കോഴിക്കോട് ഗോതീശ്വരം ബീച്ചിന്റെ രണ്ടാം ഘട്ട വികസനത്തിനായി സംസ്ഥാന സർക്കാർ 3.46 കോടി രൂപ അനുവദിച്ചു. ബീച്ചിൽ കഫെറ്റീരിയ, ജിം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും.

കോഴിക്കോട് : ഗോതീശ്വരം ബീച്ചിന്റെ രണ്ടാം ഘട്ട വികസനത്തിനായി 3,46,77,780 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികൾക്കായാണ് തുക അനുവദിച്ചത്. കഫെറ്റീരിയ, ടോയ്‍ലെറ്റ് ബ്ലോക്ക്, പാർക്കിംഗ് ഏരിയ, പ്രവേശന കവാടം, ശിൽപ്പം, ഓപ്പൺ സ്റ്റേജ്, ഗസെബോ, ഫുഡ് സ്റ്റാളുകൾ, ഷോപ്പുകൾ, പാതയോരം, ഇരിപ്പിടങ്ങൾ, വൈദ്യുതീകരണം, ചുറ്റുമതിൽ, ഫൗണ്ടൻ, കുട്ടികൾക്കുള്ള വിവിധ കളി ഉപകരണങ്ങൾ, ജിം എന്നിവയാണ് വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്.

ബേപ്പൂർ മുതൽ കോഴിക്കോട് വരെയുള്ള കടൽത്തീരത്തിന്റെ ടൂറിസം സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സുസ്ഥിരവും സമഗ്രവുമായ ടൂറിസം വികസനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൂര്‍ത്തിയാക്കിയ ഒന്നാം ഘട്ട വികസന പദ്ധതികള്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി നേരത്തെ നാടിന് സമര്‍പ്പിച്ചിരുന്നു.

മേമുണ്ട ഹയര്‍സെക്കന്‍ഡറിയില്‍ അക്വാടിക് സെന്ററിനായി 99.5 ലക്ഷം രൂപ അനുവദിച്ചു

കോഴിക്കോട്: ജില്ലയിലെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ജല കായിക പരിശീലന കേന്ദ്രം (അക്വാട്ടിക് സെന്റര്‍) സ്ഥാപിക്കുന്നതിന് ടൂറിസം വകുപ്പ് ഭരണാനുമതി നൽകി. 99,50,000 രൂപയുടെ പദ്ധതി ശുപാര്‍ശയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആഭ്യന്തര ജല കായിക വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് ടൂറിസം വകുപ്പ് ശുപാര്‍ശ നല്‍കിയത്. നിലവിലുള്ള കുളവും അനുബന്ധ സൗകര്യങ്ങളും നവീകരിച്ചുള്ള സമഗ്രമായ വികസനമാണ് വിഭാവനം ചെയ്യുന്നത്.

വിദ്യാഭ്യാസത്തെ കായികക്ഷമതയുമായി സമന്വയിപ്പിച്ച് വിദ്യാർത്ഥികളുടെയും ശാരീരികവും മാനസികവും കായികവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സുസ്ഥിര സംവിധാനമായിരിക്കുമിതെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തിന്റ വിവിധ പ്രദേശങ്ങളിലുള്ള പൊതു കുളങ്ങളും ജലാശയങ്ങളും വലിയ തോതില്‍ ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഇടങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം.