പത്തനാപുരം ബഡ്ജറ്റ് ടൂറിസം സെൽ വരുമാന വർധനയിൽ സംസ്ഥാനത്ത് ഒന്നാമത് എത്തി. 68 ശതമാനം വരുമാന വര്‍ധനയുണ്ടായെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. 

പത്തനാപുരം: സംസ്ഥാനത്ത് ബഡ്ജറ്റ് ടൂറിസം പദ്ധതി വിജയകരമായി തുടരുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പത്തനാപുരം ബഡ്ജറ്റ് ടൂറിസം സെല്‍ കഴിഞ്ഞ മാസം 68 ശതമാനം വരുമാന വര്‍ധന നേടി സംസ്ഥാനത്ത് ഒന്നാമതായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനാപുരത്ത് നിന്നുള്ള വിവിധ ബസ് സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം.

യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളുമായി കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ നിരത്തിലിറക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. കൊട്ടാരക്കരയില്‍ പുതിയ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്റെ ശിലാസ്ഥാപനം ഉടനെ നടക്കും. ബസ് സ്റ്റേഷനുകളില്‍ തടസരഹിത വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. കെ എസ് ആര്‍ ടി സിയുടെ ബിസിനസ് ക്ലാസ് ബസ്സുകള്‍ ഉടനെ നിരത്തിലിറങ്ങുമെന്നും ട്രാവല്‍ കാര്‍ഡ് വിതരണം ത്വരിതപെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പത്തനാപുരം-എറണാകുളം റൂട്ടില്‍ ആരംഭിച്ച എസി പ്രീമിയം സൂപ്പര്‍ഫാസ്റ്റ്, കുണ്ടയം-ഏനാത്ത് -കടമ്പനാട്-ചക്കുവള്ളി വഴിയുള്ള ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍ പഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ മേഖലകളിലൂടെയുള്ള മിനി ബസ് സര്‍വീസുകള്‍ തുടങ്ങിയവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് തുളസി അധ്യക്ഷനായി. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി രാമാദേവി, ജില്ല പഞ്ചായത്തംഗം സുനിത രാജേഷ്, കെ എസ് ആര്‍ ടി സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.