ഡിജിറ്റൽ ക്രിയേറ്ററായ ജോജോ സിം വെളുത്ത സോക്സ് ഉപയോഗിച്ച് നടത്തിയ പരീക്ഷണം സോഷ്യൽ മീഡിയയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ടോക്കിയോയിലാണ് പരീക്ഷണം നടത്തിയത്.
എല്ലാ സഞ്ചാരികളുടെയും ബക്കറ്റ് ലിസ്റ്റിൽ പതിവായി ഇടംനേടാറുള്ള രാജ്യമാണ് ജപ്പാൻ. ഭാവിയിലേക്കുള്ള നൂതനാശയങ്ങളുടെയും പുരാതന പാരമ്പര്യത്തിന്റെയും അതിശയകരമായ ഒരു മിശ്രിതമാണ് സഞ്ചാരികൾക്കായി ജപ്പാൻ കാത്തുവെച്ചിരിക്കുന്നത്. ജപ്പാൻ എന്ന് പറയുമ്പോൾ തന്നെ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുക ടോക്കിയോ ആയിരിക്കും. ടോക്കിയോ എപ്പോഴും ശുചിത്വത്തിന് പേരുകേട്ടയിടമാണ്. വൃത്തിയുള്ള തെരുവുകളാണ് ടോക്കിയോയെ വ്യത്യസ്തമാക്കുന്നത്. എന്നാൽ, ശരിക്കും ടോക്കിയോ അത്ര വൃത്തിയുള്ള സ്ഥലമാണോ? ഡിജിറ്റൽ ക്രിയേറ്ററായ ജോജോ സിം നടത്തിയ പരീക്ഷണം നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം.
ടോക്കിയോയിലെ തെരുവുകൾ യഥാർത്ഥത്തിൽ വൃത്തിയുള്ളതാണോ എന്ന് കണ്ടെത്താനായി ജോജോ സിം ഒരു ജോടി വെളുത്ത സോക്സുകൾ ധരിച്ച് നഗരത്തിലെ ഏറ്റവും തിരക്കേറിയ ചില സ്ഥലങ്ങളിലൂടെ നടന്നാണ് പരീക്ഷണം നടത്തിയത്. 10 മിനിട്ട് നീണ്ടുനിന്ന പരീക്ഷണത്തിനൊടുവിൽ അമ്പരപ്പിക്കുന്ന ഫലമാണ് ജോജോ സിമ്മിന് ലഭിച്ചത്. വളരെയേറെ തിരക്കേറിയ സ്ഥലങ്ങളിലൂടെ നടന്നിട്ടും സോക്സിൽ കാര്യമായ രീതിയിൽ അഴുക്ക് പിടിച്ചിരുന്നില്ല. കാലിൽ നിന്ന് അഴിച്ചുമാറ്റുമ്പോൾ വെളുത്ത സോക്സിന് നേരിയ നിറവ്യത്യാസം മാത്രമാണ് കാണാനായത്. നഗരം എത്ര സൂക്ഷ്മമായി പരിപാലിക്കപ്പെടുന്നുവെന്നാണ് ഇത് അടിവരയിടുന്നത്.
ടോക്കിയോ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം
ഡിസംബർ മുതൽ ഫെബ്രുവരി വരെ: ടോക്കിയോ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ശൈത്യകാലമാണ്. ഈ സമയത്ത് തിരക്ക് വളരെ കുറവായിരിക്കും. കൂടാതെ നിരവധി മതപരമായ ചടങ്ങുകൾ ക്ഷേത്രങ്ങളിൽ നടക്കുന്ന സമയം കൂടിയാണിത്. ഈ സമയത്ത് താമസ ചെലവുകളും താരതമ്യേന കുറവായിരിക്കും.
മാർച്ച് മുതൽ മെയ് വരെ: ജപ്പാനിൽ ചെറി പുഷ്പങ്ങളുടെ സീസണാണിത്. അതിനാൽ വിനോദസഞ്ചാരികളുടെ വലിയ തിരക്ക് ഈ സമയം പ്രതീക്ഷിക്കണം. പിങ്ക് ചെറി മരങ്ങൾക്കടിയിൽ നിങ്ങൾക്ക് മനോഹരമായ ഒരു പിക്നിക്ക് ആസ്വദിക്കാം. കൂടാതെ, ഈ സമയത്ത് വാർഷിക ടോക്കിയോ മാരത്തണും സെന്റ് പാട്രിക്സ് ഡേ പരേഡും കാണാൻ അവസരമുണ്ട്.
ജൂലൈ അവസാനം: മൗണ്ട് ഫുജിയുടെ മനോഹാരിതയിൽ മുഴുകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ജൂലൈ അവസാനം ടോക്കിയോ സന്ദർശിക്കാം. ജപ്പാനിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കാൻ തീർത്ഥാടകരും പർവതാരോഹകരും ഒത്തുചേരുന്ന ഹൈക്കിംഗ് സീസൺ സെപ്റ്റംബർ വരെ തുടരും. ഈ സമയത്തെ കാലാവസ്ഥ അതിമനോഹരമാണ്. കൊടുമുടിയിൽ നിന്നുള്ള വിശാലമായ കാഴ്ചകൾ മറക്കാനാകാത്ത അനുഭവം തന്നെ സമ്മാനിക്കും.


