ഇന്ത്യയിൽ ശക്തി പ്രാപിച്ചുവരുന്ന പുതിയ യാത്രാ പ്രവണതയാണ് സ്ലീപ്പ് ടൂറിസം. ദൈനംദിന തിരക്കുകളിൽ നിന്ന് മാറി, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി മനസ്സിനും ശരീരത്തിനും ആരോഗ്യം വീണ്ടെടുക്കാൻ ഇത് സഹായിക്കുന്നു. 

യാത്ര എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുക ഡെസ്റ്റിനേഷനെ കുറിച്ചും അവിടുത്തെ കാഴ്ചകളെ കുറിച്ചുമെല്ലാമായിരിക്കും. എന്നാൽ, ഓരോ കാലത്തും ടൂറിസം മേഖലയിൽ വ്യത്യസ്തമായ യാത്രാ പ്രവണതകൾ ഉയർന്നുവരാറുണ്ട്. അത്തരത്തിൽ നിങ്ങളുടെ പതിവ് യാത്രാ ശൈലിയിൽ അസാധാരണമായ ഒരു വഴിത്തിരിവ് ഉണ്ടാക്കിയേക്കാൻ സാധ്യതയുള്ള, ഇന്ത്യയിൽ ശക്തി പ്രാപിച്ചുവരുന്ന സവിശേഷമായ യാത്രാ പ്രവണതകളിലൊന്നാണ് സ്ലീപ്പ് ടൂറിസം. ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്ന് പൂർണമായി മാറി നിൽക്കാൻ ആ​ഗ്രഹിക്കുന്നവരാണ് സ്ലീപ്പ് ടൂറിസത്തിലെ പ്രധാനികൾ.

ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ ആളുകളുടെ മനസ്സിനെയും ശരീരത്തെയും വീണ്ടെടുക്കുക എന്നതാണ് സ്ലീപ്പ് ടൂറിസത്തിന്റെ ലക്ഷ്യം. നഗര ജീവിതത്തിലെ തിരക്കിൽ നിന്ന് കുറച്ചുനേരം ഇടവേള എടുക്കുക എന്നതാണ് ഇതിന്റെ രണ്ടാമത്തെ ഉദ്ദേശ്യം. കേവലം വീട്ടിൽ നിന്ന് മാറി മറ്റൊരിടത്ത് ഉറങ്ങുക എന്നതല്ല സ്ലീപ്പ് ടൂറിസം കൊണ്ട് അർത്ഥമാക്കുന്നത്. ഉറക്കമില്ലായ്മ, ജീവിതശൈലി മൂലമുണ്ടാകുന്ന ഉറക്ക തകരാറുകൾ എന്നിവയെ ചെറുക്കുന്നതിനും സമ്പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുന്നതിനും ശാസ്ത്രീയമായി കണ്ടെത്തിയ ഒരു സാങ്കേതികതയാണിത്.

നഗര ജീവിതത്തിലെ സമ്മർദ്ദം, സ്‌ക്രീൻ സമയത്തിലുണ്ടാകുന്ന വൻ വർധന, തിരക്കേറിയ ഷെഡ്യൂളുകൾ എന്നിവ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പല ആരോ​ഗ്യപ്രശ്നങ്ങൾക്കും ഉറക്കക്കുറവാണ് പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. ആരോഗ്യ സംരക്ഷണത്തിൽ ഉറക്കത്തിനുള്ള പങ്ക് വളരെ വലുതാണ്. കോവിഡ് കാലത്തിന് ശേഷം ആരോ​ഗ്യകാര്യങ്ങളിൽ ആളുകൾ മുമ്പത്തെക്കാളും ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇത് ടൂറിസം മേഖലയിലും പ്രകടമാണ്. ഇന്ന് വിനോദസഞ്ചാരികൾ സ്ഥലങ്ങൾ കാണാൻ മാത്രമല്ല ആഗ്രഹിക്കുന്നത്. വിശ്രമിക്കാനും അവർ ഇഷ്ടപ്പെടുന്നുണ്ട്. അതിനാൽ തന്നെ ഉറക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവധിക്കാല യാത്രകൾ ഒരു പ്രധാന ഉപവിഭാഗമായി മാറുകയാണ്.

