ഹാൻഡ് ലഗേജുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് അറിയില്ലെങ്കിൽ വിമാനത്താവളങ്ങളിൽ വലിയ സമയ നഷ്ടം ഉണ്ടായേക്കാം. 

വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധന സമയത്ത് നിങ്ങളുടെ ബാ​ഗ് മാത്രം മാറ്റി നി‍ർത്തുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. എന്താണ് നിങ്ങളുടെ ഭാ​ഗത്തുണ്ടായ തെറ്റ് എന്ന് പെട്ടെന്ന് മനസിലായെന്ന് വരില്ല. മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെപ്പോലെ തന്നെ ഇന്ത്യൻ വിമാനത്താവളങ്ങളും കർശനമായ കാബിൻ/ഹാൻഡ് ല​ഗേജ് നിയമങ്ങൾ പാലിക്കുന്നുണ്ട്. ഹാൻഡ് ലഗേജുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് അറിയാത്തതിനാൽ പലർക്കും വിലപ്പെട്ട സമയം നഷ്ടപ്പെടാറുണ്ട്. നിങ്ങളുടെ ഹാൻഡ് ല​ഗേജിൽ ഒരിക്കലും പാക്ക് ചെയ്യാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1. മൂർച്ചയുള്ള വസ്തുക്കൾ

കത്തികൾ, കത്രികകൾ, റേസർ ബ്ലേഡുകൾ, നെയിൽ കട്ടറുകൾ എന്നിവ പോലെയുള്ള മൂർച്ചയുള്ള വസ്തുക്കൾ ക്യാബിൻ ബാഗേജിൽ കൊണ്ടുപോകാൻ പാടില്ല. മറ്റുള്ളവർക്ക് ദോഷം വരുത്തുന്ന എന്തും വിമാനത്താവള സുരക്ഷാ ഏജൻസികൾ ആയുധമായാണ് കണക്കാക്കുന്നത്.

2. 100 മില്ലിയിൽ കൂടുതലുള്ള ദ്രാവകങ്ങൾ

100 മില്ലിയിൽ കൂടുതലുള്ള ദ്രാവകങ്ങൾ അത് വെള്ളം, ഷാംപൂ, സോസ്, അച്ചാർ, അല്ലെങ്കിൽ പെർഫ്യൂം എന്നിവയിൽ ഏതാണെങ്കിലും സുരക്ഷാ പരിശോധനയിൽ അനുവദിക്കില്ല. 100 മില്ലി പരിധിയിൽ താഴെയുള്ള കുപ്പികൾ സുതാര്യമായ ഒരു പൗച്ചിൽ വയ്ക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ ഓപ്ഷൻ.

3. ലൈറ്ററുകളും തീപ്പെട്ടികളും

നിങ്ങളുടെ ഹാൻഡ്‌ബാഗിൽ ഒരു ലൈറ്ററോ ‌തീപ്പെട്ടിയോ കൊണ്ടുപോകാൻ അനുവ​ദിക്കില്ല. ഈ വസ്തുക്കൾ തീപിടുത്തമുണ്ടാക്കാൻ കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു.

4. 160 വാട്ട്-അവറിൽ കൂടുതലുള്ള പവർ ബാങ്കുകൾ

160 വാട്ട്-അവറിൽ കൂടുതലുള്ള ഏതൊരു ബാറ്ററിയും ഹാൻഡ് ബാ​ഗിൽ കർശനമായി നിരോധിച്ചിരിക്കുന്നു. ഇന്ത്യയിലെ എയർലൈനുകൾ ഇക്കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളാണ്. അതിനാൽ പവർ ബാങ്കുകളിലെ ലേബൽ പരിശോധിച്ച് അത് എയർലൈൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

5. ടൂൾസ്

ചുറ്റികകൾ, സ്ക്രൂഡ്രൈവറുകൾ, പ്ലയർ പോലെയുള്ള ടൂളുകൾ ഹാൻഡ് ലഗേജിൽ അനുവദനീയമല്ല. ഈ ഉപകരണങ്ങൾ ആയുധങ്ങളായി കണക്കാക്കും.

6. സ്പോർട്ടിംഗ്, ഫിറ്റ്നസ് ഗിയർ

ക്രിക്കറ്റ് ബാറ്റുകൾ, ഹോക്കി സ്റ്റിക്കുകൾ, ടെന്നീസ് റാക്കറ്റുകൾ, ഡംബെല്ലുകൾ, അല്ലെങ്കിൽ സ്കിപ്പിംഗ് റോപ്പുകൾ പോലെയുള്ള വസ്തുക്കൾ പലപ്പോഴും സുരക്ഷാ പരിശോധനയിൽ അനുവദിക്കാറില്ല. സ്പോർട്സ് അല്ലെങ്കിൽ ഫിറ്റ്നസ് ഉപകരണങ്ങൾ എന്ന നിലയിൽ അവ നിരുപദ്രവകരമായി തോന്നിയേക്കാമെങ്കിലും അവയെ അപകടസാധ്യതയുള്ള വസ്തുക്കളായാണ് കണക്കാക്കപ്പെടുന്നത്. നിങ്ങൾ ഒരു മത്സരത്തിന് വേണ്ടി യാത്ര ചെയ്യുകയാണെങ്കിൽ ഇവ നിങ്ങളുടെ മെയിൻ ലഗേജിൽ പായ്ക്ക് ചെയ്യുക.

7. ഇലക്ട്രോണിക് സിഗരറ്റുകളും വേപ്പുകളും

ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇ-സിഗരറ്റുകളും വേപ്പുകളും നിരോധിച്ചിരിക്കുന്നു. സുരക്ഷാ ചെക്ക്‌പോസ്റ്റിൽ ഇവ കണ്ടുകെട്ടുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ, അവ കൊണ്ടുപോകുന്നത് നിങ്ങളിൽ നിന്ന് പിഴ ഈടാക്കാൻ പോലും ഇടയാക്കിയേക്കും.

8. സ്പ്രേകൾ

വലിയ ഡിയോഡറന്റ് ക്യാനുകൾ, ഹെയർ സ്‌പ്രേകൾ, കീടനാശിനി സ്‌പ്രേകൾ തുടങ്ങിയ പ്രഷർ അടങ്ങിയ കുപ്പികൾ ഹാൻഡ് ലഗേജിൽ അനുവദനീയമല്ല. പ്രഷർ അടങ്ങിയതിനാൽ അവ അപകടകരമായ വസ്തുക്കളായി കണക്കാക്കപ്പെടുന്നു.