ഹെലി ടൂറിസം ആരംഭിക്കുന്നതിനൊപ്പം നല്ലമല മേഖലയിൽ 68 കോടിയിലധികം രൂപയുടെ ടൂറിസം വികസന പദ്ധതികളും നടപ്പിലാക്കും.
ഹെലി ടൂറിസം പദ്ധതി ആരംഭിക്കാനൊരുങ്ങി തെലങ്കാന. ഹൈദരാബാദിനെ സോമസിലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ആരംഭിക്കാനിരിക്കുന്നതെന്ന് ടൂറിസം മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവു അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം, വിദേശ വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിയ്ക്ക് പിന്നിലുണ്ട്. നല്ലമല വനങ്ങളുടെയും, മനോഹരമായ ശ്രീശൈലം അണക്കെട്ടിന്റെയും, കൃഷ്ണ നദിയുടെയും മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാം. ടൂറിസം മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഹെലി ടൂറിസം പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആഡംബര സഞ്ചാരികൾക്ക് മാത്രമായുള്ള പദ്ധതിയല്ല ഇതെന്നതാണ് ഹെലി ടൂറിസം പദ്ധതിയുടെ പ്രത്യേകത.
ഹെലികോപ്റ്ററിൽ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ പര്യവേക്ഷണം ചെയ്യാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുന്ന ഒരു യാത്രാ രീതിയാണ് ഹെലി-ടൂറിസം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ മണിക്കൂറുകളോളം റോഡിൽ ചെലവഴിക്കുന്നതിന് പകരം വിനോദസഞ്ചാരികൾക്ക് ആകാശ യാത്രയിലൂടെ നദികൾ, പർവതങ്ങൾ, വനങ്ങൾ, പൈതൃക സ്ഥലങ്ങൾ എന്നിവയുടെ കാഴ്ചകൾ ആസ്വദിക്കാം. ബുക്കിംഗുകളും ലോജിസ്റ്റിക്സും ഈസ്മൈട്രിപ്പാണ് കൈകാര്യം ചെയ്യുക.
ഹെലി ടൂറിസം ആരംഭിക്കുന്നതിനൊപ്പം നല്ലമല മേഖലയിൽ 68 കോടിയിലധികം രൂപയുടെ ടൂറിസം വികസന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. അമരഗിരി ഐലൻഡ് വെൽനസ് റിട്രീറ്റ് (45.84 കോടി), സോമസില ബോട്ടിംഗ് പോയിന്റ് & വിഐപി ഘട്ട് (1.60 കോടി) നാലമ്മ, അമരഗിരി ദ്വീപ് എന്നിവിടങ്ങളിലെ ടൂറിസം പ്രവർത്തനങ്ങൾ എന്നിവയാണ് ഇവയിൽ പ്രധാനം. എല്ലാ പദ്ധതികളും അടുത്ത വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.


