കൊല്ലം തെന്മലയ്ക്ക് അടുത്തുള്ള പാണ്ഡവൻപാറ അധികം അറിയപ്പെടാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. 

നമ്മുടെ ഈ കൊച്ചു കേരളത്തിൽ അധികം അറിയപ്പെടാതെ കിടക്കുന്ന നിരവധി ടൂറിസ്റ്റ് സ്പോട്ടുകളുണ്ട്. ഇങ്ങനെയുള്ള ഹിഡൻ സ്പോട്ടുകൾ തിരഞ്ഞ് കണ്ടുപിടിച്ച് യാത്ര ചെയ്യുന്നവരെ നിങ്ങൾക്ക് അറിയാമായിരിക്കും. അങ്ങനെയുള്ളവർക്ക് പറ്റിയ ഇടമാണ് കൊല്ലത്തെ പാണ്ഡവൻപാറ. കൊല്ലം തെന്മലയ്ക്ക് അടുത്താണ് പാണ്ഡവൻപാറ സ്ഥിതി ചെയ്യുന്നത്. മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് ഇങ്ങനെ പേര് വന്നത്.

തെന്മലയിലെ ഉരുക്കുന്നിന് അടുത്താണ് പാണ്ഡവൻപാറയുള്ളത്. കാടിനുള്ളിലൂടെ നടന്ന് വേണം പാണ്ഡവൻ പാറയ്ക്ക് മുകളിലെത്താൻ. പാറയുടെ മുകളിൽ ഒരു ക്ഷേത്രവുമുണ്ട്. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം ഭീമാകാരമായ പാറകൾ തന്നെയാണ്. തെന്മലയുടെ ഭംഗി മുഴുവൻ ഈ പാണ്ഡവൻ പാറയ്ക്ക് മുകളിലെത്തിയാൽ കാണാം. കുന്നും മലയും തടാകവും റെയിൽപാതയുമെല്ലാം ഇവിടെ നിന്നാൽ കാണാൻ സാധിക്കും.

പാണ്ഡവൻപാറയ്ക്ക് മുകളിലെത്താൻ അല്പം നടക്കേണ്ടതായുണ്ട്. കാട്ടിലൂടെയുള്ള ഈ യാത്ര നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപ്പെടും. വൈകുന്നേരങ്ങളിൽ ശാന്തമായ ഒരിടത്ത് ഇരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ധൈര്യമായി പാണ്ഡവൻ പാറയിലേക്ക് വരാം. തെന്മലയിലേക്ക് എത്തുന്ന ഭൂരിഭാഗം സഞ്ചാരികൾക്കും പാണ്ഡവൻ പാറയെ കുറിച്ച് അറിയില്ല. അതുകൊണ്ട് തന്നെ ഇനി തെന്മലയിലേക്ക് എത്തുമ്പോൾ പാണ്ഡവൻ പാറ കയറാൻ മറക്കേണ്ട...