നിങ്ങൾ ഇന്ത്യയിൽ നിന്നാണോ? എന്ന ചോദ്യത്തോടെയാണ് ഇയാൾ ദമ്പതികളെ സമീപിച്ചത്. അവർ ആണെന്ന് മറുപടി നൽകിയപ്പോൾ, അവർക്ക് അമേരിക്ക ഇഷ്ടമാണോ എന്നും അമേരിക്കയും ഇന്ത്യയും തമ്മിൽ ഏതാണ് കൂടുതൽ മികച്ച രാജ്യമെന്നും ചോദിച്ച ശേഷമായിരുന്നു അസഭ്യവർഷം

ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഒരു അമേരിക്കൻ സ്വദേശി ആവശ്യപ്പെടുന്നതിൻ്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.'ടോൺ' എന്ന എക്സ് യൂസർ പങ്കുവെച്ച വീഡിയോയിൽ റോഡരികിൽ നിൽക്കുകയായിരുന്ന ദമ്പതികളെ ഇയാൾ തൻ്റെ കാറിലിരുന്ന് ക്യാമറയിൽ പകർത്തിക്കൊണ്ട് അനാവശ്യമായി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. നിങ്ങൾ ഇന്ത്യയിൽ നിന്നാണോ? എന്ന ചോദ്യത്തോടെയാണ് ഇയാൾ ദമ്പതികളെ സമീപിച്ചത്. അവർ ആണെന്ന് മറുപടി നൽകിയപ്പോൾ, അവർക്ക് അമേരിക്ക ഇഷ്ടമാണോ എന്നും അമേരിക്കയും ഇന്ത്യയും തമ്മിൽ ഏതാണ് കൂടുതൽ മികച്ച രാജ്യമെന്നും ഇയാൾ ചോദിക്കുന്നു. ഇരു രാജ്യങ്ങൾക്കും അതിൻ്റേതായ നല്ല വശങ്ങളുണ്ടെന്നും ഇന്ത്യ കുടുംബ പശ്ചാത്തലം നൽകുമ്പോൾ ഓരോ സ്ഥലത്തിനും അതിൻ്റേതായ മൂല്യമുണ്ടെന്നും നയതന്ത്രപരമായ രീതിയിൽ ദമ്പതികൾ മറുപടി നൽകി. എന്നാൽ ഈ മറുപടിക്ക് തൊട്ടുപിന്നാലെ ഇയാളുടെ പെരുമാറ്റം കൂടുതൽ ശത്രുതാപരമായി മാറുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യ അത്രയധികം അത്ഭുതകരമായ രാജ്യമാണെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ അവിടെത്തന്നെ നിൽക്കാത്തത്, എന്തിനാണ് അമേരിക്കയിലേക്ക് വരുന്നത്? എന്ന് ഇയാൾ ദമ്പതികളോട് ചോദിക്കുന്നത്. ലോകം ചുറ്റിക്കാണാനും പര്യവേക്ഷണം ചെയ്യാനുമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ദമ്പതികൾ വ്യക്തമാക്കിയപ്പോൾ, ഇല്ല, നിങ്ങളെ ഇവിടെ ആവശ്യമില്ല, നിങ്ങൾ സ്വന്തം നാട്ടിലേക്ക് മടങ്ങണം, എൻ്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ എന്ന് ഇയാൾ ആക്രോശിക്കുകയായിരുന്നു. താൻ കുറച്ച് എച്ച് 1ബി ഇന്ത്യക്കാരെ കണ്ടുമുട്ടിയെന്നും അവരോട് ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടി വന്നുവെന്നുമുള്ള അടിക്കുറിപ്പോടെയാണ് ഇയാൾ ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇയാൾക്കെതിരെ ഉയരുന്നത്. തികച്ചും അനാവശ്യവും വിവേചനപരവുമായ പെരുമാറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

Scroll to load tweet…

നിയമാനുസൃതമായി അമേരിക്കയിലേക്ക് കുടിയേറുന്നവരും സന്ദർശനം നടത്തുന്നവരും അവിടുത്തെ സമൂഹത്തിന് വലിയ സംഭാവനകൾ നൽകുന്നവരും കൃത്യമായി നികുതി അടയ്ക്കുന്നവരുമാണെന്ന് പലരും ഓർമ്മിപ്പിച്ചു. രാജ്യസ്‌നേഹത്തിൻ്റെ മറവിൽ വംശീയതയെ സ്വാഭാവികവൽക്കരിക്കാനുള്ള ശ്രമമാണിതെന്നും, അപരിചിതരായ ആളുകളോട് അവരുടെ ദേശീയതയുടെയോ വംശത്തിൻ്റെയോ പേരിൽ തട്ടിക്കയറുന്നത് ദേശീയ വികാരമല്ല, മറിച്ച് അസഹിഷ്ണുതയാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പലരും പ്രതികരിക്കുന്നത്. ഇത്രയധികം മോശമായി പെരുമാറിയിട്ടും യാതൊരുവിധ പ്രകോപനവുമില്ലാതെ പൂർണ്ണമായ ശാന്തതയോടും അച്ചടക്കത്തോടും കൂടി ഈ സാഹചര്യത്തെ നേരിട്ട ഇന്ത്യൻ ദമ്പതികളെ അഭിനന്ദിച്ചും നിരവധിപേർ രംഗത്തെത്തുകയുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം