കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് പാമ്പാടും ചോല. മൂന്നാറിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ വനപ്രദേശം സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാ റൂട്ടുകളിലൊന്നാണ്.
കേരളത്തിലെ ഏറ്റവും ചെറിയ നാഷണൽ പാർക്കാണ് പാമ്പാടും ചോല (പാമ്പാടും ചോല). മൂന്നാർ മാട്ടുപ്പെട്ടി - എക്കോ പോയിന്റ് - ടോപ്പ് സ്റേഷൻ റൂട്ടിൽ സഞ്ചരിച്ചാൽ പാമ്പാടും ചോലയിലെത്താം. ടോപ് സ്റ്റേഷൻ പിന്നിട്ട് മുന്നോട്ടു പോയാൽ ചെക്ക് പോസ്റ്റ് എത്തും. അവിടെ നിന്ന് അടുത്ത ചെക്ക് പോസ്റ്റ് വരെ വാഹനം നിർത്താനോ വാഹനത്തിൽ നിന്ന് ഇറങ്ങാനോ പാടില്ല. ഈ റൂട്ടിൽ മുന്നോട്ട് സഞ്ചരിച്ചാൽ മനോഹരമായ വട്ടവട ഗ്രാമത്തിലെത്താം. സഞ്ചാരികളുടെ പ്രിയപ്പെട്ട റൈഡുകളിലൊന്നാണ് പാമ്പാടും ചോലയിലൂടെയുള്ള യാത്ര.
മൂന്നാറിൽ നിന്നും ഏകദേശം 41 കി.മീ സഞ്ചരിച്ചാൽ പാമ്പാടും ചോലയിലെത്താം. 11.578 ചതുരശ്ര കി.മീ വിസ്തൃതിയുള്ള ചെറിയൊരു വനപ്രദേശമാണിത്. 1897ൽ പാമ്പാടും ചോലയെ റിസർവ് വനഭൂമിയായി പ്രഖ്യാപിച്ചു. പിന്നീട് 2003ൽ, അതിന്റെ ദുർബലമായ പരിസ്ഥിതിയും ജൈവ സമ്പത്തും സംരക്ഷിക്കുന്നതിനായി അധികാരികൾ ഇതിനെ ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുകയായിരുന്നു. കടുവകൾ, പുള്ളിപ്പുലികൾ, അപൂര്‍വമായി കാണപ്പെടുന്ന പറക്കും അണ്ണാൻ, വരയാടുകൾ, പുള്ളിമാനുകൾ, ആനകൾ എന്നിവയും വ്യത്യസ്ത തരം പക്ഷികളുമെല്ലാം പാമ്പാടും ചോലയിലുണ്ട്. ഔഷധ സസ്യങ്ങളുടെ സമ്പന്നമായ ഒരു ജൈവവൈവിധ്യ കേന്ദ്രം കൂടിയാണ് പാമ്പാടും ചോല.
ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിലാണ് പാമ്പാടും ചോല സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. സുഖകരമായ കാലാവസ്ഥയാണ് ഈ സമയം ഇവിടെ ലഭിക്കുന്നത്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. വനത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ വടക്കുകിഴക്കൻ മൺസൂണിലും പാമ്പാടും ചോല വനങ്ങളിൽ കനത്ത മഴ ലഭിക്കാറുണ്ട്.
എങ്ങനെ എത്തിച്ചേരാം
റോഡ് മാർഗം: മൂന്നാർ ബസ് സ്റ്റാൻഡ്, ഏകദേശം 37.7 കി.മീ.
റെയിൽ മാർഗം: ആലുവ റെയിൽവേ സ്റ്റേഷൻ, ഏകദേശം 139 കി.മീ
വായു മാർഗം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 138 കി.മീ


