മൺസൂൺ കാലത്ത് കൂടുതൽ മനോഹരമാകുന്ന ഇവിടം ശാന്തമായ ഒരു യാത്രാനുഭവം നൽകുന്നു. വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറകൾ വഴുപ്പുള്ളതിനാൽ ജാഗ്രത അനിവാര്യമാണ്. കൂനൂരിൽ നിന്ന് വെറും 10 കിലോമീറ്റർ മാത്രമാണ് ഇവിടേയ്ക്കുള്ളത്. 

ജോലിയിൽ നിന്നെല്ലാം ഒരു ഇടവേളയെടുത്ത് ട്രിപ്പ് പോകാൻ പറ്റിയ ക്ലൈമറ്റാണ് ഇപ്പോൾ. ഈ യാത്രയിൽ പച്ചപ്പും ശാന്തതയും ഒപ്പം ഒരു വെള്ളച്ചാട്ടവും ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ കൂനൂരിൽ ഒരിടമുണ്ട്. ലോസ് ഫാൾസ് എന്നാണ് ഇത് അറിയപ്പെടുന്നത്. കൂനൂരിൽ നിന്ന് വെറും 10 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 26 കിലോമീറ്ററും അകലെയുള്ള പച്ചപ്പും ശാന്തതയും നിറഞ്ഞ മനോഹരമായ വെള്ളച്ചാട്ടമാണ് ലോസ് ഫാൾസ് (Laws Falls).

കൂനൂരിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഈ വെള്ളച്ചാട്ടം ഏകദേശം 180 അടി ഉയരത്തിൽ നിന്ന് പാറകളിലൂടെ തിളങ്ങി താഴേക്ക് പതിക്കുന്നു. കൂനൂർ–മേട്ടുപ്പാളയം റോഡിനരികെ സ്ഥിതി ചെയ്യുന്നവെള്ളച്ചാട്ടം നീലഗിരികളുടെ പ്രകൃതി സൌന്ദര്യത്തിന് ഒരു മനോഹര ഉദാഹരണമാണ്.

കൂനൂർ വനമേഖലയ്ക്കുള്ളിലാണ് ലോസ് ഫാൾസ് സ്ഥിതി ചെയ്യുന്നത്. കൂനൂർ നദിയാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉറവിടം. കൂനൂർ ഘട്ട് റോഡ് നിർമ്മിക്കാൻ ഉത്തരവിട്ട കേണൽ ലോയുടെ പേരിലാണ് വെള്ളച്ചാട്ടത്തിന് ലോസ് ഫാൾസ് എന്ന പേര് ലഭിച്ചത്. മൺസൂൺ സമയത്ത് വെള്ളച്ചാട്ടം അതിന്റെ പരമാവധി ഭംഗിയിൽ പ്രത്യക്ഷപ്പെടുന്നു. ഡോൾഫിൻസ് നോസ് വ്യൂപോയിന്റിൽ നിന്നും ഈ വെള്ളച്ചാട്ടം കാണാനാകും.

ലോസ് ഫാൾസിലേക്ക് പ്രവേശന ഫീസ് ഇല്ല. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഏത് സമയത്തും സന്ദർശകർക്ക് ഇവിടം സന്ദർശിക്കാം. വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറകൾ വഴുപ്പുള്ളതിനാൽ ജാഗ്രത അനിവാര്യമാണ്. സ്വകാര്യ വാഹനമോ പൊതു ഗതാഗതമോ ഉപയോഗിച്ച് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഈ സ്ഥലം പ്രകൃതിയുടെ മനോഹാരിതയും ശാന്തതയും ഒരുമിപ്പിക്കുന്നൊരു പൂർണ്ണ സഞ്ചാരാനുഭവം നൽകുന്നു.

ഏറ്റവും അടുത്ത വിമാനത്താവളം കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം (ഏകദേശം 75 km), റെയിൽവേ സ്റ്റേഷനുകൾ മേട്ടുപ്പാളയംയും ഊട്ടിയുമാണ്. അവിടെ നിന്ന് നീലഗിരി ടോയ് ട്രെയിനിൽ കൂനൂരിലെത്തിയ ശേഷം, ടാക്സിയോ പ്രാദേശിക ഗതാഗതമോ ഉപയോഗിച്ച് ലോസ് ഫാൾസിലെത്താം.