നവദമ്പതികൾ ഇപ്പോൾ ഒരു ഹണിമൂണിന് പകരം രണ്ട് യാത്രകൾ തിരഞ്ഞെടുക്കുന്നുവെന്ന് റിപ്പോർട്ട്. ഒരു 'മിനി-മൂൺ' യാത്രയും, പിന്നീട് കൂടുതൽ ആസൂത്രണത്തോടെ ഒരു 'ബിഗ്-മൂൺ' യാത്രയുമാണ് പുതിയ ട്രെൻഡ്.
വിവാഹത്തിന് ശേഷമുള്ള ഹണിമൂൺ യാത്രകൾ നമ്മുടെ നാട്ടിൽ സർവ്വസാധാരണമാണ്. മലനിരകൾ കീഴടക്കാനോ മഞ്ഞുപെയ്യുന്നത് നേരിൽ കാണാനോ ബീച്ച് റിസോർട്ടുകളുടെ ആഡംബരം ആസ്വദിക്കാനോ ഒക്കെയാണ് നവദമ്പതികൾ സാധാരണയായി താത്പ്പര്യം പ്രകടിപ്പിക്കാറുള്ളത്. എന്നാൽ, വിവാഹ ആഘോഷങ്ങൾക്ക് ശേഷം നവദമ്പതികൾ ഇപ്പോൾ ഒന്നല്ല, രണ്ട് അവധിക്കാലങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്.
'മിനി-മൂൺ' എന്ന് വിളിക്കപ്പെടുന്ന കുറച്ച് ദിവസത്തേക്ക് പ്ലാൻ ചെയ്യുന്ന ഒരു ട്രിപ്പാണ് ആദ്യം. 'ബിഗ്-മൂൺ' എന്നും അറിയപ്പെടുന്ന പരമ്പരാഗത നീണ്ട അവധിക്കാലമായ ഹണിമൂണാണ് രണ്ടാമത്തേത്. ഇന്ത്യൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ത്രില്ലോഫീലിയയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിവാഹത്തിന് തൊട്ടുപിന്നാലെ നവദമ്പതികൾ 3-5 രാത്രികൾ നീണ്ടുനിൽക്കുന്ന മിനിമൂൺ യാത്രകൾ നടത്തുന്നുവെന്നും തുടർന്ന് നീണ്ട അവധിയെടുത്ത് ഹണിമൂൺ ആഘോഷിക്കുന്നുവെന്നുമാണ് ത്രില്ലോഫീലിയയുടെ ഹണിമൂൺ യാത്രാ റിപ്പോർട്ട് 2025-26 വ്യക്തമാക്കുന്നത്.
വർഷം തോറും മിനിമൂൺ യാത്രകളിൽ 18 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇത് വിവാഹിതരായ വ്യക്തികൾ യാത്ര ചെയ്യാനും ഒരുമിച്ച് ആദ്യ വർഷം ആഘോഷിക്കാനും ആഗ്രഹിക്കുന്നതിന്റെ വ്യക്തമായ തെളിവാണെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. വിവാഹ ആഘോഷങ്ങളുടെ തിരക്കുകൾക്ക് ശേഷം നവദമ്പതികൾക്ക് പെട്ടെന്ന് സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ മിനിമൂൺ അവസരം നൽകുന്നുവെന്നാണ് ത്രില്ലോഫീലിയ റിപ്പോർട്ടിൽ പറയുന്നത്. വിവാഹത്തിന് ശേഷം വീണ്ടും നീണ്ട അവധികൾ ഒഴിവാക്കാനും വലിയ ലഗേജുകൾ കൊണ്ടുപോകാതിരിക്കാനും മിനിമൂൺ സഹായിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
അതേസമയം, വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം ആസൂത്രണം ചെയ്യുന്ന ഹണിമൂൺ നവദമ്പതികൾക്ക് യാത്രാ പദ്ധതികൾ തയ്യാറാക്കാൻ കൂടുതൽ സമയം നൽകുന്നു. വ്യത്യസ്തമായ ഒരു സ്ഥലമായാലും, ഒരു അന്താരാഷ്ട്ര അവധിക്കാലമായാലും, അല്ലെങ്കിൽ പ്രകൃതിയോട് ചേർന്നുള്ള ഒരു യാത്രയായാലും പരസ്പര യാത്രാ മുൻഗണനകളെക്കുറിച്ച് ചിന്തിക്കാൻ ഇത് അവർക്ക് സമയം നൽകുന്നു. കൃത്യമായ ബജറ്റ് തയ്യാറാക്കാനും ഇതുവഴി കഴിയും.
നവദമ്പതികൾ ആഡംബരത്തിന് പകരം അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള മിനി-മൂണുകളും ബിഗ്-മൂണുകളുമാണ് തിരഞ്ഞെടുക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 64 ശതമാനം ദമ്പതികളും സൺസെറ്റ് ക്രൂയിസുകൾ, വില്ല സ്റ്റേകൾ, ബീച്ച് ഡിന്നറുകൾ തുടങ്ങിയവ ആസ്വദിക്കുന്നു. അതേസമയം, 42 ശതമാനം ദമ്പതികളും സ്നോർക്കെല്ലിംഗ്, സിപ്‌ലൈനിംഗ്, സ്നോ പ്ലേ, മരുഭൂമിയിലെ വാന നിരീക്ഷണം, ആയുർവേദ റിട്രീറ്റുകൾ പോലുള്ള വെൽനസ് സെഷനുകളോടാണ് താത്പര്യം പ്രകടിപ്പിക്കുന്നത്.
ജനപ്രിയ ഹണിമൂൺ ലക്ഷ്യസ്ഥാനങ്ങൾ
ഇന്ത്യയിൽ കേരളം, ആൻഡമാൻ, ഗോവ, രാജസ്ഥാൻ എന്നിവയാണ് രണ്ട് തരം ഹണിമൂണുകൾക്കും അനുയോജ്യമായ സ്ഥലങ്ങൾ. പ്രകൃതിയുടെയും സംസ്കാരത്തിന്റെയും സമ്മിശ്രണമാണ് ഇതിന് കാരണമാകുന്നത്. ഹിമാചൽ പ്രദേശ്, മേഘാലയ, കൂർഗ് തുടങ്ങിയ ശാന്തമായ സ്ഥലങ്ങളും സ്വകാര്യതയും വ്യത്യസ്തമായ അനുഭവവും ആഗ്രഹിക്കുന്ന ദമ്പതികൾക്ക് അനുയോജ്യമാണ്. അന്താരാഷ്ട്രതലത്തിൽ തായ്‌ലൻഡ്, വിയറ്റ്നാം, ബാലി, മാലിദ്വീപ് എന്നിവയാണ് ഏറ്റവും മികച്ച ഹണിമൂൺ സ്ഥലങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.


