1928-ൽ സൃഷ്ടിക്കപ്പെട്ട ഈ ദ്വീപ് ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദ്വീപുകളിൽ ഒന്നാണ്.

‘അറബിക്കടലിന്റ റാണി’ എന്നറിയപ്പെടുന്ന കൊച്ചി കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമാണ്. തിരക്കുപിടിച്ച കൊച്ചിയിൽ അൽപ്പം ശാന്തത തേടുന്നവർക്കും പ്രകൃതി ഭം​ഗി ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്നവ‍‍ർക്കും സന്ദർശിക്കാൻ അനുയോജ്യമായ ചിലയിടങ്ങളുണ്ട്. അത്തരത്തിൽ കൊച്ചിയിലുള്ള ഒരു ദ്വീപാണ് വില്ലിം​ഗ്ടൺ ഐലന്റ്. കൊച്ചി തുറമുഖം, നാവിക താവളം, ശാന്തമായ കായൽ കാഴ്ചകൾ എന്നിവയുള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമായി നിലകൊള്ളുന്ന വില്ലിം​ഗ്ടൺ ഐലന്റിന് ഒരു പ്രത്യേകതയുണ്ട്. ഈ ദ്വീപ് മനുഷ്യനിർമ്മിതമാണ്. 1928-ൽ സൃഷ്ടിക്കപ്പെട്ട കൊച്ചിയിലെ വില്ലിം​ഗ്ടൺ ഐലന്റ് ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദ്വീപുകളിൽ ഒന്നാണ്.

വില്ലിംഗ്ടൺ ഐലന്റിന് മുൻ വൈസ്രോയി ആയിരുന്ന ലോർഡ് വില്ലിംഗ്ടണിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഹാർബർ എഞ്ചിനീയർ സർ റോബർട്ട് ബ്രിസ്റ്റോ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ ദ്വീപ് ഇന്ന് കൊച്ചിയിലെ ഒരു വലിയ വാണിജ്യ കേന്ദ്രമാണ്. കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടുകയും നിർമ്മാണം പുരോ​ഗമിക്കുകയും ചെയ്യുമ്പോൾ ഒരു മനുഷ്യനിർമ്മിത ദ്വീപ് സൃഷ്ടിക്കുന്നതിന്റെ സാധ്യത സർ റോബർട്ട് ബ്രിസ്റ്റോ മുൻകൂട്ടി കണ്ടു. ഇതേ തുടർന്ന് 1928-ൽ, അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തുറമുഖത്തിന്റെ നവീകരണം നടന്നുകൊണ്ടിരിക്കുമ്പോൾ, വേമ്പനാട്ടിൽ നിന്ന് കുഴിച്ചെടുത്ത ചെളിയും വസ്തുക്കളും ഉപയോഗിച്ച് മുമ്പ് നിലവിലുണ്ടായിരുന്ന ഒരു ചെറിയ പ്രകൃതിദത്ത ദ്വീപിന് ചുറ്റുമുള്ള പ്രദേശം നികത്തി ദ്വീപ് സൃഷ്ടിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇന്ന്, 775 ഏക്കർ വിസ്തൃതിയുള്ള വില്ലിംഗ്ടൺ ഐലന്റ് ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിലൊന്നാണ്. കായലുകൾക്കിടയിലാണ് വില്ലിം​ഗ്ടൺ ഐലന്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തിയാൽ സന്ദർശകർക്ക് കായലുകളുടെ ഭംഗി ആസ്വദിക്കാൻ സാധിക്കും. നടപ്പാതകളും അറബിക്കടലിന്റെ മനോഹരമായ കാഴ്ചകളുമെല്ലാം ആസ്വദിച്ച് അൽപ്പനേരം ചെലവിടാൻ വില്ലിം​ഗ്ടൺ ഐലന്റിലേയ്ക്ക് പോകാം. നഗരത്തിലെ ഏറ്റവും മികച്ച ചില ഹോട്ടലുകളും ഈ ദ്വീപിൽ ഉണ്ട്. ഇന്ത്യൻ ആർമിയുടെ കൊച്ചി നാവിക താവളം, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, കൊച്ചി തുറമുഖം എന്നിവ സ്ഥിതി ചെയ്യുന്ന വില്ലിംഗ്ടൺ ഐലന്റ് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്.