തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറക്കുന്നു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജാണിത്. 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആക്കുളത്ത് നിർമ്മിച്ച ​ഗ്ലാസ് ബ്രിഡ‍്ജ് നാളെ തുറക്കും. ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഏറെ നാളായി നിർമ്മാണത്തിലിരുന്ന ​ഗ്ലാസ് ബ്രിഡ്ജ് പണികൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറക്കുന്നത്. ഇതോടെ തലസ്ഥാനത്തുള്ളവർക്ക് ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ ഇനി വയനാട്ടിലോ വാഗമണ്ണിലോ പോകണ്ട എന്നതാണ് സവിശേഷത. സംസ്ഥാനത്ത് ആദ്യമായാണ് വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ഒരു ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചതെന്ന പ്രത്യേകതയുമുണ്ട്.

ആക്കുളം ടൂറിസ്റ്റ് വില്ലേജിന് മുകളിൽ നിന്നാണ് ​ഗ്ലാസ് ബ്രിഡ്ജിന്റെ തുടക്കം. അതിമനോഹരമായ കാഴ്ചകളാണ് ​ഗ്ലാസ് ബ്രിഡ്ജിൽ നിന്ന് സന്ദർശകർക്ക് കാണാനാകുക. ഗ്ലാസ് ബ്രിഡ്ജിലൂടെ നടക്കുമ്പോൾ സന്ദർശകർക്ക് താഴെ വ്യോമസേന മ്യൂസിയമടക്കമുള്ള കാഴ്ചകള്‍ ആസ്വദിക്കാൻ സാധിക്കും. ടൂറിസ്റ്റ് വില്ലേജിലെ ബോട്ടിം​ഗ് ഏരിയയ്ക്കും സ്വിമ്മിം​ഗ് പൂളിനും മുകളിലൂടെ നടന്ന് കാഴ്ചകൾ കാണാം. ആക്കുളം കായലും ഇവിടെ നിന്നാൽ കാണാം.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ആവശ്യമായതെല്ലാം ആക്കുളം ടൂറിസ്റ്റ് വില്ലേജിലുണ്ട്. ചിൽഡ്രൻസ് പാര്‍ക്ക്, സ്വിമ്മിം​ഗ് പൂൾ, 12 ഡി തിയേറ്റർ, ഫിഷ് സ്പാ, ബോഡി മസാജ് തുടങ്ങിയവയെല്ലാം ആക്കുളത്തെ ആകര്‍ഷണങ്ങളാണ്. തിരുവനന്തപുരം നഗരത്തില്‍ നിന്നും വെറും 10 കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ള ദൂരം. അഡ്വഞ്ചറസ് ആക്ടിവിറ്റികളും ചിൽഡ്രൻസ് പാർക്കും ഉള്ള ആക്കുളത്തേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ഗ്ലാസ് ബ്രിഡ്ജിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

2023 മെയ് മാസത്തിലായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ആക്കുളം ഗ്ലാസ് ബ്രിഡ്ജുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുന്നത്. നിർമാണം തുടങ്ങാനും വിവിധ അനുമതികൾ ലഭിക്കാനും കാലതാമസം നേരിട്ടതോടെ ​ഗ്ലാസ് ബ്രിഡ്ജിന്റെ പണി നീണ്ടുപോകുകയായിരുന്നു.