വാരാന്ത്യങ്ങളിൽ ഒരു ദിവസം കൊണ്ട് പോയി വരാൻ കഴിയുന്ന നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. ഫോർട്ട് കൊച്ചി, അതിരപ്പള്ളി, പൊൻമുടി, വർക്കല, കുമരകം എന്നിവിടങ്ങളെല്ലാം ഒരു ദിവസം കൊണ്ട് കണ്ടുമടങ്ങാം.

വാരാന്ത്യങ്ങള്‍ അടുക്കുമ്പോൾ ഒരു യാത്രയൊക്കെ പ്ലാൻ ചെയ്യാൻ പലര്‍ക്കും തോന്നാറുണ്ടാകും. എന്നാൽ, എവിടെ പോകും? എന്തൊക്കെ ചെയ്യും? തുടങ്ങിയ സംശയങ്ങൾ ഉടൻ തന്നെ മനസിലേയ്ക്ക് ഓടിയെത്തും. കേരളത്തിൽ ഒരു ദിവസം കൊണ്ട് പോയി വരാൻ പറ്റിയ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ നിരവധിയുണ്ട്. അത്തരത്തിൽ കുടുംബസമേതമോ സുഹൃത്തുക്കൾക്കൊപ്പമോ പെട്ടെന്ന് പോയി വരാൻ സാധിക്കുന്ന 5 വൺഡേ ട്രിപ്പ് ഡെസ്റ്റിനേഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

1. ഫോർട്ട് കൊച്ചി (എറണാകുളം)

കേരളത്തിന്റെ ചരിത്രവും, സംസ്കാരവും, കൊളോണിയൽ വാസ്തുവിദ്യയും ഒത്തുചേരുന്ന സ്ഥലമാണ് കൊച്ചി. ചീനവലകൾ ഫോർട്ട് കൊച്ചി ബീച്ചിലെ പ്രധാന ആകർഷണമാണ്. വൈകുന്നേരങ്ങളിൽ സൂര്യസ്തമയം കാണാൻ ഏറെ അനുയോജ്യമായ സ്ഥലമാണ് ഫോർട്ട് കൊച്ചി ബീച്ച്. രാവിലെ എത്തി പ്രധാന കാഴ്ചകൾ കണ്ട ശേഷം ഫോർട്ട് കൊച്ചിയിലെ കഫേകളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാം. വൈകുന്നേരം ചീനവലകൾക്ക് സമീപം സൂര്യസ്തമയം ആസ്വദിച്ച ശേഷം മടങ്ങാം.

2. അതിരപ്പള്ളി വെള്ളച്ചാട്ടം (തൃശ്ശൂർ)

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പള്ളി. 'ഇന്ത്യയുടെ നയാഗ്ര' എന്നാണ് അതിരപ്പിള്ളി അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിന്റെ പച്ചപ്പ് നിറഞ്ഞ ഷോലയാർ വനങ്ങൾക്ക് നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 80 അടി ഉയരത്തിൽ നിന്ന് പാറക്കെട്ടുകളിലൂടെ കുതിച്ചെത്തുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച മനോഹരമാണ്. വാഴച്ചാൽ വെള്ളച്ചാട്ടം, തുമ്പൂർമുഴി ഡാം എന്നിവിടങ്ങളും അതിരപ്പിള്ളി യാത്രയ്ക്കിടയിൽ സന്ദര്‍ശിക്കാം. രാവിലെ തൃശ്ശൂർ, കൊച്ചി പോലെയുള്ള അടുത്തുള്ള നഗരങ്ങളിൽ നിന്ന് യാത്ര തിരിച്ച് വെള്ളച്ചാട്ടം കണ്ടതിന് ശേഷം വൈകുന്നേരം മടങ്ങാൻ സാധിക്കും.

3. പൊൻമുടി (തിരുവനന്തപുരം)

തിരുവനന്തപുരത്തെ ഒരു മനോഹരമായ ഹിൽ സ്റ്റേഷനാണ് പൊൻമുടി. 22 ഹെയർപിൻ വളവുകൾ കയറി വേണം പൊന്മുടിയിലെത്താൻ. മനോഹരമായ കാഴ്ചകളും തണുത്ത കാലാവസ്ഥയുമാണ് പൊന്മുടിയിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. തൊട്ടടുത്തുള്ള കല്ലാര്‍ മീൻമുട്ടി വെള്ളച്ചാട്ടം സന്ദര്‍ശിച്ച ശേഷം പൊന്മുടിയിലേയ്ക്ക് പോകുന്നതാണ് ഉചിതം. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. രാവിലെ യാത്ര തിരിച്ചാൽ ഉച്ചയോടെ പൊൻമുടിയിലെത്താം. വൈകുന്നേരം തിരിച്ചിറങ്ങാം.

4. വർക്കല (തിരുവനന്തപുരം)

കടലിന് മുകളിലായി പാറക്കെട്ടുകൾ കാണപ്പെടുന്ന കേരളത്തിലെ ഒരു അടിപൊളി ബീച്ചാണ് വർക്കല. മനോഹരമായ ബീച്ചും ശാന്തമായ അന്തരീക്ഷവും വർക്കലയുടെ പ്രത്യേകതയാണ്. വർക്കല ക്ലിഫാണ് ഇവിടുത്തെ പ്രധാന ആകർഷണം. ക്ലിഫിലെ കഫേകളും ഷോപ്പുകളുമെല്ലാം കാണാനായി നിരവധിയാളുകളാണ് എത്താറുള്ളത്. ക്ലിഫിലെ കഫേകളിൽ നിന്ന് കടൽക്കാഴ്ചകൾ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാൻ പറ്റിയ ഒരു മികച്ച വൺ ഡേ ട്രിപ്പ് സ്പോട്ടാണിത്.

5. കുമരകം (കോട്ടയം)

വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് കുമരകം. കായലും കെട്ടുവള്ളങ്ങളും കൊണ്ട് പ്രസിദ്ധമായ കുമരകത്തേയ്ക്ക് നിരവധിയാളുകളാണ് അവധി ആഘോഷിക്കാനായി എത്താറുള്ളത്. കായലിലൂടെയുള്ള ചെറിയ ബോട്ട് യാത്രകൾ ഒരു ദിവസം കൊണ്ട് ആസ്വദിക്കാൻ സാധിക്കും. കുമരകം പക്ഷിസങ്കേതം രാവിലെ സന്ദർശിക്കുന്നതാണ് ഉചിതം. കായൽ മീൻ വിഭവങ്ങൾ ഇവിടെ പ്രശസ്തമാണ്. രാവിലെ കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്ന് എളുപ്പത്തിൽ കുമരകത്ത് എത്താം. ചെറിയ ബോട്ടുകളിൽ കായൽ സൗന്ദര്യം ആസ്വദിച്ച് വൈകുന്നേരം മടങ്ങുകയും ചെയ്യാം.