ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് നിന്നും ഗവി, വാഗമൺ, നിലമ്പൂർ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് വിനോദയാത്രകൾ സംഘടിപ്പിക്കുന്നു.
കാഞ്ഞങ്ങാട്: ക്രിസ്തുമസ് - പുതുവത്സര വിനോദയാത്രകളുമായി കെ.എസ്.ആര്‍.ടി.സി. കാഞ്ഞങ്ങാട് നിന്നുമാണ് കെ.എസ്.ആര്‍.ടി.സി ക്രിസ്തുമസ് - പുതുവത്സര വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 28ന് ആരംഭിച്ച് 31ന് അവസാനിക്കുന്ന യാത്രയില്‍ ഗവി, അടവി, കമ്പം, രാമക്കല്‍ മേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഡിസംബര്‍ 26ന് വാഗമണ്‍, ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ സന്ദര്‍ശിച്ച് 29ന് രാവിലെ തിരിച്ചെത്തും. ഡിസംബര്‍ 29 മുതല്‍ 31 വരെ നിലമ്പൂര്‍, കക്കാടംപൊയില്‍ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ഫോണ്‍ - 9446088378, 8606237632.
കേരളത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് വിവിധ ഡിപ്പോകളിൽ നിന്ന് നിരവധി ഉല്ലാസ യാത്രകളാണ് കെ.എസ്.ആർ.ടി.സി സംഘടിപ്പിക്കുന്നത്. കോഴിക്കോട്, നിലമ്പൂർ, മലപ്പുറം, പൊന്നാനി, കൊല്ലം തുടങ്ങിയ ഡിപ്പോകളിൽ നിന്ന് പതിവായി ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ, വാഗമൺ, മാമലക്കണ്ടം, മൂന്നാർ, അതിരപ്പിള്ളി, വാഴച്ചാൽ, ഗവി, അടവി, പരുന്തുംപാറ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യം കെ.എസ്.ആർ.ടി.സി ഒരുക്കുന്നുണ്ട്. നെഫർറ്റിറ്റി കപ്പൽ യാത്രയും പ്രധാന ആകർഷണമാണ്.
അതേസമയം, ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡിട്ടിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. ഡിസംബർ 15-ാം തീയതിയിലെ കളക്ഷൻ 10.77 കോടി രൂപയിലെത്തി. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ ആകെ വരുമാനം 11.53 കോടി രൂപയായി ഉയർന്നു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടമാണിത് ( ഓപ്പറേറ്റിംഗ് റവന്യു ). ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെ.എസ്.ആർ.ടി.സിക്ക് സഹായകരമാകുന്നത്.
കഴിഞ്ഞവർഷം ഇതേ ദിവസം (16.12.2024) 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. കഴിഞ്ഞ വർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചത്.
ഗതാഗത വകുപ്പ് മന്ത്രിയുടെ കാലോചിതമായ പരിഷ്ക്കരണ നടപടികളും, പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും സ്വയംപര്യാപ്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായെന്നാണ് വിലയിരുത്തൽ.


