ഇന്ത്യൻ സഞ്ചാരികളെ പ്രധാനമായും നാല് വിഭാഗങ്ങളായി തിരിച്ച് വിശകലനം ചെയ്യുന്ന ഗൂഗിളിന്റെ ഏറ്റവും പുതിയ 'ട്രാവൽ റീവയേഡ്: ഡീകോഡിംഗ് ദി ഇന്ത്യൻ ട്രാവലര്‍' റിപ്പോർട്ട് പുറത്ത്. 

ഇന്ത്യക്കാരുടെ യാത്രാ രീതികളില്‍ വലിയ മാറ്റമാണ് സമീപ വര്‍ഷങ്ങളിലായി കാണുന്നത്. പലര്‍ക്കും യാത്രകൾ ചെയ്യാൻ കാരണങ്ങൾ പലതാണ്. ചിലര്‍ക്ക് സ്ഥലങ്ങള്‍ കാണാനാണ് താത്പര്യമെങ്കിൽ മറ്റ് ചിലര്‍ക്ക് ചില സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുക, അല്ലെങ്കിൽ ആത്മീയതയ്ക്ക് പ്രാധാന്യമുള്ള സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുക എന്നിവയായിരിക്കാം താത്പ്പര്യം. ഇക്കാര്യം കണക്കിലെടുത്ത് ഇന്ത്യൻ സഞ്ചാരികളെ നാല് ഗ്രൂപ്പുകളായി തിരിക്കുകയാണ് ഗൂഗിൾ.

ട്രാവൽ റീവയേഡ്: ഡീകോഡിംഗ് ദി ഇന്ത്യൻ ട്രാവലര്‍ എന്ന ഗൂഗിളിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇന്ത്യൻ സഞ്ചാരികളെ നാലായി തരംതിരിച്ചിരിക്കുന്നു. ഓര്‍മ്മകൾക്ക് പ്രാധാന്യം നൽകുന്നവര്‍, ശാന്തത തേടുന്നവര്‍, പുതുമുഖ സഞ്ചാരികൾ, മതപരമായ തീർത്ഥാടകര്‍ എന്നിങ്ങനെയാണ് ഗൂഗിളിന്‍റെ പട്ടിക. ഈ നാല് വിഭാഗക്കാരുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ഓര്‍മ്മകൾക്ക് വേണ്ടി യാത്ര ചെയ്യുന്നവര്‍

നിങ്ങൾ ഏതെങ്കിലും സ്ഥലം കാണാൻ വേണ്ടിയല്ല, പകരം ആ നിമിഷത്തിന് വേണ്ടിയാണ് സഞ്ചരിക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾ പാരീസ് കാണാൻ പോകുന്നതിന് പകരം പാരീസിൽ ടെയ്‌ലർ സ്വിഫ്റ്റിന്റെ പരിപാടി കാണാൻ പോകുന്നു. ചിലപ്പോൾ അത് ഒരു ലോകകപ്പ് മത്സരമാകാം, അല്ലെങ്കിൽ ഫിലിം ഫെസ്റ്റിവലാകാം. ചുരുക്കിപ്പറഞ്ഞാൽ, നിങ്ങൾക്ക് ഒഴിവാക്കാനാകാത്ത ഒരു അനുഭവത്തെ ചുറ്റിപ്പറ്റിയാണ് ആ യാത്ര തന്നെ പ്ലാൻ ചെയ്യുന്നത് എന്ന് അര്‍ത്ഥം. ഇത്തരം കാര്യങ്ങളെ കുറിച്ച് ദീര്‍ഘനേരം വീഡിയോകൾ കാണുന്ന സ്വഭാവക്കാരാണ് ഇവര്‍. ഏകദേശം 71% യാത്രക്കാരും ഈ കാരണത്താലാണ് യൂട്യൂബിനെ ആശ്രയിക്കുന്നതെന്നും ഗൂഗിൾ പറയുന്നു.

