പുന്നമട, അഴീക്കൽ കനാൽ, ആർ ബ്ലോക്ക്, പാതിരാമണൽ ദ്വീപ് എന്നിവിടങ്ങളിലൂടെ ഈ യാത്ര സഞ്ചാരികളെ കൊണ്ടുപോകും.

ആലപ്പുഴ: കുട്ടനാടിന്റെ വെള്ളവും പ്രകൃതിയും പാരമ്പര്യവും ചേർന്നൊരുക്കുന്ന അത്ഭുത യാത്രാനുഭവം സമ്മാനിക്കാൻ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കുട്ടനാട് സഫാരി വിനോദസഞ്ചാരികൾക്കായി തയ്യാറാകുന്നു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആശയമാണ് ഈ ബജറ്റ് ടൂറിസം യാത്രയായി പരിണമിച്ചത്. വശ്യമായ കാഴ്ചകളും നാടൻ ഭക്ഷണവും നാടിന്റെ കരവിരുതും കലാപരിപാടികളും സഞ്ചാരികൾക്ക് ഈ യാത്ര സമ്മാനിക്കും.

ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. ആദ്യം എത്തിച്ചേരുക പുന്നമടയിലെ ജലരാജാക്കൻമാരായ ചുണ്ടൻവള്ളങ്ങൾ കുതിച്ച് പായുന്ന നെഹ്‌റു ട്രോഫി ഫിനിഷിംഗ് പോയിന്റിലാണ്. തുടർന്ന് യാത്ര അഴീക്കൽ കനാലിലൂടെ. ഇവിടെ നാടൻ രുചികൾ അടങ്ങിയ പ്രഭാത ഭക്ഷണം സഞ്ചാരികൾക്കായി നൽകും. കൂടാതെ പായ നെയ്ത്ത് കാണുന്നതിനും അത് സ്വയം ചെയ്യുന്നതിനും അവസരം ഉണ്ടാകും. കൂടാതെ ഓല കൊണ്ടുള്ള കരകൗശല ഉൽപ്പന്നങ്ങളായ കുട, മുറം, പായ എന്നിവ വാങ്ങുന്നതിനും അവസരമുണ്ട്.

യഥാർത്ഥ കളിവള്ളങ്ങൾ കണ്ട് കുട്ടനാടിന്റെ അത്ഭുതകരമായ പ്രകൃതി ഭംഗിയും സി ബ്ലോക്ക് ആർ ബ്ലോക്ക് എന്നിവയുടെ പിറവിയെ പറ്റിയും അടുത്തറിയാം. ആർ ബ്ലോക്കിൽ എത്തിക്കഴിയുമ്പോൾ കുട്ടനാടൻ ശൈലിയിൽ ഷാപ്പ് വിഭവങ്ങളും കായൽ വിഭവങ്ങളും ഒത്ത് ചേർന്ന ഉച്ചയൂണ് തയ്യാർ. യാത്രയിൽ പഞ്ചവാദ്യവും ശിങ്കാരി മേളവും വേലകളിയും കുത്തിയോട്ടവും അടങ്ങുന്ന ദൃശ്യങ്ങളും ബോട്ടിൽ സഞ്ചരികൾക്കായി പ്രദർശിപ്പിക്കും.

വൈകിട്ട് യാത്ര എത്തിച്ചേരുന്നത് പാതിരാമണൽ ദ്വീപിലാണ്. ഇവിടെ പരിസ്ഥിതി സൗഹൃദ വസ്തുക്കളാൽ നിർമ്മിച്ച ആംഫി തിയേറ്ററിൽ നാടൻ കലാരൂപങ്ങൾ അരങ്ങേറും. തിരികെ ആലപ്പുഴയിലേക്കുള്ള യാത്രയിൽ കായലിൽ നിന്നും കക്കാ വാരുന്നതും നീറ്റുന്നതും അവ ഉൽപ്പന്നമാക്കി മാറ്റുന്നതും കാണാം. കൂടാതെ ഫ്‌ലോട്ടിം​ഗ് ഷോപ്പുകളിൽ നിന്നും ആലപ്പുഴയുടെ തനതായ ഉത്പന്നങ്ങൾ വാങ്ങുവാനും സാധിക്കും. യാത്ര ആരംഭിച്ച ആലപ്പുഴ ബോട്ട് ജെട്ടിയിൽ തന്നെയാണ് സഫാരി അവസാനിക്കുന്നത്.