200 അടി ഉയരത്തിൽ നിന്ന് വീഴുന്ന വെള്ളച്ചാട്ടം, മഴവില്ല് പോലെ മനോഹരമാണ്.
ഇടുക്കി: ഇടുക്കി ജില്ലയിലെ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു അതിമനോഹരമായ വെള്ളച്ചാട്ടമാണ് കീഴാർകുത്ത് വെള്ളച്ചാട്ടം. 1500 മീറ്ററിലധികം ഉയരത്തിൽ നിന്ന് ഒരു മഴവില്ല് വീഴുന്നത് പോലെയുള്ള കാഴ്ചയാണ് കീഴാർകുത്ത് വെള്ളച്ചാട്ടം സമ്മാനിക്കുന്നത്. അതിനാൽ തന്നെ കീഴാർകുത്ത് വെള്ളച്ചാട്ടത്തിന് മറ്റൊരു പേര് കൂടിയുണ്ട്, റെയിൻബോ വെള്ളച്ചാട്ടം. 200 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടത്തിന്റെ കാഴ്ച കാണാൻ നിരവധി സഞ്ചാരികളാണ് എത്താറുള്ളത്. ക്യാമ്പിംഗ്, ട്രക്കിംഗ്, റോക്ക് ക്ലൈംബിംഗ്, മലകയറ്റം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണിത്.
വനത്തിനുള്ളിലൂടെയുള്ള പാതയാണ് സഞ്ചാരികളെ കീഴാർകുത്തിലേയ്ക്ക് നയിക്കുന്നത്. വെള്ളച്ചാട്ടത്തിലെത്താനായി കുറച്ചധികം ദൂരം നടക്കേണ്ടതുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ആവേശം നൽകുന്ന യാത്രയാണിത്. വനാതിർത്തിയിൽ നിന്നും 5 കിലോമീറ്ററോളം വനത്തിലൂടെ മാത്രം സഞ്ചരിക്കണമെന്നതാണ് സവിശേഷത. ഇവിടേക്കുള്ള സഞ്ചാരവഴിയുടെ ആരംഭത്തിലുള്ള മലയിഞ്ചി പ്രദേശം തേക്കിൻ കൂപ്പിനാൽ സമൃദ്ധമാണ്. ഇവിടെ നിന്നാണ് വനമേഖല ആരംഭിക്കുന്നത്. പണ്ടുകാലത്ത് ആളുകൾ ഇതുവഴി കാൽനടയായി ഇടുക്കിയിലേക്ക് സഞ്ചരിക്കാറുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു സാഹസിക യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് കീഴാര്‍കുത്ത് വെള്ളച്ചാട്ടത്തിലേക്ക് ധൈര്യമായി പോകാം. കൊടുംകാട്ടിലൂടെ ജീപ്പിലും നടന്നുമെല്ലാമാണ് യാത്ര ചെയ്യേണ്ടത് എന്നതിനാൽ തന്നെ മറക്കാനാകാത്ത അനുഭവം ഇവിടേയ്ക്കുള്ള യാത്ര സമ്മാനിക്കുമെന്ന് ഉറപ്പാണ്. തൊടുപുഴയിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ കീഴാർകുത്തിലെത്താം. മഴക്കാലമാണ് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.


