ഇടുക്കി-കോട്ടയം ജില്ലകളിലായി സ്ഥിതി ചെയ്യുന്ന വാഗമണിലെ ഒരു മറഞ്ഞിരിക്കുന്ന സ്ഥലമാണ് കോട്ടത്താവളം. മനോഹരമായ
തണുപ്പുകാലത്തെ വിനോദ സഞ്ചാരികളുടെ പ്രധാന സ്പോട്ടാണ് വാഗമൺ. ഇടുക്കി-കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഇവിടെ പൊതുവെ തണുത്ത കാലാവസ്ഥയാണ്. വാഗമണ്ണിലെ മൊട്ടക്കുന്നുകൾ കാണാനും അവിടെ സമയം ചെലവഴിക്കാനുമാണ് സഞ്ചാരികൾ എത്തുന്നത്. എന്നാൽ വാഗമണ്ണിൽ എത്തുന്നവർ അറിയാതെ പോകുന്ന ഒരിടമുണ്ട്, മലകളാൽ കോട്ടകെട്ടിയ കോട്ടത്താവളം...
കോട്ടയം ജില്ലയിലാണ് കോട്ടത്താവളം സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ പ്രകൃതി ഭംഗി കൊണ്ടും ചരിത്രപരമായ പ്രാധാന്യങ്ങൾ കൊണ്ടും വളരെയധികം പ്രത്യേകതകളുള്ള ഒരിടമാണ് കോട്ടത്താവളം. വാഗമണ്ണിൽ എത്തുന്ന ഭൂരിഭാഗം സഞ്ചാരികൾക്കും ഇങ്ങനെയൊരുയിടത്തെ കുറിച്ച് അറിയില്ല എന്നത് തന്നെയാണ് യാഥാർത്ഥ്യം. പൂഞ്ഞാർ രാജാക്കന്മാർ മധുരയ്ക്ക് പോകാനായി ഉപയോഗിച്ചിരുന്ന രാജപാതയിൽ വിശ്രമിക്കാനായി തിരഞ്ഞെടുത്ത സ്ഥലമാണ് കോട്ടത്താവളം. നാല് മലകളാൽ ചുറ്റപ്പെട്ട് കോട്ടപോലെ നിൽക്കുന്നതിനാലാണ് കോട്ടത്താവളം എന്ന പേര് ലഭിച്ചത്.
ഇവിടുത്തെ വെള്ളച്ചാട്ടം തന്നെയാണ് പ്രധാന ആകർഷണം. മഴക്കാലത്ത് ഈ വെള്ളച്ചാട്ടത്തിന് ഭംഗിയേറും. ഇതിനൊപ്പം കോടമഞ്ഞ് കൂടിയാകുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ. വാഗമൺ കുരിശുമലയിൽനിന്ന് കാൽനടയായും വണ്ടിയിലും കോട്ടത്താവളത്തിലേക്ക് എത്താം. ഇവിടെയെത്തിയാൽ കുരിശുമലയുടെ താഴ്ഭാഗത്ത് നിന്നും ഉത്ഭവിക്കുന്ന നീർച്ചാൽ ഒഴുകി താഴേക്ക് എത്തുമ്പോഴേക്കും ഒരു വലിയ വെള്ളച്ചാട്ടമായി മാറുന്നത് നിങ്ങൾക്ക് കാണാനാകും. മീനച്ചിലാറിന്റെ ഉത്ഭവപ്രദേശം കൂടിയാണ് ഇത്.
ഓഫ് റോഡ് യാത്ര, ഇടയ്ക്കിടെ ചെറിയ അരുവികൾ, വെള്ളച്ചാട്ടങ്ങൾ, 360 വ്യൂപോയിന്റ് ഒക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. അൽപം സാഹസികമായ ചെറിയൊരു ട്രെക്കിംഗ് കഴിഞ്ഞ് എത്തുമ്പോൾ ആദ്യം കാണുന്നത് കോട്ടത്താവളം വ്യൂപോയിന്റാണ്. ഇവിടെ നിന്നും കോട്ടത്താവളം വെള്ളച്ചാട്ടം കാണാം. ഈ വ്യൂപോയിന്റിൽ നിന്ന് കുറച്ച് കൂടി കയറിയാൽ വെള്ളച്ചാട്ടത്തിന് മുകളിലെത്താം. ഒരു ഗുഹയും ഇവിടെയുണ്ട്. ഗുഹയിൽ മധുരയിലെ രാജകുടുംബം വിശ്രമിച്ചു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അപ്പോൾ ഇനി വാഗമണ്ണിലേക്ക് യാത്ര തിരിക്കുമ്പോൾ കോട്ടത്താവളം മിസ്സാക്കല്ലേ....
