ട്രെയിൻ യാത്രക്കാർക്ക് പാൻട്രി കാറിലെ ഭക്ഷണത്തെ ആശ്രയിക്കാതെ റെസ്റ്റോറൻ്റുകളിൽ നിന്ന് ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാം. തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ ഭക്ഷണം സീറ്റിൽ നേരിട്ട് എത്തിക്കാൻ സാധിക്കും. 

ദില്ലി: ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആശ്രയിക്കുന്ന ​ഗതാ​ഗത സംവിധാനമാണ് റെയിൽവേ. പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരാണ് രാജ്യത്തുടനീളം ട്രെയിനുകളിൽ ദീർഘദൂരം സഞ്ചരിക്കുന്നത്. ട്രെയിൻ യാത്രയിലെ കാഴ്ചകൾ പലപ്പോഴും ആസ്വാദ്യകരമാണെങ്കിലും യാത്രാ വേളയിൽ നല്ല ഭക്ഷണം കണ്ടെത്തുക എന്നത് എപ്പോഴും ശ്രമകരമായിരുന്നു. പാൻട്രി കാറിലെ ഭക്ഷണം എല്ലാ സമയത്തും എല്ലാവർക്കും ഒരുപോലെ തൃപ്തികരമാകണമെന്നില്ല. അപരിചിതമായ സ്റ്റേഷനുകളിൽ ഇറങ്ങി ഭക്ഷണം വാങ്ങുന്നതും യാത്രക്കാരെ സംബന്ധിച്ച് വെല്ലുവിളിയാണ്.

ഇപ്പോൾ ട്രെയിനുകളിൽ ഡിജിറ്റൽ ഫുഡ് ഡെലിവറി സേവനങ്ങൾ ലഭ്യമായതോടെ ശുചിത്വത്തെക്കുറിച്ചോ ട്രെയിൻ മിസ്സാകുന്നതിനെക്കുറിച്ചോ ആശങ്കപ്പെടാതെ യാത്രക്കാർക്ക് റെസ്റ്റോറൻ്റുകളിൽ നിന്ന് മികച്ച നിലവാരത്തിലുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കും. പ്രാദേശിക വിഭവങ്ങൾ, നോർത്ത് ഇന്ത്യൻ രുചികൾ, സൗത്ത് ഇന്ത്യൻ മീൽസ് തുടങ്ങി വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ യാത്രക്കാർക്ക് സീറ്റിലിരുന്ന് ആസ്വദിക്കാം. കൺഫേമ്ഡ് പിഎൻആർ, സ്‌മാർട്ട്‌ഫോൺ, ഇൻ്റർനെറ്റ് കണക്റ്റിവിറ്റി എന്നിവയുണ്ടെങ്കിൽ യാത്രക്കാർക്ക് ഇനി വിശപ്പിനെ കുറിച്ച് ആശങ്കപ്പെടാതെ യാത്ര ചെയ്യാൻ സാധിക്കും. ട്രെയിനുകളിൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യേണ്ടത് എങ്ങനെയാണെന്നാണ് നോക്കാം.

1. ട്രെയിൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുക

ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു വിശ്വസ്തമായ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. IRCTC eCatering, RailRestro, Travelkhana തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം. നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്റ്റേഷനിൽ കൃത്യസമയത്ത് ഇവ ഫുഡ് ഡെലിവറി ഉറപ്പാക്കും. ഭക്ഷണം ഓർഡർ ചെയ്യുന്നതിന് മുമ്പ് കസ്റ്റമർ റേറ്റിംഗുകളും റിവ്യൂകളും പരിശോധിക്കുന്നത് നല്ലതാണ്.

2. പിഎൻആർ / ട്രെയിൻ നമ്പർ നൽകുക

ട്രെയിൻ ഫുഡ് ഡെലിവറി ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തുറന്ന ശേഷം 10 അക്ക പിഎൻആർ നമ്പർ നൽകുക. അല്ലെങ്കിൽ ട്രെയിൻ വിവരങ്ങൾ നൽകിയാലും മതി. കൃത്യമായ സീറ്റ് നമ്പര്‍, റൂട്ട്, സമയം എന്നിവ തിരിച്ചറിയാൻ ഇത് ട്രെയിൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളെ സഹായിക്കും. ഈ വിവരങ്ങൾ ഉപയോഗിച്ച്, നിങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ കഴിയുന്ന റെസ്റ്റോറന്റുകളുടെ ലിസ്റ്റ് പ്ലാറ്റ്ഫോം പ്രദർശിപ്പിക്കും.

