പ്രകൃതി സൗന്ദര്യം, പാപനാശം ബീച്ച്, ക്ഷേത്രങ്ങൾ, സാഹസിക വിനോദങ്ങൾ എന്നിവയുടെ സംഗമഭൂമിയായ വര്‍ക്കലയിലേയ്ക്ക് സ്വദേശികളും വിദേശികളും ധാരാളമായി എത്താറുണ്ട്. 

തിരുവനന്തപുരം: കേരളത്തിന്റെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വർക്കല ബീച്ച്. മറ്റ് ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ കടലിന് അഭിമുഖമായി ചെങ്കുത്തായ പാറക്കെട്ടുകൾ (വർക്കല ക്ലിഫ്) നിലകൊള്ളുന്നു. ഈ പാറക്കെട്ടുകൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഭൗമശാസ്ത്ര സ്മാരകമായി അംഗീകരിക്കപ്പെട്ടതാണ്. വർക്കലയുടെ ഭം​ഗിയും ശാന്തതയും ആസ്വദിക്കാനായി സ്വദേശികളും വിദേശികളും ഉൾപ്പെടെ ഇവിടേയ്ക്ക് എത്താറുണ്ട്.

വർക്കല ക്ലിഫിൽ നിന്നുള്ള അറബിക്കടലിന്റെ ദൃശ്യം ആരെയും വിസ്മയിപ്പിക്കും. ക്ലിഫിന് മുകളിലായി യോഗാ കേന്ദ്രങ്ങളും ആയുർവേദ ചികിത്സാ കേന്ദ്രങ്ങളും കഫേകളും കരകൗശല ഷോപ്പുകളുമെല്ലാം സജീവമാണ്. ആത്മീയതയുടെ കേന്ദ്രം കൂടിയാണ് വർക്കല. ഇവിടുത്തെ പ്രധാന കടൽത്തീരമായ 'പാപനാശം ബീച്ച്' പ്രശസ്തമാണ്. പാപങ്ങളെ കഴുകിക്കളയുന്ന തീർത്ഥമായാണ് ഇവിടം വിശ്വാസികൾ കരുതുന്നത്. 2000 വർഷം പഴക്കമുള്ള ജനാർദ്ദനസ്വാമി ക്ഷേത്രം, ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലമായ ശിവഗിരി മഠം എന്നിവയും വർക്കലയിലെ പ്രധാന ആകർഷണങ്ങളാണ്.

വൈകുന്നേരങ്ങളിലെ സൂര്യാസ്തമയ കാഴ്ചകള്‍ കാണാനായി ധാരാളം ആളുകൾ ഇവിടേയ്ക്ക് എത്താറുണ്ട്. സാഹസിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വർക്കലയിൽ നിരവധി ആക്ടിവിറ്റികൾ ആസ്വദിക്കാം. പാരാസെയിലിംഗ്, ജെറ്റ് സ്കീയിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രകൃതി സൗന്ദര്യവും, സാംസ്കാരിക പൈതൃകവും, ആത്മീയ അന്തരീക്ഷവും ഒത്തുചേരുന്ന വർക്കല തീർച്ചയായും ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ സ്വത്താണ്.

എങ്ങനെ എത്തിച്ചേരാം

ബസ് മാർ​ഗം: വർക്കല ബസ് സ്റ്റാൻഡ് (ഏകദേശം 3.9 കിലോമീറ്റർ).

വിമാന മാർ​ഗം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (ഏകദേശം 44 കിലോമീറ്റർ).

ട്രെയിൻ മാർ​ഗം: വർക്കല റെയിൽവേ സ്റ്റേഷൻ (ഏകദേശം 3.6 കിലോമീറ്റർ), തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ (ഏകദേശം 45 കിലോമീറ്റർ).