തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ വന്യജീവി സങ്കേതം, വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ്. ഇവിടെ എത്തിയാൽ പേപ്പാറ ഡാമിന്റെ മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാം. 

തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വന്യജീവി സങ്കേതമാണ് പേപ്പാറ. പ്രകൃതി സ്നേഹികൾക്കും വന്യജീവി പ്രേമികൾക്കും അനുയോജ്യമായ ഇടമാണിത്. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ സമ്പന്നമായ പേപ്പാറയിലെ ഡാമിന്റെ കാഴ്ചകൾ വർണനാതീതമാണ്. ഡാമിന്റെ പേരിൽ നിന്നാണ് ഈ സങ്കേതത്തിന് പേപ്പാറ എന്ന പേര് ലഭിച്ചത്. ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് പേപ്പാറ ഡാം നിർമ്മിച്ച അതേ വർഷം (1983) തന്നെ ഇതിനെ 'വന്യജീവി സങ്കേതമായി' പ്രഖ്യാപിച്ചു.

പേപ്പാറ വന്യജീവി സങ്കേതത്തിന് 53 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുണ്ട്. ഇടതൂർന്ന വനങ്ങൾ, കുന്നിൻ പ്രദേശങ്ങൾ, അരുവികൾ എന്നിവ ഈ വനത്തെ ഒരു സ്വപ്നഭൂമിയാക്കി മാറ്റുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിലേക്കുള്ള യാത്രാമധ്യേ സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. തിരുവനന്തപുരം ന​ഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഒരു ട്രെക്കിംഗ് സ്പോട്ട് കൂടിയാണിത്. അപൂർവ ഇനം മൃഗങ്ങളെയും പക്ഷികളെയും കാണാൻ ലഭിക്കുന്ന അവസരമാണ് ഈ ട്രെക്കിം​ഗിന്റെ പ്രധാന ആകർഷണം.

‌ആന, വ്യത്യസ്ത തരം മാനുകൾ, കാട്ടുപന്നികൾ, കരിങ്കുരങ്ങുകൾ, വരയാടുകൾ, കരടികൾ, സിംഹവാലൻ കുരങ്ങുകൾ, പുള്ളിപ്പുലി തുടങ്ങി നിരവധി മൃഗങ്ങളെ ഇവിടെ പതിവായി കാണാറുണ്ട്. മലബാർ ഗ്രേ ഹോൺബിൽ, വൈറ്റ്-ബെല്ലിഡ് ട്രീപി, സ്മോൾ സൺബേർഡ് തുടങ്ങിയ അപൂർവവും മനോഹരവുമായ പക്ഷി ഇനങ്ങളും ഈ വനമേഖലയിൽ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ അതിമനോഹരമായ സൗന്ദര്യത്തിന്റെ ഒരു നേർക്കാഴ്ച ഇവിടെ അനുഭവിക്കാൻ കഴിയും. സാഹസികതയും അതുല്യമായ വന്യജീവികളുടെ കാഴ്ചകളും കാണാൻ ആ​ഗ്രഹിക്കുന്നവർക്ക് പേപ്പാറ വന്യജീവി സങ്കേതം തികച്ചും അനുയോജ്യമായ സ്ഥലമാണ്.

തിരുവനന്തപുരത്തെ ഏറ്റവും മികച്ച ട്രെക്കിംഗ് പാതകളിൽ ഒന്നാണ് പേപ്പാറ വന്യജീവി സങ്കേതത്തിലെ വാഴ്‌വന്തോൾ വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിംഗ്. യൂക്കാലിപ്റ്റസ് തോട്ടങ്ങളിലൂടെയുള്ള ആദ്യ ഘട്ടം ലളിതമാണെങ്കിലും, പിന്നീട് ഇത് ‌വെല്ലുവിളി നിറഞ്ഞ ഒന്നായി മാറും. 5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ട്രെക്കിംഗിന്റെ അവസാനം, സമൃദ്ധമായ മരങ്ങളാൽ ചുറ്റപ്പെട്ട വെള്ളച്ചാട്ടത്തിന്റെ തണുപ്പ് സഞ്ചാരികളെ തേടിയെത്തും. നല്ല തണുത്ത വെള്ളത്തിൽ ഒരു കുളി പാസാക്കാനും സാധിക്കും.