സ്കൈസ്‌കാനറിന്റെ ട്രാവൽ ട്രെൻഡ്‌സ് റിപ്പോർട്ട് 2025 പ്രകാരം ലഡാക്ക്, ഗോവ, മണാലി, ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളെയെല്ലാം മറികടന്ന് സെർച്ചുകളുടെ കാര്യത്തിൽ മുന്നിലെത്തിയിരിക്കുന്നത് ഷില്ലോങാണ്.
ദില്ലി: അമ്പരപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളുടെയും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും കാര്യത്തിൽ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. ലഡാക്ക്, ഗോവ, മണാലി, ജയ്പൂർ തുടങ്ങിയ പ്രശസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ സഞ്ചാരികളുടെ ഒഴുക്കാണ് കാണാൻ സാധിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നത് ഈ സ്ഥലങ്ങളൊന്നുമല്ല എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ വളരെയേറെ പ്രചാരം നേടുന്ന സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ട്രാവൽ ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് മേഘാലയയിലെ ഷില്ലോങ്.
സ്കൈസ്‌കാനറിന്റെ ട്രാവൽ ട്രെൻഡ്‌സ് റിപ്പോർട്ട് 2025 അനുസരിച്ച്, മേഘാലയയിലെ ഈ ഹിൽ സ്റ്റേഷൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ട്രാവൽ ഡെസ്റ്റിനേഷനായി ഔദ്യോഗികമായി ഉയർന്നുവന്നിരിക്കുകയാണ്. ‘കിഴക്കിന്റെ സ്കോട്ട്ലൻഡ്’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഷില്ലോങ് തണുത്ത കാലാവസ്ഥയ്ക്കും കഫേകൾക്കും തിരക്കേറിയ പ്രാദേശിക വിപണികൾക്കും പ്രശസ്തമായി മാറിയിരിക്കുകയാണ്. നിങ്ങൾ ഒരു പ്രകൃതി സ്നേഹിയോ, ചരിത്രപ്രേമിയോ, ഭക്ഷണപ്രിയനോ ആകട്ടെ, എല്ലാവർക്കും ആസ്വദിക്കാൻ ആവശ്യമായതെല്ലാം ഷില്ലോങ് കാത്തുവെച്ചിട്ടുണ്ട്.
ഷില്ലോങ്ങിൽ കാണേണ്ട സ്ഥലങ്ങൾ
എലിഫന്റ് വെള്ളച്ചാട്ടം - മൂന്ന് തട്ടുകളുള്ള വെള്ളച്ചാട്ടമാണ് എലിഫന്റ് വെള്ളച്ചാട്ടം. ഇത് പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർക്കും ഏറെ അനുയോജ്യമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്.
ഡോൺ ബോസ്കോ മ്യൂസിയം - ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയുടെ വൈവിധ്യമാർന്ന സംസ്കാരം ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
മാവ്ഫ്ലാങ് കാടുകൾ - ജൈവവൈവിധ്യവും സാംസ്കാരിക പ്രധാന്യവും കൊണ്ട് സമ്പന്നമായ സ്ഥലം. സാഹസിക പ്രേമികൾക്ക് ഇവിടം ഏറെ അനുയോജ്യമാണ്.
ഷില്ലോങ് കൊടുമുടി - മേഘാലയയിലെ ഏറ്റവും ഉയരമുള്ള വ്യൂപോയിന്റാണിത്. നഗരത്തിന്റെ വിശാലമായ കാഴ്ചകൾ ഇവിടം പ്രദാനം ചെയ്യുന്നു.
ഉമിയം തടാകം - ബോട്ടിംഗിനും പിക്നിക്കുകൾക്കും അനുയോജ്യമായ ഒരു വലിയ മനുഷ്യനിർമ്മിത തടാകമാണ് ഉമിയം തടാകം.
ഷില്ലോങ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം
മാർച്ച് മുതൽ ജൂൺ വരെയാണ് ഷില്ലോങ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വസന്തകാലവും വേനൽക്കാലത്തിന്റെ തുടക്കവും ഷില്ലോങിലെ കാഴ്ചകൾ അതിമനോഹരമാക്കുന്നു. മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ കാലാവസ്ഥ സുഖകരമായിരിക്കും. പകൽ താപനില 15 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. തെളിഞ്ഞ ആകാശത്തിന് കീഴിൽ സമൃദ്ധമായ വനങ്ങളുടെ കാഴ്ചകളും നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും കാണാം. മഴയെക്കുറിച്ച് ആശങ്കപ്പെടാതെ നിങ്ങൾക്ക് കാഴ്ചകൾ കാണാനും ഹൈക്കിംഗ് നടത്താനും ഉമിയം തടാകത്തിൽ ബോട്ടിംഗ് നടത്താനും അതിശയകരമായ പ്രകൃതിദൃശ്യങ്ങളിൽ മുഴുകാനും സാധിക്കും.


