ജൂലൈ 19 ന് രാത്രി 10 മണിക്ക് കോഴിക്കോട് നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് 2050 രൂപയാണ് നിരക്ക്.
കോഴിക്കോട്: ആലപ്പുഴ ഹൗസ് ബോട്ടിൽ ആര്‍ത്തുല്ലസിക്കാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസി. കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്ലാണ് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. കോഴിക്കോട് ഡിപ്പോയിൽ നിന്ന് ജൂലൈ 19ന് രാത്രി 10 മണിയ്ക്കാണ് ആലപ്പുഴ ഹൗസ് ബോട്ട് ഉല്ലാസ യാത്ര പുറപ്പെടുക.
സൂപ്പര്‍ ഡീലക്സ് ബസാണ് യാത്രയ്ക്കായി ഉപയോഗിക്കുക. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 2050 രൂപയാണ് നിരക്ക്. ബസ് ചാര്‍ജും ബോട്ടിന്റെ ചാര്‍ജും ഉൾപ്പെടെയാണിത്. ഇതേ ദിവസം തന്നെ കോഴിക്കോട് ഡിപ്പോയിൽ നിന്നും മൂന്നാര്‍ - അതിരപ്പിള്ളി യാത്രയും കെഎസ്ആര്‍ടിസി സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 7 മണിയ്ക്ക് യാത്ര തിരിക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്കായി സൂപ്പര്‍ ഡീലക്സ് ബസാണ് ഉപയോഗിക്കുക. 1830 രൂപയാണ് നിരക്ക്. ബസ് ചാര്‍ജും ഡോര്‍മിറ്ററിയിലെ താമസവും ഉൾപ്പെടെയാണിത്.
ജൂലൈ മാസത്തിൽ നിരവധി ഉല്ലാസ യാത്രകൾ കോഴിക്കോട് ഡിപ്പോയിൽ നിന്ന് പുറപ്പെടുന്നുണ്ട്. നെല്ലിയാമ്പതി, വയനാട്, ഗവി, മൂകാംബിക, നിലമ്പൂര്‍, വാഗമൺ, ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ, പൈതൽമല തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കാണ് യാത്രകൾ സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങൾക്ക് 9946068832, 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


