ലോകത്തിലെ ആദ്യത്തെ പാരാഗ്ലൈഡിംഗ് വനിതാ ഡിജെ എന്ന വിശേഷണവും ട്രൈപ്സ് സ്വന്തമാക്കി.

പാരാഗ്ലൈഡിംഗിനിടെ ലൈവ് മ്യൂസിക് പ്ലേ ചെയ്യുന്ന ഇന്ത്യൻ വനിത ഡിജെയുടെ വീഡിയോ വൈറലാകുന്നു. ഡിജെ ട്രൈപ്സ് എന്ന ഡിജെയാണ് സംഗീതത്തോടും സാഹസികതയോടുമുള്ള തന്റെ അഭിനിവേശം പങ്കുവെച്ചിരിക്കുന്നത്. യുവതി ഒരു ഡിജെ കൺസോളുമായി പാരാഗ്ലൈഡിംഗ് ചെയ്യുന്നത് വീഡിയോയിൽ കാണാം. മുഴുവൻ ഉപകരണങ്ങളും സുരക്ഷിതമായി സജ്ജീകരിച്ച ഡിജെ, ഹെഡ്‌ഫോൺ ഓണാക്കി ആത്മവിശ്വാസത്തോടെ സംഗീതം പ്ലേ ചെയ്യുന്നതും വായുവിൽ ഉയർന്നു നിൽക്കുന്നതുമാണ് വീഡിയോ. പശ്ചാത്തലത്തിൽ അതിമനോഹരമായ പർവതനിരകളും കാണാം. ഇതോടെ ലോകത്തിലെ ആദ്യത്തെ പാരാഗ്ലൈഡിംഗ് വനിതാ ഡിജെ എന്ന വിശേഷണവും ട്രൈപ്സ് സ്വന്തമാക്കിയിരിക്കുകയാണ്.

ഹിമാചൽ പ്രദേശിലെ ബിറിലാണ് ഏറെ വ്യത്യസ്തമായ പാരാഗ്ലൈഡിംഗ് നടന്നത്. എന്നാൽ, വൈറലായ വീഡിയോയിൽ കാണുന്നത് പോലെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ലെന്നാണ് ഡിജെ ട്രൈപ്സ് മറ്റൊരു വീഡിയോയിൽ പറഞ്ഞത്. ഉപകരണങ്ങൾ പ്രവർത്തിക്കാത്തതിനാൽ ശ്രമം ഉപേക്ഷിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ, ഭാ​ഗ്യമെന്നോ വിധിയെന്നോ വിളിക്കാം, പാരാ​ഗ്ലൈഡിം​ഗിന് 30 മിനിറ്റ് മുമ്പ് എല്ലാം വിചാരിച്ചത് പോലെ നടന്നെന്നും ഡിജെ ട്രൈപ്സ് പറഞ്ഞു.

View post on Instagram

വീഡിയോ വൈറലായി മാറിയതോടെ നിരവധിയാളുകളാണ് ട്രൈപ്സിനെ അഭിനന്ദിച്ച് കൊണ്ടുള്ള കമന്റുകളുമായി എത്തിയത്. ട്രൈപ്സിന്റെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും അഭിനന്ദിച്ച് കൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാ​ഗവും വന്നിരിക്കുന്നത്. സ്ത്രീകൾ അനുവാദത്തിനായി കാത്തിരിക്കില്ല, അവർ ചരിത്രം സൃഷ്ടിക്കുകയാണെന്ന് ഒരാൾ പറഞ്ഞു. അടുത്ത വീഡിയോ ബഹിരാകാശ നിലയത്തിൽ മ്യൂസിക് പ്ലേ ചെയ്യുന്നതാകട്ടെ എന്നായിരുന്നു മറ്റൊരാളുടെ വാക്കുകൾ. എന്നാൽ, ചിലയാളുകൾ പാരാ​ഗ്ലൈഡിം​ഗിലെ അപകട സാധ്യത ചൂണ്ടിക്കാണിച്ചു. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്ക്കായി നിങ്ങളുടെ ജീവൻ പണയപ്പെടുത്തുന്നത് നല്ല ആശയമല്ലെന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ഏതായാലും പാരാ​ഗ്ലൈഡിം​ഗ് വനിതാ ഡിജെ സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറി.