ഹെൽസിങ്കിയുടെ തീരത്ത് ബാൾട്ടിക് കടലിൽ സ്ഥിതി ചെയ്യുന്ന സൂപ്പർഷീ ദ്വീപ് സ്ത്രീകൾക്ക് മാത്രമുള്ള ഒരു സ്വകാര്യ വിശ്രമ കേന്ദ്രമാണ്. ഇവിടെ പുരുഷന്മാർക്ക് പ്രവേശനമില്ല.
കുടുംബങ്ങളും ദമ്പതികളും സുഹൃത്തുക്കളുമെല്ലാം ഒരുമിച്ച് യാത്ര ചെയ്യുന്ന കാലമാണിത്. എന്നാൽ, ഇത്തരമൊരു ലോകത്തിൽ ഏറ്റവും അസാധാരണമായ ഡെസ്റ്റിനേഷനുകളിലൊന്നായി മാറുന്ന ഒരു സ്ഥലമുണ്ട്. എന്താണ് കാരണമെന്നല്ലേ? അവിടെ പുരുഷന്മാർക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. സ്ത്രീകൾക്ക് മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. ഒരു പ്രത്യേക ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
ഹെൽസിങ്കിയുടെ തീരത്ത് ബാൾട്ടിക് കടലിൽ സ്ഥിതി ചെയ്യുന്ന സൂപ്പർഷീ ദ്വീപിലാണ് പുരുഷൻമാർക്ക് പ്രവേശന വിലക്കുള്ളത്. ഇവിടം സ്ത്രീകൾക്ക് മാത്രമുള്ള ഒരു സ്വകാര്യ വിശ്രമ കേന്ദ്രമാണ്. ‘ഇവിടെ, ദൈനംദിന ജീവിതത്തിന്റെ തിരക്കുകൾ ഇല്ലാതാകുന്നു, പകരം ബാൾട്ടിക് കടലിന്റെ ശാന്തമായ ശബ്ദങ്ങളും പൈൻ മരങ്ങളുടെ മുഴക്കവും കേൾക്കാം’. സൂപ്പർഷീ ദ്വീപിനെ കുറിച്ച് ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നത് ഇങ്ങനെ. സ്ത്രീകൾക്ക് എല്ലാ ശ്രദ്ധാശൈഥില്യങ്ങളിൽ നിന്നും മുക്തമായി സ്വയം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു ഇടം ആവശ്യമാണ് എന്ന കണ്ടെത്തലാണ് സ്ഥാപകയായ ക്രിസ്റ്റീന റോത്തിനെ ഇത്തരമൊരു ആശയത്തിലേയ്ക്ക് നയിച്ചത്.
സൂപ്പർഷീ ദ്വീപ് ഒരു സാധാരണ താമസ സ്ഥലമല്ല. ആരോഗ്യം, പ്രകൃതി, ബന്ധം എന്നിവയ്ക്ക് പ്രാധാന്യം നൽകി ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ അനുഭവം പ്രദാനം ചെയ്യുകയാണ് സൂപ്പർഷീ ദ്വീപിന്റെ ലക്ഷ്യം. ഒരു സൂര്യോദയ യോഗ സെഷനോ ബീച്ചിൽ സ്വിമ്മിംഗോ നടത്തി നിങ്ങൾക്ക് ദിവസം ആരംഭിക്കാം. മരതക പായൽ വിരിച്ച വനങ്ങളിലൂടെയുള്ള നടത്തം, ദ്വീപസമൂഹത്തിന് ചുറ്റും കയാക്കിംഗ് തുടങ്ങി നിരവധി ആക്ടിവിറ്റികൾ ഇവിടെ ആസ്വദിക്കാം. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ഫാം-ടു-ടേബിൾ ഡൈനിംഗും ശ്രദ്ധേയമാണ്.
ഒരേ സമയം പരിമിതമായ എണ്ണം അതിഥികൾക്ക് മാത്രമേ സൂപ്പർഷീ ദ്വീപിൽ പ്രവേശനം ലഭ്യമാകൂ. ഒരേ സമയം 8 സ്ത്രീകൾക്ക് മാത്രമേ ഇവിടുത്തെ വില്ലയിൽ താമസിക്കാൻ കഴിയൂ എന്ന് ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. ലോകമെമ്പാടുമുള്ള സംരംഭകർ, കലാകാരികൾ, നേതാക്കൾ തുടങ്ങി നിരവധിയാളുകൾ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി വിശ്രമത്തിനും പുതിയ സൗഹൃദങ്ങൾ കണ്ടെത്താനുമെല്ലാമായി ഇവിടേയ്ക്ക് എത്താറുണ്ട്. സാധാരണ ആഘോഷങ്ങളേക്കാൾ ഉപരിയായി മാനസികാരോഗ്യത്തിനും സ്വയം വളർച്ചയ്ക്കും മുൻഗണന നൽകുന്ന ഇടങ്ങളാണ് സ്ത്രീകൾ തേടുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് സൂപ്പർഷീ ദ്വീപ് പ്രസക്തമാകുന്നതും.


