പാലക്കാട് ജില്ലയിലെ തരൂരിൽ, ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായാണ് കാരമല ഇക്കോ ടൂറിസം കേന്ദ്രം വികസിപ്പിച്ചത്.
ജനങ്ങളുടെ പ്രിയപ്പെട്ടയിടമായി തരൂര്‍ തോണിപ്പാടം കാരമല ഇക്കോ ടൂറിസം കേന്ദ്രം. ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ആദ്യമായി നിര്‍മ്മിച്ച പ്രകൃതി സൗഹൃദ ടൂറിസം കേന്ദ്രമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഒരു കാലത്ത് കാട് പിടിച്ചു കിടന്നിരുന്ന സ്ഥലമായിരുന്നു ഇതെന്നും മാലിന്യ പ്രശ്നങ്ങൾ കാരണം ജനങ്ങൾ പ്രയാസം അനുഭവിച്ച സ്ഥലം ഇപ്പോൾ ജനങ്ങളുടെ പ്രിയപ്പെട്ട ഇടമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പാലക്കാട് ജില്ലയിലെ തരൂർ നിയോജക മണ്ഡലത്തിലാണ് കാരമല ചിൽഡ്രൻസ് ആൻഡ് അഡ്വഞ്ചർ പാർക്ക് സ്ഥിതി ചെയ്യുന്നത്. കാരമലയിൽ ടൂറിസം വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി പുതിയൊരു പാർക്ക് ആരംഭിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ കുട്ടികളുടെ പാര്‍ക്ക്, ഓപ്പൺ ജിം, ശുചിമുറികൾ, ഉദ്യാനം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ സൈക്ലിംഗ്, ട്രക്കിംഗ് തുടങ്ങിയവ കൂടി ഇവിടെ സജ്ജമാക്കും. ഒന്നാം ഘട്ട നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപയാണ് ടൂറിസം വകുപ്പ് വകയിരുത്തിയത്. തരൂര്‍ പഞ്ചായത്ത് 33.5 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും വകയിരുത്തിയിരുന്നു.
ടൂറിസം മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇതാണ് കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ച പാലക്കാട് ജില്ലയിലെ തരൂർ നിയോജക മണ്ഡലത്തിലെ
കാരമല ചിൽഡ്രൻസ് ആൻഡ് അഡ്വഞ്ചർ പാർക്ക്.
ഈ പ്രദേശം വർഷങ്ങളായി കാട് പിടിച്ച് കിടന്നിരുന്ന സ്ഥലമായിരുന്നു .
മാലിന്യ പ്രശ്നങ്ങൾ കാരണം ജനങ്ങൾ പ്രയാസം അനുഭവിച്ച സ്ഥലം. അങ്ങനെയുള്ള കാരമലയിൽ ടൂറിസം വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി പുതിയൊരു പാർക്ക് ആരംഭിച്ചു. സുമോദ് MLAയും തരൂർ ഗ്രാമ പഞ്ചായത്തും മുൻകൈ എടുത്ത് പദ്ധതി യാഥാർത്ഥ്യമാക്കി.
ഇന്ന് ജനങ്ങളുടെ പ്രിയപ്പെട്ട ഇടമാണ് ഈ കാരമല..


