സമുദ്രനിരപ്പിൽ നിന്ന് 1,060 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൊസഡി ഗുമ്പെയിൽ നിന്ന് അറബിക്കടലിന്റെയും മംഗലാപുരം നഗരത്തിന്റെയും കുദ്രേമുഖ് പർവതനിരകളുടെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും.
കേരളത്തിൽ സമീപകാലത്തായി നിരവധി ഹിഡൻ സ്പോട്ടുകളാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രശസ്തിയാർജിക്കുന്നത്. ട്രെക്കിംഗിനും ക്യാമ്പിംഗിനുമെല്ലാം അനുയോജ്യമായ പല സ്ഥലങ്ങളും ഇപ്പോൾ സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്. അത്തരത്തിൽ അടുത്തിടെ വലിയ രീതിയിൽ പ്രചാരം നേടിയ ഒരു സ്ഥലമാണ് പൊസഡി ഗുമ്പെ.
പേര് കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നത് പോലെ കാഴ്ചകളുടെ കാര്യത്തിലും ഏറെ വൈവിധ്യങ്ങൾ ഒളിപ്പിച്ച സ്ഥലമാണ് പൊസഡി ഗുമ്പെ. കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു മികച്ച പിക്നിക്, ട്രെക്കിംഗ് സ്പോട്ടാണിത്. അതിമനോഹരമായ കാഴ്ചകളും ശാന്തമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്ന പൊസഡി ഗുമ്പെ സമുദ്രനിരപ്പിൽ നിന്ന് 1,060 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ചേശ്വരത്തിന് കിഴക്കായും പ്രശസ്തമായ ബേക്കൽ കോട്ടയിൽ നിന്ന് വെറും 15 കിലോമീറ്റർ തെക്കായും സ്ഥിതിചെയ്യുന്ന പൊസഡി ഗുമ്പെ മൂടൽമഞ്ഞിൽ പൊതിഞ്ഞ കുന്നിൻ പ്രദേശങ്ങളും പനോരമിക് കാഴ്ചകളും വർണനാതീതമായ പ്രകൃതി സൗന്ദര്യവും സഞ്ചാരികൾക്കായി കാത്തുവെച്ചിട്ടുണ്ട്.
‘പൊസഡി’ എന്നത് തുളു ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്കാണ്. ‘പൊസ’ എന്നാൽ പുതിയത് എന്നും ‘ഗുമ്പെ’ എന്നാൽ കുന്ന് എന്നുമാണ് അർത്ഥം. ഏറ്റവും മുകളിലെത്തിയാൽ സന്ദർശകർക്ക് അറബിക്കടലിന്റെയും മംഗലാപുരം നഗരത്തിന്റെയും കുദ്രേമുഖ് പർവതനിരകളുടെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും. സൂര്യോദയത്തിന്റെ കാഴ്ചകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. എന്നാൽ, പൊസഡി ഗുമ്പെയിൽ സൗകര്യങ്ങൾ വളരെ കുറവാണ്. അതിനാൽ തന്നെ ഭക്ഷണം, വെള്ളം, ട്രെക്കിംഗ് ഉപകരണങ്ങൾ എന്നിവ കരുതുന്നതാണ് നല്ലത്. പൊസഡി ഗുമ്പെയ്ക്ക് ചുറ്റുമുള്ള പ്രദേശം ഏറെക്കുറെ ജനവാസമില്ലാത്തതാണ്. അതിനാൽ പ്രകൃതിയിൽ മുഴുകാനും ശാന്തമായ ഒരു സ്ഥലം അന്വേഷിക്കുന്നവർക്കും ഇവിടം മികച്ച ഓപ്ഷനാണ്.


