വിദേശ വിനോദസഞ്ചാരികൾക്കായി സൗദി അറേബ്യ 'പാക്കേജ് വിസ' എന്ന പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചു. ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ യാത്രക്കാർക്ക് വിമാന ടിക്കറ്റ്, താമസം, ടൂറിസ്റ്റ് വിസ എന്നിവ ഒറ്റ ബുക്കിങ്ങിലൂടെ നേടാൻ ഈ പദ്ധതി സഹായിക്കുന്നു. യാത്ര നടപടികൾ ലളിതമാക്കുകയും ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദേശ വിനോദസഞ്ചാരികൾക്ക് യാത്ര കൂടുതൽ എളുപ്പമാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി സൗദി അറേബ്യ. 'പാക്കേജ് വിസ' (Package Visa) എന്ന പുതിയ പദ്ധതിയിലൂടെ വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, ടൂറിസ്റ്റ് വിസ എന്നിവ ഒരൊറ്റ ബുക്കിങ്ങിലൂടെ ലഭ്യമാക്കാനാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്.
ഇന്ത്യ, ജോർദാൻ, ഈജിപ്‍ത്, മെക്സിക്കോ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ യോഗ്യതയുള്ള യാത്രക്കാർക്കാണ് നിലവിൽ ഈ സേവനം ലഭ്യമാകുക. വിമാനയാത്ര, താമസം, ടൂറിസ്റ്റ് വിസ, വിനോദസഞ്ചാര അനുഭവങ്ങൾ എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾ 4,000 സൗദി റിയാൽ മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുത്ത ട്രാവൽ-ടൂറിസം സേവനദാതാക്കൾ വഴിയാണ് നിലവിൽ പദ്ധതി നടപ്പാക്കുന്നത്. പിന്നീട് കൂടുതൽ രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് സൗദിയുടെ പദ്ധതി.
2025-ൽ 2.9 കോടി വിദേശ വിനോദസഞ്ചാരികളാണ് സൗദി അറേബ്യ സന്ദർശിച്ചത്. വിനോദസഞ്ചാര മേഖലയിലെ വേഗത്തിലുള്ള വളർച്ചയുടെ പശ്ചാത്തലത്തിലാണ് പുതിയ സംരംഭമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. "സൗദിയിലേക്കുള്ള യാത്ര കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിസ അനുവദിക്കുന്ന നടപടികൾ യാത്രാ ബുക്കിങ്ങുമായി സംയോജിപ്പിക്കുന്നതിലൂടെ സന്ദർശകരുടെ മുഴുവൻ യാത്രാനുഭവവും കൂടുതൽ സുഗമമാകും. അതോടൊപ്പം ടൂറിസം മേഖലയിലെ വിവിധ പങ്കാളികൾ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്താൻ ഈ സംരംഭം സഹായിക്കും," മന്ത്രി വ്യക്തമാക്കി.
പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്ക് വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്, വിസ അപേക്ഷ എന്നിവ പ്രത്യേകം ചെയ്യേണ്ടതില്ല. ഒറ്റ പ്രക്രിയയിലൂടെ എല്ലാം പൂർത്തിയാക്കാൻ സാധിക്കും. കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം, പരിപാടികൾ, വിവിധ ടൂറിസം അനുഭവങ്ങൾ എന്നിവയും പാക്കേജിനൊപ്പം ചേർക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനും സൗദിയെ കൂടുതൽ എളുപ്പത്തിൽ സന്ദർശിക്കാവുന്ന ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് 'പാക്കേജ് വിസ' പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.