3. ഡെലിവറി സ്റ്റേഷനും റെസ്റ്റോറന്റും തിരഞ്ഞെടുക്കുക

യാത്രാ വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം, ഭക്ഷണം എത്തിക്കേണ്ട സ്റ്റേഷൻ തിരഞ്ഞെടുക്കുക. ഓരോ സ്റ്റേഷനിലും വിവിധതരം വിഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം പാർട്ണർ റെസ്റ്റോറന്റുകൾ ഉണ്ടാകും. മെനുകൾ പരിശോധിച്ച്, വിലകൾ താരതമ്യം ചെയ്ത് നിങ്ങളുടെ ഇഷ്ടത്തിനും ബഡ്ജറ്റിനും അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ഇത് സഹായിക്കും. ഭക്ഷണം എത്തിക്കേണ്ട സ്റ്റേഷൻ തിരഞ്ഞെടുക്കുന്നത് കാലതാമസമില്ലാതെ ഡെലിവറി ഉറപ്പാക്കുന്നു.

4. ഭക്ഷണം തിരഞ്ഞെടുത്ത് കസ്റ്റമൈസ് ചെയ്യുക

യാത്രക്കാർക്ക് വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ മീൽസ്, പ്രാദേശിക വിഭവങ്ങൾ തുടങ്ങി എന്ത് വേണമെങ്കിലും തിരഞ്ഞെടുക്കാം. ബിരിയാണി, താലി, റൊട്ടി, പനീർ വിഭവങ്ങൾ, ദോശകൾ, കട്ട്ലറ്റുകൾ, സാൻഡ്‌വിച്ചുകൾ എന്നിങ്ങനെ നിരവധി വിഭവങ്ങൾ ലഭ്യമാണ്. പാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ചേർത്ത് നിങ്ങൾക്ക് ഭക്ഷണം കസ്റ്റമൈസ് ചെയ്യാനും കഴിയും.

5. ഓൺലൈൻ പേയ്‌മെന്റ് / ക്യാഷ് ഓൺ ഡെലിവറി തിരഞ്ഞെടുക്കുക

യുപിഐ, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ചോ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി വഴിയോ നിങ്ങൾക്ക് ഭക്ഷണത്തിന്റെ പണം അടയ്ക്കാം. സുരക്ഷയുടെ ഭാ​ഗമായി ഓൺലൈൻ ഇടപാടുകൾ എൻക്രിപ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ പേയ്‌മെന്റ് രീതി വേണം തിരഞ്ഞെടുക്കാൻ.

6. ഫ്രഷ് ഫുഡ് നിങ്ങളുടെ സീറ്റിലെത്തും

ഓർഡർ നൽകിക്കഴിഞ്ഞാൽ ഭക്ഷണം ഫ്രഷായി തയ്യാറാക്കുകയും നിങ്ങൾ തിരഞ്ഞെടുത്ത സ്റ്റേഷനിൽ നിങ്ങളുടെ സീറ്റിലേക്ക് നേരിട്ട് എത്തിക്കുകയും ചെയ്യും. ആപ്പ് വഴി നിങ്ങൾക്ക് ഓർഡറിൻ്റെ നിലവിലെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും സാധിക്കും. ഭക്ഷണം എത്തുമ്പോൾ, പാക്കേജിംഗ് പരിശോധിക്കണം. ഇതിന് ശേഷം മനോഹരമായ കാഴ്ചകൾ കണ്ട് ഭക്ഷണം ആസ്വദിക്കാം.

ട്രെയിനിൽ കൃത്യസമയത്ത് ഭക്ഷണം ലഭിക്കാനുള്ള നുറുങ്ങുകൾ

  • ഡെലിവറി സ്റ്റേഷന് ഒരു സ്റ്റേഷൻ മുമ്പെങ്കിലും ഭക്ഷണം ഓർഡർ ചെയ്യാൻ ശ്രമിക്കുക. ഇത് റെസ്റ്റോറന്റിന് ഭക്ഷണം തയ്യാറാക്കാനും എത്തിക്കാനും ആവശ്യമായ സമയം നൽകുന്നു.
  • ഓർഡർ നൽകുന്നതിന് മുമ്പ് കോച്ച്, സീറ്റ് നമ്പറുകൾ തുടങ്ങിയ കാര്യങ്ങൾ രണ്ട് തവണ പരിശോധിക്കുക. കൃത്യമായ സ്ഥലത്ത് ഡെലിവറി നടക്കാൻ ഇത് അത്യാവശ്യമാണ്.
  • ഡെലിവറി അപ്‌ഡേറ്റുകൾക്കായി നിങ്ങളുടെ ഫോൺ പ്രവർത്തനക്ഷമമായി നിലനിർത്തുക. കാരണം, ഡെലിവറി ഏജൻ്റിന് ചിലപ്പോൾ നിങ്ങളെ ബന്ധപ്പെടേണ്ടി വന്നേക്കും.
  • ഓർഡർ തത്സമയം ട്രാക്ക് ചെയ്യുക. ഭക്ഷണം എവിടെ എത്തിയെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും.