ഒരുകാലത്ത് ഓഫ് സീസണായി കണക്കാക്കിയിരുന്ന മഴക്കാലം ഇപ്പോൾ ഇന്ത്യൻ യാത്രക്കാരുടെ പ്രിയപ്പെട്ട യാത്രാസമയമായി മാറിയിരിക്കുന്നു. മൂന്നാർ, വയനാട്, ഗോവ തുടങ്ങിയ കേന്ദ്രങ്ങളിൽ ഹോട്ടൽ ബുക്കിങ്ങുകൾ പലമടങ്ങ് വർധിച്ചതായി വിവിധ ട്രാവൽ കമ്പനികളുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഒരുകാലത്ത് വിനോദസഞ്ചാരത്തിന്റെ ഓഫ് സീസണായി കണക്കാക്കിയിരുന്ന മഴക്കാലം ഇപ്പോൾ ഇന്ത്യൻ യാത്രക്കാരുടെ പ്രിയകാലമായി മാറുന്നു. പച്ചപ്പും തണുപ്പും മഴയുടെ സൗന്ദര്യവും ആസ്വദിക്കാൻ കൂടുതൽ പേർ യാത്രകൾ ആസൂത്രണം ചെയ്യുന്നതോടെ മൂന്നാർ, വയനാട്, ഊട്ടി, മസൂറി, കൂർഗ്, ഗോവ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ ഹോട്ടൽ ബുക്കിങ്ങുകൾ കുത്തനെ ഉയർന്നതായി വിവിധ ട്രാവൽ കമ്പനികളുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ട്രാവൽ ഫിൻടെക് പ്ലാറ്റ്‌ഫോമായ സ്‌കാപിയയുടെ കണക്കുകൾ
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ മഴക്കാലത്ത് മൂന്നാറിലും മുസ്സൂറിയിലും ഹോട്ടൽ ബുക്കിങ് ഏകദേശം 10 മടങ്ങ് വർധിച്ചതായി ട്രാവൽ ഫിൻടെക് പ്ലാറ്റ്‌ഫോമായ സ്‌കാപിയയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വയനാട്, കൂർഗ്, ഊട്ടി, ലോണാവള എന്നിവിടങ്ങളിൽ ബുക്കിങ്ങുകൾ ഏഴിരട്ടിയോളം ഉയർന്നു. മണാലി, ഋഷികേശ്, കൊടൈക്കനാൽ, പുതുച്ചേരി, ഉദയ്പൂർ, ഗോവ തുടങ്ങിയ കേന്ദ്രങ്ങളിലും യാത്രക്കാരുടെ താൽപര്യം വർധിക്കുന്നതായി റിപ്പോർട്ട് പറയുന്നു.
കേരളവും മഴക്കാല സഞ്ചാരികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയാണ്. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ഇടങ്ങളിലേക്കുള്ള റെയിൽവേ തിരച്ചിലുകൾ വർധിച്ചതായും, മൂന്നാറിലേക്കുള്ള പ്രവേശന കവാടമായ തൊടുപുഴ, അതിരപ്പിള്ളിക്ക് സമീപമുള്ള ചാലക്കുടി, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള യാത്രാ അന്വേഷണങ്ങളിലും ഗണ്യമായ വർധന രേഖപ്പെടുത്തിയതായും സ്‌കാപിയ വ്യക്തമാക്കി.
ക്ലിയർട്രിപ്പിന്റെ കണക്കുകൾ പ്രകാരം, വയനാടും മൂന്നാറും ഹോട്ടൽ ബുക്കിങ്ങിൽ മൂന്നക്ക വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലേക്കുള്ള വിമാന ബുക്കിങ്ങിൽ 62 ശതമാനം വർധനയുണ്ടായി. ഹിമാചൽ പ്രദേശിലേക്കുള്ള വിമാന ബുക്കിങ്ങും കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം ഉയർന്നു.
ഗോവയിലും മഴക്കാല വിനോദസഞ്ചാരം ശക്തമാണ്. ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL) നടത്തുന്ന ഹോട്ടലുകളിൽ ബുക്കിങ്ങിൽ 15 മുതൽ 17 ശതമാനം വരെ വർധന രേഖപ്പെടുത്തി. മഴക്കാല വിവാഹങ്ങളും പ്രത്യേക ഭക്ഷ്യമേളകളും സംഘടിപ്പിച്ചതോടെ ഹോട്ടലുകളിലെ സന്ദർശകരുടെ എണ്ണവും ഗണ്യമായി ഉയർന്നതായി കമ്പനി അറിയിച്ചു. കോവിഡ് മുമ്പ് മഴക്കാലത്ത് ഗോവയിലെ ഹോട്ടൽ നിരക്കുകൾ കുറയുന്ന പതിവുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഉയർന്ന ആവശ്യകത കാരണം നിരക്കുകൾ സ്ഥിരത നിലനിർത്തുകയാണെന്ന് ഐഎക്സിഗോ വ്യക്തമാക്കി.
റാഡിസൺ ഹോട്ടൽ ഗ്രൂപ്പിന്റെ ദക്ഷിണേഷ്യാ വിഭാഗം മാനേജിംഗ് ഡയറക്ടർ നിഖിൽ ശർമയുടെ അഭിപ്രായത്തിൽ, മഴക്കാലം ഇനി ഓഫ് സീസണല്ല. വെൽനെസ്, സാംസ്‍കാരിക അനുഭവങ്ങൾ, ആത്മീയ വിനോദസഞ്ചാരം എന്നിവയ്ക്കായി കൂടുതൽ പേർ ഈ കാലയളവ് തിരഞ്ഞെടുക്കുകയാണ്. നൈനിറ്റാൾ, ലോണാവള, മൗണ്ട് അബു, ഗോവ എന്നിവയ്‌ക്കൊപ്പം അയോധ്യ, വാരാണസി, പുരി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലും മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്.
പിക്ക്യോർട്രെയിലിന്റെ കണക്കുകൾ പ്രകാരം, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള യാത്രാ ബുക്കിങ്ങുകൾ കഴിഞ്ഞ വർഷത്തേക്കാൾ 80 ശതമാനം ഉയർന്നിട്ടുണ്ട്. വർക്ക് ഫ്രം ഹോം സൗകര്യങ്ങൾ, ചെറിയ വിദേശ യാത്രകളോടുള്ള താൽപര്യം, വർഷത്തിൽ ഒന്നിലധികം അവധിയാത്രകൾ തിരഞ്ഞെടുക്കുന്ന പുതിയ പ്രവണത എന്നിവയാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.
മഴക്കാലം യാത്രയ്ക്ക് അനുയോജ്യമാണോ എന്നതല്ല ഇനി സഞ്ചാരികളുടെ ചോദ്യം എന്നാണ് ട്രാവൽ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ. മഴക്കാലത്ത് ഏറ്റവും മികച്ച അനുഭവം നൽകുന്ന ലക്ഷ്യസ്ഥാനമേതാണ് എന്നതാണ് പലരും ഇപ്പോൾ അന്വേഷിക്കുന്നത് എന്നും ഈ മേഖലയിൽ ഉള്ളവർ പറയുന്നു.


