ലോകമെമ്പാടുമുള്ള കാസിനോകളിൽ ഹൈടെക് തട്ടിപ്പുകൾ വ്യാപകമാവുകയാണ്. മറഞ്ഞിരിക്കുന്ന ക്യാമറകളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് ഗെയിമുകളിൽ കൃത്രിമം നടത്തുന്നതാണ് പുതിയ രീതി. 

വിനോദ സഞ്ചാര മേഖലയിൽ വലിയ പ്രധാന്യമുള്ളവയാണ് കാസിനോകൾ. ലോകമെമ്പാടും അത്രയധികം കാസിനോകൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. കാസിനോ എന്ന് കേൾക്കുമ്പോൾ തന്നെ ഇന്ത്യക്കാരുടെ മനസിലേയ്ക്ക് ഓടിയെത്തുന്ന പേര് ​ഗോവ എന്നായിരിക്കും. അതെ, ഇന്ത്യൻ കാസിനോകളുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന ​ഗോവയിലേയ്ക്ക് നിങ്ങൾ അടുത്ത തവണ പോകുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് കാസിനോകളിൽ ഇന്ന് വ്യാപകമായി നടക്കുന്ന തട്ടിപ്പുകളെ കുറിച്ച്.

ലോകമെമ്പാടുമുള്ള കാസിനോകളിൽ ഹൈടെക് തട്ടിപ്പുകൾ വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാസിനോ ടേബിളുകളിൽ അത്യാധുനിക ഉപകരണങ്ങൾ ഉപയോ​ഗിച്ചാണ് ഗെയിമുകളിൽ വ്യാപകമായി തട്ടിപ്പ് നടത്തുന്നത്. ആളുകൾ ബെറ്റ് വെയ്ക്കുന്ന മുഴുവൻ പണവും തട്ടിയെടുക്കാനാണ് ഇത് ഉപയോഗിക്കുന്നത്. കാസിനോ ഗെയിം വിദഗ്ദ്ധനായ സാൽ പിയാസെന്റെ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകൾ അനുസരിച്ച് ഹൈടെക് തട്ടിപ്പുകൾ ലാസ് വെഗാസിലെ കാസിനോകളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.

ടേബിളിന്റെ ഫെൽറ്റ് കവറിലൂടെ കടന്നുപോകുകയും ടേബിളിലേയ്ക്ക് കമിഴ്ത്തി വെയ്ക്കുകയും ചെയ്യുന്ന കാർഡുകൾ മനസിലാക്കാനായി ടേബിളുകൾക്കുള്ളിൽ ക്യാമറകൾ ഘടിപ്പിച്ചാണ് തട്ടിപ്പ്. ഡെക്കുകൾ മാപ്പ് ചെയ്യാനും പുനഃക്രമീകരിക്കാനും ആന്തരിക ക്യാമറകൾ ഹൈജാക്ക് ചെയ്യാൻ കഴിയുന്ന പരിഷ്കരിച്ച ഷഫ്ലിംഗ് മെഷീനുകൾ ഉപയോഗിക്കുന്നു. ഇതുവഴി ​ഗെയിമിന്റെ സ്ക്രിപ്റ്റ് തയ്യാറാകും. മാത്രമല്ല, ദൗർഭാഗ്യം സംഭവിച്ചുവെന്ന് ഇരകളാക്കപ്പെടുന്നവരെ വിശ്വസിപ്പിക്കാനും സാധിക്കും.

അതേസമയം, ഗോവയെ സംബന്ധിച്ചിടത്തോളം ഈ സാങ്കേതിക വിദ്യകൾ ഒരു ദീർഘകാല ഭീഷണിയാണ്. 2019-ൽ ഏഷ്യൻ ജേണൽ ഓഫ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സംസ്ഥാനത്തെ 15 കാസിനോകൾ പ്രതിദിനം 15,000-ത്തിലധികം അതിഥികളെ സ്വാഗതം ചെയ്യുന്നുണ്ട്. 2024 ഏപ്രിൽ 1 മുതൽ 2025 ഫെബ്രുവരി 28 വരെ ഗോവ 132.52 കോടി രൂപയും ഈ വർഷം മാർച്ച് 1 മുതൽ ജൂലൈ 10 വരെ ആനുവൽ റിക്കറിം​ഗ് ഫീസായി 384.85 കോടി രൂപയും സമ്പാദിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംസ്ഥാന നിയമസഭയിൽ പറഞ്ഞിരുന്നു.