2. ശാന്തതയും സമാധാനവും തേടുന്നവര്‍

ശാന്തതയ്ക്കും സമാധാനത്തിനും സുഖസൗകര്യങ്ങൾക്കും പ്രധാന്യം നൽകുന്ന സഞ്ചാരികളെ ഗ്ലോബ്ട്രോട്ടര്‍ എന്ന വിഭാഗത്തിലാണ് ഗൂഗിൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അവലോകനങ്ങൾ വായിച്ച്, ഏത് എയർലൈൻ ലോഞ്ചാണ് മികച്ചതെന്ന് കണ്ടെത്തി ശ്രദ്ധാപൂർവ്വം, പരിഭ്രാന്തിയില്ലാതെ യാത്രകൾ ആസൂത്രണം ചെയ്യുന്നവരാണ് ഇക്കൂട്ടർ. ബിസിനസ് ക്ലാസ് സീറ്റുകൾ, നല്ല ഭക്ഷണം, സ്പാ അപ്പോയിന്റ്മെന്റുകൾ, നന്നായി രൂപകൽപ്പന ചെയ്ത മുറികൾ എന്നിവ ഇവർക്ക് പ്രധാനമാണ്. ഇത്തരത്തിലുള്ള അന്വേഷണവും അവലോകനവുമെല്ലാം ഒരു ആഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കും. ട്രാവൽ കണ്ടന്റ് ക്രിയേറ്റേഴ്സിനെയാണ് ഇവർ പിന്തുടരാറുള്ളത്. ഇത് പ്രചോദനത്തിനായി മാത്രമല്ല, ഉറപ്പിനും വേണ്ടിയാണെന്ന് ​ഗൂ​ഗിൾ റിപ്പോർട്ടിൽ പറയുന്നു.

3. പുതുമുഖ സഞ്ചാരികൾ

ആദ്യമായി യാത്ര ചെയ്യുന്നവർ എപ്പോഴും ആവേശഭരിതരായിരിക്കും. അൽപ്പം പരിഭ്രാന്തിയുമുണ്ടാകാം. ഇവർ ബജറ്റിനെക്കുറിച്ച് വളരെ ബോധവാൻമാരായിരിക്കും. ചെറിയ അവധിക്കാലമോ, മാതാപിതാക്കളില്ലാതെ ആദ്യമായി നടത്തുന്ന യാത്രയോ, അല്ലെങ്കിൽ സുഹൃത്തുക്കളുമൊത്തുള്ള ആദ്യത്തെ അവധിക്കാലമോ ആകാം ഇത്. ഇക്കാര്യത്തിൽ നിങ്ങൾ ഒന്നിനും വേണ്ടി കാത്തിരിക്കില്ല. എന്തിനും തയ്യാർ എന്നതാകും ചിന്ത. നിങ്ങൾ പ്ലാനുകൾ വേഗത്തിൽ ബുക്ക് ചെയ്യുന്നു. ഏകദേശം 40% യാത്രക്കാരും പോകാൻ തീരുമാനിച്ചതിന് 24 മണിക്കൂറിനുള്ളിൽ പ്ലാനുകൾ ലോക്ക് ചെയ്യുന്നവരാണ്. നിങ്ങൾ യട്യൂബിനെയാണ് വിശ്വസിക്കുന്നത്. ഏകദേശം 88% പേരും ഇതേ മാതൃകയാണ് പിന്തുടരുന്നതെന്ന് ​ഗൂ​ഗിൾ പറയുന്നു.

4. മതപരമായ തീർത്ഥാടകർ

നിങ്ങൾ യാത്ര ചെയ്യുന്നത് ആത്മീയതയുമായി ബന്ധപ്പെട്ടായിരിക്കാം. സാധാരണ യാത്രാ കലണ്ടറുകളുമായി ബന്ധമില്ലാത്ത പദ്ധതികളായിരിക്കാം ഇത്. ഉത്സവ തീയതികൾ പ്രധാനമാണ്. ശുഭദിനങ്ങൾ പ്രധാനമാണ്. കുടുംബ ലഭ്യതയും ചിലപ്പോഴൊക്കെ പ്രധാനമായിരിക്കാം. ഇത്രയും ശരിയാണെങ്കിൽ ഗൂഗിൾ നിങ്ങളെ ഒരു മത തീർത്ഥാടകൻ എന്നാണ് വിളിക്കുന്നത്. നിങ്ങൾ ജെൻസിയോ, മില്ലേനിയലോ, അല്ലെങ്കിൽ ജെൻ എക്സോ ആകാം. ആത്മീയ യാത്ര ഒരു പ്രായ വിഭാഗത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. വാരണാസി, ഹരിദ്വാർ, അയോധ്യ, അല്ലെങ്കിൽ ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ വിശ്വാസത്തോടൊപ്പം സംസ്കാരത്തെയും കുടുംബത്തെയും കുറിച്ചുള്ളതാണെന്നാണ് ​ഗൂ​ഗിളിന്റെ നി​ഗമനം. ഏകദേശം 92% യാത്രക്കാരും എത്തിച്ചേരുന്നതിന് മുമ്പ് യൂട്യൂബിനെ ആശ്രയിക്കുന്നു. ആഡംബരം അപൂർവ്വമായി മാത്രമേ ഇവർക്ക് പ്രധാനമാകൂ.

ഇനി പറയൂ, ഇതിൽ ഏത് വിഭാ​ഗക്കാരാണ് നിങ്ങൾ?