യാത്രകൾ തിരഞ്ഞെടുക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെയും ക്രിയേറ്റർമാരെയും സഞ്ചാരികൾ വലിയ തോതിൽ ആശ്രയിക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ദില്ലി: ഇന്ത്യക്കാരുടെ യാത്രാ പദ്ധതികളിൽ വീഡിയോ കണ്ടന്റുകൾക്ക് വലിയ പങ്കുണ്ടെന്ന് ഗൂഗിളിന്റെ റിപ്പോർട്ട്. 'ട്രാവൽ റീവേർഡ്: ഡീകോഡിംഗ് ദി ഇന്ത്യൻ ട്രാവലർ' എന്ന തലക്കെട്ടിലുള്ള ഗൂഗിൾ കമ്മീഷൻ ചെയ്ത പുതിയ കാന്തർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എവിടെ പോകണം, എന്തുചെയ്യണം, എങ്ങനെ ആസൂത്രണം ചെയ്യണം എന്നിവയ്ക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ, പ്രത്യേകിച്ച് വീഡിയോ കണ്ടന്റുകളെ ഇന്ത്യക്കാർ എങ്ങനെ വളരെയധികം ആശ്രയിക്കുന്നു എന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ടാണിത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ഇന്ന് ഒരു ലക്ഷ്യസ്ഥാനത്തെക്കുറിച്ച് സ്വപ്നം കാണുന്നത് മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വരെ യാത്രയുടെ ഓരോ ഘട്ടത്തിലും ഇന്ത്യൻ യാത്രക്കാർ കൂടുതലായി ഡിജിറ്റൽ വഴികൾ സ്വീകരിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹിഡൻ-ജെം ഹോംസ്റ്റേകൾ, എയർലൈനുകൾ എന്നിവ അവലോകനം ചെയ്യുന്നതിലും പെട്ടെന്ന് വിവരങ്ങൾ ലഭിക്കാനായി ഷോർട്ട്‌സ് സ്ക്രോൾ ചെയ്യുന്നതിലുമെല്ലാം യൂട്യൂബിന്റെ സ്വാധാനം കാണാം. റിപ്പോർട്ട് അനുസരിച്ച്, 85% യാത്രക്കാരും ഇപ്പോൾ ഓൺലൈനായി ബുക്ക് ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. കൂടാതെ എയർലൈനുകളും താമസ സൗകര്യങ്ങളും തിരഞ്ഞെടുക്കുന്നതിൽ ഡിജിറ്റൽ ബ്രാൻഡുകളിൽ ഇന്ത്യൻ യാത്രക്കാര്‍ വലിയ രീതിയിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യുന്നുണ്ട്.
റിപ്പോര്‍ട്ടിലെ ചില പ്രധാന കണ്ടെത്തലുകൾ
- ആഭ്യന്തര അവധി ദിവസങ്ങളെ അപേക്ഷിച്ച് അന്താരാഷ്ട്ര യാത്രകൾക്കായി 3.2 മടങ്ങ് കൂടുതൽ ചെലവഴിക്കുന്നു.
- ഇന്ത്യയിലെ ഏറ്റവും മികച്ച യാത്രാ പ്രചോദന സ്രോതസ്സായി യൂട്യൂബ് മാറി.
- യൂട്യൂബ് പ്രധാന യാത്രാ സഹായിയായി ഉയർന്നുവരുന്നു.
- വീഡിയോകളാണ് ഇപ്പോൾ യാത്രകൾ എവിടേയ്ക്ക് എന്ന് തീരുമാനിക്കുന്നതിലേയ്ക്ക് നയിക്കുന്നത്.
- ഇന്ത്യൻ സഞ്ചാരികളിൽ 68% പേരും യാത്രകൾ തിരഞ്ഞെടുക്കുന്നതിനായി യൂട്യൂബ് ഉപയോഗിക്കുന്നു.
- യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ 59% പേർ ക്രിയേറ്റർമാരിൽ വിശ്വാസം അർപ്പിക്കുന്നു.
- അഞ്ചിൽ രണ്ട് യാത്രക്കാരും പെട്ടെന്നുള്ള ആശയങ്ങൾക്കായി യൂട്യൂബ് ഷോർട്ട്സ് ഉപയോഗിക്കുന്നു.
- നാല് പുതിയ സഞ്ചാര മാതൃകകൾ
1. മെമ്മറി മേക്കറുകൾ (സംഗീതോത്സവങ്ങൾ, കായിക പരിപാടികൾ, സിനിമാ ലൊക്കേഷൻ യാത്രകൾ തുടങ്ങിയവ).
2. ആഡംബരത്തിലും സൗകര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ.
3. പുതിയ സഞ്ചാരികൾ.
4. മതപരമായ തീർത്ഥാടകര്‍.