1976-ലെ ഗോവ പബ്ലിക് ചൂതാട്ട നിയമവും തുടർന്നുള്ള ഭേദഗതികളും പ്രകാരം ലൈവ് കാസിനോ ടേബിൾ ഗെയിമുകൾ രണ്ട് തരത്തിൽ മാത്രമേ അനുവദിക്കുകയുള്ളൂ. ലൈസൻസുള്ള പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയങ്ങൾക്കുള്ളിലോ അല്ലെങ്കിൽ ഓഫ്‌ഷോർ കപ്പലുകളിലോ മാത്രമാണ് അനുവാദമുള്ളത്. കരയിലുള്ള ​ഗാംബ്ലിം​ഗ് ഹൗസുകൾ പൊതുവെ പൂർണ്ണ കാസിനോകളായി പ്രവർത്തിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ​ഗോവയിലെ കാസിനോകളെ പറ്റി പലരും അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ചിലർ ന്യായമായ രീതിയിലാണ് ഇവ പ്രവർത്തിക്കുന്നതെന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റ് ചിലർ ​ഗോവൻ കാസിനോകളെ സംശയനിഴലിൽ നിർത്തുന്നുമുണ്ട്.

വർഷങ്ങളായി ഗോവയിലെ കാസിനോകളിൽ അന്യായമായ ഗെയിമിംഗ് രീതികൾ മുതൽ കള്ളപ്പണം വെളുപ്പിക്കൽ വരെയുള്ള ഗുരുതരമായ ക്രമക്കേടുകൾ റിപ്പോർട്ടുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. 2025 സെപ്റ്റംബർ 28, 29 തീയതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഗോവയിലെ കാസിനോ ഓപ്പറേറ്ററായ ബിഗ് ഡാഡി കാസിനോയും അതിന്റെ അനുബന്ധ കമ്പനികളും ഉൾപ്പെടെ 15 സ്ഥലങ്ങളിലായി റെയ്ഡ് നടത്തിയിരുന്നു. 2.25 കോടി രൂപ ഇന്ത്യൻ കറൻസിയും 14,000 യുഎസ് ഡോളറും 8.5 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസിയുമാണ് അന്ന് ഇഡി പിടിച്ചെടുത്തത്. 2025 ഓഗസ്റ്റിൽ, നിയമവിരുദ്ധമായി ലൈവ്-ഗെയിം ടേബിളുകൾ പ്രവർത്തിപ്പിച്ചതിന് ഗോവ പൊലീസ് ഒരു ഓൺ-ഷോർ കാസിനോയിൽ റെയ്ഡ് നടത്തുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഗോവ പബ്ലിക് ഗാംബ്ലിംഗ് റൂൾസ് 2025-ന്റെ കരട് അന്തിമമാക്കുന്നതോടെ ഗോവ ആഭ്യന്തര വകുപ്പ് കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. ഗെയിമിംഗ് കമ്മീഷണറുടെ റോളിന് അധികാരം നൽകുന്നതും ലൈസൻസ് ലംഘനങ്ങൾക്ക് കർശനമായ പിഴകളും നിയന്ത്രണങ്ങളും നിർദ്ദേശിക്കുന്ന കരടാണ് ഇത്. ​ഗോവയിൽ സിസിടിവികൾ, ടാംപർ പ്രൂഫ് ഷഫ്ലറുകൾ, സീൽഡ്-ഡെക്ക്, സ്വതന്ത്ര ഓഡിറ്റ്, സ്റ്റാഫിന്റെ പശ്ചാത്തല പരിശോധനകൾ തുടങ്ങിയ പരമ്പരാഗത സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ആധുനികവും കണ്ടെത്താൻ പ്രയാസമുള്ളതുമായ തട്ടിപ്പ് സാങ്കേതികവിദ്യകളുടെ മുന്നിൽ ഇവ ഇനി പര്യാപ്തമല്ല.