുപൊളിച്ച് ഓർമ്മയിൽ സൂക്ഷിക്കാൻ ഈ 5 ബീച്ചുകൾ ലിസ്റ്റിൽ ചേർത്തോളൂ.

Add Asianetnews as a Preferred SourcegooglePreferred

ബട്ടർഫ്ലൈ ബീച്ച്

ഗോവയിലെ ഏറ്റവും ഭംഗിയുള്ളതും തിരക്ക് കുറഞ്ഞതുമായ ബീച്ചുകളിൽ ഒന്നാണിത്. ഇങ്ങോട്ട് എത്താൻ കുറച്ച് പാടാണെങ്കിലും, അതുതന്നെയാണ് ഇതിന്റെ ഒരു വൈബ്. ബോട്ടിലോ അല്ലെങ്കിൽ ട്രെക്ക് ചെയ്തോ മാത്രമേ ഇവിടെ എത്താൻ പറ്റൂ. ഇവിടുത്തെ നീല വെള്ളവും ചുറ്റുമുള്ള പച്ചപ്പും കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ഇവിടെ നിന്നുള്ള സൂര്യാസ്തമയം ഒരു രക്ഷയുമില്ലാത്ത കാഴ്ചയാണ്.

ഗാൽഗിബാഗ് ബീച്ച്

ഈ ബീച്ച് പ്രധാനമായും അറിയപ്പെടുന്നത് അതിന്റെ ശാന്തമായ അന്തരീക്ഷത്തിനും വൃത്തിക്കുമാണ്. ഇവിടെ ആമകളെ സംരക്ഷിക്കുന്ന കേന്ദ്രം ഉള്ളതുകൊണ്ട് 'ടർട്ടിൽ ബീച്ച്' എന്നും ഇതിന് പേരുണ്ട്. ഇവിടെ ആളുകൾ തീരെ കുറവായതുകൊണ്ട് പ്രകൃതിയെ അറിഞ്ഞ് സമാധാനമായി സമയം ചെലവഴിക്കാം. കപ്പിൾസിനും പ്രകൃതിയെ സ്നേഹിക്കുന്നവർക്കും പറ്റിയ ബെസ്റ്റ് സ്ഥലമാണിത്.

കോല ബീച്ച്

ഗോവയിലെ അധികമാരും എത്താത്ത, ഒരുതരം എക്സ്ക്ലൂസീവ് ബീച്ചാണ് കോല. ഇവിടെ അതിമനോഹരമായ ഒരു ലഗൂൺ (കായൽ പോലെ ഒരു ജലാശയം) കൂടിയുണ്ട്. ഇവിടുത്തെ ശാന്തമായ അന്തരീക്ഷവും തെളിഞ്ഞ വെള്ളവും കണ്ടാല്‍ മാലിദ്വീപിൽ എത്തിയ പോലൊരു ഫീൽ കിട്ടും. കുറച്ച് ലക്ഷ്വറിയും പ്രൈവസിയും ആഗ്രഹിക്കുന്നവർക്ക് ഈ ബീച്ച് തിരഞ്ഞെടുക്കാം.

കാക്കോലം ബീച്ച്

കാക്കോലം ബീച്ചിന് 'ടൈഗർ ബീച്ച്' എന്നും ഒരു പേരുണ്ട്. ശരിക്കും ഒരു 'ഹിഡൻ ജെം' ആണിത്. ഇവിടേക്ക് എത്തണമെങ്കിൽ ചെറിയൊരു സാഹസികതയൊക്കെ വേണം. മലകളാൽ ചുറ്റപ്പെട്ട ഈ ബീച്ച് വളരെ ശാന്തവും സുന്ദരവുമാണ്. ഇവിടെ ആൾത്തിരക്ക് ഒട്ടും കാണില്ല, അതുകൊണ്ട് ആരുടേയും ശല്യമില്ലാതെ റിലാക്സ് ചെയ്യാം.

ബെതുൽ ബീച്ച്

സൗത്ത് ഗോവയിലുള്ള ശാന്തമായതും തിരക്ക് കുറഞ്ഞതുമായ ഒരു ബീച്ചാണിത്. ഇവിടുത്തെ അന്തരീക്ഷം വളരെ ശാന്തവും വൃത്തിയുള്ളതുമാണ്. മീൻപിടുത്തവും അവിടുത്തെ നാട്ടുകാരുടെ ജീവിത രീതിയുമൊക്കെ അടുത്തറിയാൻ താല്പര്യമുണ്ടെങ്കിൽ ഈ സ്ഥലം ബെസ്റ്റാണ്. തിരക്കുകളിൽ നിന്ന് മാറി സമാധാനം വേണമെന്നുള്ളവർക്ക് ധൈര്യമായി ബെതുൽ ബീച്ചിലേക്ക് പോകാം.