ഇന്ത്യയിൽ സ്ലീപ്പ് ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ 5 സ്ഥലങ്ങൾ

1. ഋഷികേശ് (ഉത്തരാഖണ്ഡ്):

യോഗയുടെ ലോക തലസ്ഥാനം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. നിരവധി റിസോർട്ടുകൾ ഗൈഡഡ് മെഡിറ്റേഷൻ, ആയുർവേദ സ്ലീപ്പ് തെറാപ്പി, ശാന്തമായ നദീതീര സായാഹ്നങ്ങൾ എന്നിവ ഋഷികേശ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സ്ലീപ്പ് ടൂറിസത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നാണിത്.

2. മണാലി (ഹിമാചൽ പ്രദേശ്):

മഞ്ഞുമൂടിയ മലനിരകളാലും ശാന്തമായ വനങ്ങളാലും ചുറ്റപ്പെട്ട മണാലിയിൽ എത്തിയാൽ ശുദ്ധവായു ശ്വസിച്ച് പരിസ്ഥിതി സൗഹൃദ റിസോർട്ടുകളിൽ സമാധാനപരമായി താമസിക്കാം. ഇതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും മണാലിയിലുണ്ട്. ചില റിസോർട്ടുകളിൽ ഹെർബൽ ബത്ത്, സൗണ്ട് തെറാപ്പി തുടങ്ങി ഉറക്കത്തിന് ആവശ്യമായ ചികിത്സകളും ലഭ്യമാണ്.

3. കൂർഗ് (കർണാടക):

ഇന്ത്യയുടെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന അതിമനോ​ഗരമായ സ്ഥലമാണ് കൂർ​ഗ്. മൂടൽമഞ്ഞുള്ള ഭൂപ്രകൃതിയും കാപ്പിത്തോട്ടങ്ങളുമെല്ലാം ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഗൈഡഡ് സ്ലീപ്പിംഗ് സെഷനുകൾ, പ്രകൃതിദത്തമായ സുഗന്ധങ്ങൾ, നിശബ്ദമായ റിട്രീറ്റുകൾ എന്നിവയുൾപ്പെടെയുള്ളവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

‌4. കേരളം:

മൂന്നാറിലും ആലപ്പുഴയിലും വയനാട്ടിലുമെല്ലാമുള്ള ആയുർവേദ റിസോർട്ടുകൾ സ്ലീപ്പ് ടൂറിസത്തിന് തിരഞ്ഞെടുക്കാവുന്ന സ്ഥലങ്ങളാണ്. ആയുർവേദ റിസോർട്ടുകളും സ്ലീപ്പ് തെറാപ്പിയുമെല്ലാം ഇവിടങ്ങളിൽ ലഭ്യമാണ്. ഹൗസ് ബോട്ടുകളും മികച്ച ഓപ്ഷനാണ്.

5. സ്പിതി വാലി (ഹിമാചൽ പ്രദേശ്):

നക്ഷത്രനിബിഡമായ ആകാശത്തിനു കീഴിൽ സമാധാനപരമായി വിശ്രമിക്കാനും ഉറങ്ങാനുമെല്ലാം അവസരം നൽകുന്ന മനോഹരമായ സ്ഥലമാണ് സ്പിതി വാലി. നിശബ്ദമയമായ, ശാന്തമായ ഈ ഉയർന്ന പ്രദേശം ഡിജിറ്റൽ ഡീടോക്സിനും സ്ലീപ്പ് തെറാപ്പിക്കും അനുയോജ്യമായ ഇടമാണ്.