55 മീറ്റർ നീളമുള്ള ഈ പാലം സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 

ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഗ്ലാസ് സ്കൈവാക്ക് ബ്രിഡ്ജ് തുറക്കുന്നു. വിശാഖപട്ടണത്താണ് അതിമനോഹരമായ ​ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങിയിരിക്കുന്നത്. കൈലാസഗിരി കുന്നുകളിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലം ഉടൻ തന്നെ സന്ദർശകർക്ക് തുറന്നുകൊടുക്കും‌. ബംഗാൾ ഉൾക്കടലിന്റെയും കിഴക്കൻ ഘട്ട മലനിരകളുടെയും വിശാഖപട്ടണത്തിന്റെ തീരദേശ മേഖലയുടെയുമെല്ലാം കാഴ്ചകൾ ഇനി സഞ്ചാരികൾക്ക് തടസമില്ലാതെ ആസ്വദിക്കാം. സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിലും 55 മീറ്റർ നീളത്തിലുമാണ് ഈ ​ഗ്ലാസ് ബ്രിഡ്ജ് തലയുയർത്തി നിൽക്കുന്നത്.

ജർമ്മൻ നിർമ്മിത ടെമ്പർഡ് ലാമിനേറ്റഡ് ഗ്ലാസ് കൊണ്ടാണ് ​ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. 40 ടൺ സ്റ്റീലിൽ 40 മില്ലീമീറ്റർ കട്ടിയുള്ള മൂന്ന് ലെയറുകളായാണ് ​ഗ്ലാസ് ബ്രിഡ്ജിന്റെ നിർമ്മാണം. 250 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനെ നേരിടാനും ചതുരശ്ര മീറ്ററിന് 500 കിലോഗ്രാം വരെ ഭാരം താങ്ങാനും ഇതിന് കഴിയും. ഒരു സമയം 40 സന്ദർശകരെ മാത്രമേ അനുവദിക്കൂ. ഓരോ ഗ്രൂപ്പിനും 5-10 മിനിറ്റ് സമയം ​ഗ്ലാസ് ബ്രിഡ്ജിൽ ചെലവഴിക്കാം. പ്രവേശന ഫീസ് 250നും 300നും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സന്ദർശകർക്ക് 360 ഡി​ഗ്രി കാഴ്ചകൾ ആസ്വദിക്കാം എന്നതാണ് സവിശേഷത. ഒരു വശത്ത് ബംഗാൾ ഉൾക്കടൽ, വിശാഖപട്ടണത്തിന്റെ തിരക്കേറിയ നഗരദൃശ്യം, മറുവശത്ത് കിഴക്കൻ ഘട്ടങ്ങൾ...അങ്ങനെ കാഴ്ചകളാൽ സമ്പന്നമായ പ്രദേശത്താണ് ​ഗ്ലാസ് ബ്രിഡ്ജിന്റെ നിർമ്മാണം. ഫോട്ടോഗ്രാഫർമാർക്കും ‘ഇൻസ്റ്റാഗ്രാം യാത്രക്കാർ’ക്കും ആസ്വദിക്കാൻ ആവശ്യമായതെല്ലാം കൈലാസ​ഗിരി കാത്തുവെച്ചിട്ടുണ്ട്. വാഗമൺ ഗ്ലാസ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കിയ എസ്എസ്എം ഷിപ്പിംഗ് & ലോജിസ്റ്റിക്സ് (വിശാഖപട്ടണം), ഭാരത് മാതാ വെഞ്ച്വേഴ്‌സ് (കേരളം) എന്നിവരും വിശാഖപട്ടണം മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റിയും (വിഎംആർഡിഎ) സഹകരിച്ചാണ് പുതിയ ​ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഔദ്യോഗികമായി വാഗമണിലെ 38 മീറ്റർ നീളമുള്ള ​ഗ്ലാസ് ബ്രിഡ്ജിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഗ്ലാസ് സ്കൈവാക്ക് ബ്രിഡ്ജായി മാറി.