തിരുവനന്തപുരത്ത് നിന്ന് 54 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തൃപ്പരപ്പ് വെള്ളച്ചാട്ടം പ്രകൃതി സുന്ദരമായ സ്ഥലമാണ്. 

പച്ചപ്പും ഹരിതാഭയും ആവശ്യത്തിലധികം നിറഞ്ഞ് ആരുടെയും മനംമയക്കുന്ന നാടാണ് തൃപ്പരപ്പ്. ഇവിടുത്തെ വെള്ളച്ചട്ടത്തിന്റെ മനോഹാരിത കണ്ണിന് കുളിർമ്മയേകുന്നതാണ്. തിരുവനന്തപുരത്ത്‌ നിന്നും ഏകദേശം 54 കി.മീ അകലെയായി തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് തൃപ്പരപ്പ് വെള്ളച്ചാട്ടമുള്ളത്. പശ്ചിമഘട്ടത്തോട് ചേര്‍ന്നു നില്‍ക്കുന്ന കാടും പച്ചപ്പും വെള്ളച്ചാട്ടവും ഒക്കെത്തന്നെയാണ് തൃപ്പരപ്പിന്‍റെയും പ്രത്യേകത.

തൃപ്പരപ്പ് മഹാദേവ ക്ഷേത്രവും പിന്നെ തൃപ്പരപ്പ് വെള്ളച്ചാട്ടവുമാണ് ഇതിനെ കൂടുതൽ മനോഹരമാക്കുന്നത്. തമിഴ്നാട്ടിലെ പ്രധാന ശിവ ക്ഷേത്രങ്ങളിലൊന്നാണ് തൃപ്പരപ്പ് മഹാദേവ ക്ഷേത്രം. പടിഞ്ഞാറേയ്ക്ക് ദര്‍ശനമായുള്ള ഈ ക്ഷേത്രം കോതയാര്‍ നദിയുടെ മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായി ഒഴുകുന്ന കോതയാർ അൽപം താഴെ ചെന്ന് 50 അടി താഴ്ചയിലേക്ക് പതിക്കുന്നതാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം.

പാല് പോലെ തട്ടുതട്ടായി താഴേയ്ക്ക് വീഴുന്ന വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് ഇറങ്ങാൻ സാധിക്കും. കുളിക്കാനും വസ്ത്രം മാറാനുമെല്ലാം ഇവിടെ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. കാഴ്ചകള്‍ കാണാനായി കല്‍മണ്ഡപം, വെള്ളച്ചാട്ടത്തിനടുത്ത് തന്നെ സ്വിമ്മിങ് പൂള്‍, പാര്‍ക്ക്‌ ,ബോട്ട് സവാരി മുതലായവയും ഇവിടെയുണ്ട്. വെള്ളറടയിൽ നിന്നും വെറും 8 കി.മീ ദൂരം യാത്ര ചെയ്താൽ തൃപ്പരപ്പ് വെള്ളച്ചാട്ടത്തിലെത്താം.

തൃപ്പരപ്പിലേക്ക് വരുന്ന സഞ്ചാരികൾക്ക് നിരാശപ്പെടേണ്ടി വരില്ല. കൂടാതെ, നെയ്യാർ ഡാം, ചിറ്റാർ ഡാം, ചേച്ചിപ്പാറ അണക്കെട്ട്, തിരുവിതാംങ്കോട് അരപ്പള്ളി, പത്മനാഭപുരം കൊട്ടാരം, ചിതറാല്‍ ജൈന ക്ഷേത്രം, വട്ടക്കോട്ട, കന്യാകുമാരി എന്നീ സ്ഥലങ്ങൾ കണ്ടുവരുന്ന വിധത്തിൽ നിങ്ങൾക്ക് തൃപ്പരപ്പിലേക്കുള്ള യാത്രയും പ്ലാൻ ചെയ്യാം.