ആത്മീയ യാത്രകളോടുള്ള താല്പര്യം വർധിച്ചതോടെ പ്രയാഗ്‌രാജ്, ബറേലി തുടങ്ങിയ നഗരങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി. സോളോ യാത്രകൾക്കും ഈ വർഷം വലിയ പ്രചാരം ലഭിച്ചെന്നും റിപ്പോര്‍ട്ട്. 

2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച സംസ്ഥാനമായി ഉത്തർപ്രദേശ്. ക്ലിയർട്രിപ്പിന്റെ അൺപാക്ക്ഡ് 2025 റിപ്പോർട്ട് അനുസരിച്ച് ഈ വർഷം യാത്രാ ബുക്കിംഗുകളിൽ 650 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വളർച്ചയിൽ ജെൻസി പ്രധാന ഘടകമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യക്കാരെ സംബന്ധിച്ച് 2025 യാത്രകളുടെ വർഷമാണ്. പ്രകൃതിയെയും ആത്മീയ യാത്രകളെയും ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാക്കിയ ഒരു വർഷമാണ് കടന്നുപോകുന്നത്. ആത്മീയത, പ്രകൃതി എന്നിവയെ ആശ്രയിച്ചുള്ള യാത്രകൾ വർദ്ധിച്ചതോടെ വാരണാസിയിലേക്കും ആൻഡമാൻ ദ്വീപുകളിലേക്കും പോകുന്നവരുടെ എണ്ണത്തിൽ ശരാശരി 20 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. ഉത്തർപ്രദേശ് സന്ദർശിക്കാനുള്ള സഞ്ചാരികളുടെ താൽപര്യം വലിയ രീതിയിൽ വർദ്ധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രയാഗ്‌രാജ്, ബറേലി എന്നിവിടങ്ങളിലെ ഹോട്ടലുകളെ കുറിച്ചുള്ള ആളുകളുടെ തിരയലുകളിൽ വലിയ വർദ്ധനവുണ്ടായി. പ്രയാഗ്‌രാജിലെ ഹോട്ടലുകളെ കുറിച്ചുള്ള തിരയലുകളിൽ 3 മടങ്ങ് വർദ്ധനവ് ഉണ്ടായപ്പോൾ ബറേലിയിലെ ഹോട്ടലുകളെ കുറിച്ചുള്ള തിരയലുകളിൽ 4 മടങ്ങ് വർധനവാണ് ഉണ്ടായത്. കൂടാതെ, സോളോ യാത്രയ്ക്ക് വലിയ പ്രചാരം ലഭിച്ചതായും റിപ്പോർട്ട് പറയുന്നു. ദില്ലിയും ബെംഗളൂരുവുമാണ് ഇക്കാര്യത്തിൽ മുന്നിലെത്തിയത്. ഹിമാചൽ പ്രദേശ്, ജയ്പൂർ, ആഗ്ര, കൂർഗ്, ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളാണ് സോളോ യാത്രക്കാർ കൂടുതലായി തിരഞ്ഞെടുത്തത്.

പ്രയാഗ്‌രാജിലും ബറേലിയിലും സന്ദർശിക്കേണ്ട സ്ഥലങ്ങൾ

മുമ്പ് അലഹബാദ് എന്നറിയപ്പെട്ടിരുന്ന പ്രയാഗ്‌രാജ്, ഉത്തർപ്രദേശിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലകളിൽ ഒന്നാണ്. അതിശയിപ്പിക്കുന്ന സ്മാരകങ്ങൾ, വർണ്ണാഭമായ മാർക്കറ്റുകൾ, പ്രശസ്തമായ മ്യൂസിയങ്ങൾ, നഗരത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെ കാണേണ്ട നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. അലഹബാദ് ഫോർട്ട്, ഖുസ്രോ ബാഗ്, ചന്ദ്രശേഖർ ആസാദ് പാർക്ക്, അലഹബാദ് മ്യൂസിയം, ത്രിവേണി സംഗമം, ഓൾ സെയിൻ്റ്സ് കത്തീഡ്രൽ, സ്വരാജ് ഭവൻ, ജവഹർ പ്ലാനറ്റോറിയം, അക്ഷയാവത്, ആനന്ദഭവൻ, സരസ്വതി ഘട്ട്, സുമിത്രാനന്ദൻ പന്ത് പാർക്ക് എന്നിവ പ്രയാ​ഗ്‌രാജിൽ ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലങ്ങളാണ്.

സാംസ്കാരികമായി സമ്പന്നമായ ഒരു നഗരമാണ് ബറേലി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണിത്. 1657ൽ മുക്രന്ദ് റായ് ആണ് ഈ നഗരം സ്ഥാപിച്ചത്. ചരിത്രപരമായി പ്രാധാന്യമുള്ള ഒരു സ്ഥലമെന്നതിലുപരി, ബറേലി, സുർമ, നാഥ് നാഗ്രി, അല ഹസ്രത്ത് തുടങ്ങിയ മതപരമായ സ്ഥലങ്ങൾക്കും പ്രശസ്തമാണ്.