നെല്ലിയാമ്പതി മലനിരകൾക്ക് സമുദ്ര നിരപ്പില്‍ നിന്ന് 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുണ്ട്. പാലക്കാടന്‍ സമതലങ്ങളുടെ ചൂടില്‍ നിന്ന് മാറിനിൽക്കാൻ ഇവിടം അനുയോജ്യമാണ്. 

കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം ഏതെന്ന് അറിയാമോ? അതെ, ഊട്ടിയ്ക്ക് സമാനമായി കോടമഞ്ഞും മലനിരകളും തേയില കൃഷിയുമൊക്കെയുള്ള പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയെ കുറിച്ചാണ് പറയുന്നത്. നെല്ലിയാമ്പതിയിലെ മലനിരകളുടെ സൗന്ദര്യം ആരെയും ആകര്‍ഷിക്കും. സമുദ്ര നിരപ്പില്‍ നിന്ന് 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള ഈ മലനിരകള്‍ പാലക്കാടന്‍ സമതലങ്ങളുടെ ചൂടില്‍ നിന്ന് ഒരു തണുപ്പ് സമ്മാനിക്കുന്നു.

പാലക്കാട് നഗരത്തില്‍ നിന്ന് അറുപത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെല്ലിയാമ്പതിയിലെത്താം. നെല്ലിയാമ്പതിയില്‍ കാണാന്‍ ഒരുപാട് കാഴ്ചകളുണ്ട്. നെല്ലിയാമ്പതിയിലെത്താന്‍ നെന്മാറയില്‍ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴിയാണ് യാത്ര. ഏകദേശം പത്ത് ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടാലാണ് മലമുകളിലെത്തുന്നത്. യാത്രാമധ്യേ ബോട്ടിംഗ് സൗകര്യമുള്ള പോത്തുണ്ടി അണക്കെട്ട് ഒരു ചെറു വിശ്രമത്തിന് അനുയോജ്യമായ ഇടമാണ്.

ചുരം കയറുമ്പോള്‍ വഴിയരികിലെ പച്ചപ്പും പാലക്കാടന്‍ സമതലങ്ങളുടെ വിശാലതയും നെല്ലിയാമ്പതിയിലെ കാഴ്ച കൂടുതൽ സുന്ദരമാക്കും. നെല്‍പാടങ്ങളും തെങ്ങിന്‍ തോപ്പുകളും ഇടകലര്‍ന്ന ഈ പ്രദേശം ഫോട്ടോഗ്രഫിയ്ക്കും പേരുകേട്ടതാണ്. ചില ഇടങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിനെയും കേരളത്തെയും വേര്‍തിരിക്കുന്ന പാലക്കാടന്‍ ഗ്യാപ്പിന്റെ വിസ്തൃതമായ ദൃശ്യം ആസ്വദിക്കാം.

മുകളിലേക്കുള്ള വഴിയില്‍ ഇരുവശത്തും തേയിലത്തോട്ടങ്ങളുടെ നിരയാണ്. വിവിധ കമ്പനികളുടെ തോട്ടങ്ങള്‍ വഴിയിലുടനീളം കാണാം. ഓറഞ്ച് തോട്ടങ്ങളാലും നെല്ലിയാമ്പതി പ്രശസ്തമാണ്. നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പലകപ്പാണ്ടില്‍ എത്തുന്നതു വരെ ഇരുവശത്തുമുള്ള കൃഷിത്തോട്ടങ്ങളില്‍ ചിലര്‍ ഹോം സ്റ്റ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നെല്ലിയാമ്പതിയിലെ പാടഗിരിയിൽ നിന്നും കുത്തനെയുള്ള കയറ്റം കയറി ഒമ്പത് കിലോമീറ്ററോളം യാത്ര ചെയ്താൽ മാട്ടുമലയിൽ എത്താം. ജീപ്പാണ് പ്രധാന യാത്രാമാർഗം. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പലകപ്പാണ്ടി ബംഗ്ലാവിനടുത്തുള്ള സീതാർക്കുണ്ട് വെള്ളച്ചാട്ടം ഇവിടുത്തെ പ്രധാന ആകർഷങ്ങളിൽ ഒന്നാണ്.

കാട്ടുപോത്ത്, മലയണ്ണാൻ, ആന, വരയാട്, പുള്ളിപ്പുലി എന്നിവയുടെ സാങ്കേതിക കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. കാട്ടുപോത്ത്, ആന, പുള്ളിപ്പുലി, മലയണ്ണാന്‍ തുടങ്ങിയ വന്യജീവികള്‍ക്ക് ആവാസകേന്ദ്രമായ ഈ പ്രദേശം പക്ഷി നിരീക്ഷകർക്കും ഇഷ്ടപ്പെടും. വ്യത്യസ്ത നിറങ്ങളിലും ശബ്ദങ്ങളിലുമുള്ള പക്ഷികളുടെ പറുദീസയെന്ന പേരും നെല്ലിയാമ്പതിക്ക് അനിയോജ്യമാണ്.