തിരുവനന്തപുരത്ത് നിന്ന് ഏകദേശം 38 കിലോമീറ്റർ അകലെയാണ് അമ്പൂരി എന്ന മനോഹര ഗ്രാമം സ്ഥിതി ചെയ്യുന്നത്.

തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് ഒരിടവേള എടുക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? ശാന്ത സുന്ദരമായ ഒരിടത്തേയ്ക്കുള്ള യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ മറ്റൊന്നും ചിന്തിക്കാതെ പോകാൻ പറ്റിയ ഒരു അതിമനോഹരമായ ഇടം തിരുവനന്തപുരത്തുണ്ട്. പറഞ്ഞുവരുന്നത് സഞ്ചാരികളുടെ അതിപ്രസരമില്ലാതെ ശാന്തമായി തുടരുന്ന അമ്പൂരി എന്ന മലയോര ഗ്രാമത്തെ കുറിച്ചാണ്.

തിരുവനന്തപുരത്ത് നിന്ന് ഏകദേശം 38 കിലോമീറ്റർ അകലെയാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്. അമ്പൂരിയെ ചുറ്റിയൊഴുകുന്ന നെയ്യാറും റബർ തോട്ടങ്ങളും വളഞ്ഞു പുളഞ്ഞ് പോകുന്ന പാതകളും ഈ ഗ്രാമത്തെ ഒരു സ്വര്‍ഗ്ഗമാക്കി മാറ്റുന്നു. പന്തപ്ലാമൂട് പാലവും ആനക്കുഴി വെള്ളച്ചാട്ടവും മായം കടവും കാണാതെ അമ്പൂരി യാത്ര പൂർണമാകില്ല. കഷ്ടിച്ച് ഒരു ഓട്ടോറിക്ഷയ്ക്ക് മാത്രം കടന്നുപോകാൻ സാധിക്കുന്ന പന്തപ്ലാമൂട് പാലം ഒരു വേറിട്ട കാഴ്ച തന്നെയാണ്. ഈ പാലം കടന്ന് അൽപ്പദൂരം മുന്നിലേയ്ക്ക് പോയാൽ ആനക്കുഴി വെള്ളച്ചാട്ടത്തിലെത്താം. സുരക്ഷിതമായി കുളിക്കാനും വിശ്രമിക്കാനുമെല്ലാം അനുയോജ്യമായ ഇടമാണിത്.

അമ്പൂരിയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ മായം കടവിലെത്താം. പ്രാദേശിക വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്പോട്ടാണിത്. സഹ്യന്റെ മടിത്തട്ടിൽ നെയ്യാറിന്റെ റിസർവോയർ കൂടിയായ മായം കടവിലെ തോണി യാത്രയാണ് ഹൈലൈറ്റ്. ഇവിടെ എത്തിയാൽ കാടിന്റെ വന്യതയും പച്ചപ്പും ആസ്വദിച്ച് ഒരു കുളിയും പാസാക്കി മടങ്ങാം.

തനി നാടൻ കാഴ്ചകൾ കൊണ്ട് ഫോട്ടോ ഫ്രെയിമുകൾ തീർക്കുവാൻ താത്പ്പര്യമുള്ളവർക്കും തികച്ചും സാധാരണക്കാരായ ആളുകളുമായി ഇടപഴകുവാനും ഗ്രാമീണ രുചികൾ പരീക്ഷിക്കാനും താത്പ്പര്യമുള്ളവർക്കും ധൈര്യമായി അമ്പൂരിയിലേയ്ക്ക് വരാം. നെയ്യാർ ഡാം, കോട്ടൂർ, പേപ്പാറ ഡാം എന്നിവയും ദ്രവ്യപ്പാറ, കൂനിച്ചി മല, കൊണ്ടകെട്ടി മല തുടങ്ങിയ ട്രക്കിംഗ് പോയന്റുകളും അമ്പൂരിയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.