മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വട്ടവട, സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങൾക്ക് പേരുകേട്ട ഒരു കാർഷിക ഗ്രാമമാണ്. 

ഇടുക്കി: ദുൽഖർ സൽമാൻ നായകനായെത്തിയ ചാർളി എന്ന സിനിമയിലൂടെ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട രണ്ട് അതിമനോഹരമായ സ്ഥലങ്ങളാണ് മീശപ്പുലിമലയും വട്ടവടയും. മീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്നത് കാണാനും വട്ടവടയുടെ പ്രകൃതിഭം​ഗി ആസ്വദിക്കാനുമെല്ലാം നിരവധി സഞ്ചാരികളാണ് എത്താറുള്ളത്. ഇതിൽ വട്ടവട എന്ന ​ഗ്രാമം പ്രസിദ്ധമാകുന്നത് സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളുടെ പേരിലാണ്.

സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിൽ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന വട്ടവടയിൽ വിളയുന്നത് കേരളത്തിലെ തന്നെ ഏറ്റവും മികച്ച പച്ചക്കറികളാണ്. മൂന്നാറിൽ നിന്ന് കിഴക്ക്, 45 കിലോമീറ്റർ ദൂരെ മാറിയാണ് വട്ടവട സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണ് വട്ടവടയിലേത്. അതിനാൽ തന്നെ ഇവിടേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചുവരികയാണ്.

കാർഷിക ​ഗ്രാമമായ വട്ടവടയിലെത്തിയാൽ മനോഹരമായ കൃഷിയിടങ്ങളുടെ ദൃശ്യങ്ങളാണ് സഞ്ചാരികളെ സ്വാ​ഗതം ചെയ്യുക. തട്ടുതട്ടായി ഒരുക്കിയിരിക്കുന്ന കൃഷിയിടങ്ങൾ തന്നെയാണ് വട്ടവടയിലെ ഹൈലൈറ്റ്. ആപ്പിൾ, ഓറഞ്ച്, സ്ട്രോബറി, പാഷൻ ഫ്രൂട്ട്സ്, നെല്ലിക്ക തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്.

വട്ടവട യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറമാണ്. മൂന്നാറിൽ നിന്ന് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായ പാമ്പാടും‍ ഷോള നാഷണൽ പാർക്കിനുള്ളിലൂടെയാണ് വടവട്ടയിലേക്ക് യാത്ര ചെയ്യേണ്ടത്. തേയിലത്തോട്ടങ്ങളുടെ ഓരം ചേ‍ർന്ന്, പൈൻ മരങ്ങൾക്ക് നടുവിലൂടെ, നന്നേ വീതി കുറഞ്ഞ റോഡിലൂടെയുള്ള യാത്ര നൽകുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്. പോകുന്ന വഴികളിൽ ആന, കാട്ടുപോത്ത് ഉൾപ്പെടെയുള്ള മൃ​ഗങ്ങളെ കാണാനിടയായേക്കാം. അതിനാൽ തന്നെ അതീവ ശ്രദ്ധയോടെ വേണം ഈ റൂട്ടിലൂടെയുള്ള ഡ്രൈവിം​ഗ്.

സൗകര്യങ്ങൾ നന്നേ കുറവായതിനാൽ ആവശ്യത്തിന് മുൻകരുതലുകൾ നടത്തിയ ശേഷം വേണം വട്ടവടയിലേയ്ക്ക് യാത്ര ചെയ്യാൻ. വട്ടവടയിലെത്തിയ ശേഷം റൂമുകൾ തിരഞ്ഞ് കണ്ടെത്താൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. തിരക്കുള്ള സമയമാണെങ്കിൽ റൂം കിട്ടാൻ ബുദ്ധിമുട്ടാകും. മാത്രമല്ല, മൂന്നാറിൽ നിന്ന് വട്ടവടയിലേയ്ക്കുള്ള വഴിയിൽ പെട്രോൾ പമ്പുകളോ ആവശ്യത്തിന് എടിഎമ്മുകളോ വർക്ക് ഷോപ്പുകളോ കാണില്ല. ആവശ്യത്തിന് ഇന്ധനവും പണവും കരുതണമെന്ന് സാരം.